ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തെ തുടര്‍ന്ന് ആഗോള കത്തോലിക്ക സഭയ്ക്ക് പുതിയ പരമാധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള പേപ്പല്‍ കോണ്‍ക്ലേവിന് മെയ് ഏഴിന് തുടക്കമാകും. ചിലപ്പോള്‍ അന്നുതന്നെ പുതിയ മാര്‍പാപ്പയുടെ പ്രഖ്യാപനമുണ്ടായേക്കാം. അല്ലെങ്കില്‍ ദിവസങ്ങളോ, ആഴ്ചകളോ, മാസങ്ങളോ നീളാം. മാനുഷിക പരിമിധികള്‍ക്കുമേല്‍ പരിശുദ്ധാരൂപിയുടെ ഇടപെടലാണ് നിര്‍ണായകം.
രണ്ട് സഹസ്രാബ്ദങ്ങളായി വലിയ മാറ്റങ്ങള്‍ക്ക് വിധേയമായി ഇന്നും സജീവമായി നിലനില്‍ക്കുന്ന ഒരു തിരഞ്ഞെടുപ്പ് പ്രക്രിയയായ പേപ്പല്‍ കോണ്‍ക്ലേവും അതില്‍ വിവിധ കാലങ്ങളില്‍ ഉണ്ടായ നിയമങ്ങളുമാണ് ഇവിടെ പ്രതിപാദിക്കുന്നത്.
എ.ഡി. 1274 ല്‍ ഗ്രിഗറി പത്താമന്‍ മാര്‍പാപ്പ രണ്ടാം ലിയോണ്‍സ് കൗണ്‍സിലില്‍ കര്‍ദിനാള്‍മാര്‍ ഒരുമിച്ചു കൂടി തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ പുറത്തു പോകാതെ അടച്ചിട്ട സ്ഥലത്ത് ആയിരിക്കണമെന്ന് നിയമം ഉണ്ടാക്കുന്നതോടെയാണ് മാര്‍പാപ്പയുടെ തിരഞ്ഞെടുപ്പിന് പേപ്പല്‍ കോണ്‍ക്ലേവ് എന്ന നാമം ലഭിക്കുന്നത്.
'കും ക്ലാവേ' (With a key) എന്ന പ്രയോഗത്തില്‍ നിന്നുമാണ് പിന്നീട് 'കോണ്‍ക്ലേവ്' എന്ന വാക്കിന്റെ ഉത്ഭവം. വത്തിക്കാന്‍ കൊട്ടാരത്തിനുള്ളിലെ സിസ്‌റ്റെയ്ന്‍ ചാപ്പലില്‍ വച്ചാണ് മാര്‍പാപ്പയുടെ തിരഞ്ഞെടുപ്പ് നടക്കുന്നത്.
വിവിധ കാലങ്ങളില്‍ പരിഷ്‌കരിക്കപ്പെട്ട നിയമങ്ങള്‍
മാര്‍പാപ്പമാരുടെ തിരഞ്ഞെടുപ്പ് ചരിത്രം നമ്മോട് പറയുന്നത് കാലാനുസൃത മാറ്റങ്ങള്‍ക്ക് വിധേയമായി നടത്തിയ വിവിധ നിയമ നിര്‍മാണങ്ങളെക്കുറിച്ചാണ്. ഗ്രിഗറി പതിനഞ്ചാമന്‍ മാര്‍പാപ്പ എ.ഡി. 1621 ല്‍ മാര്‍പാപ്പയെ തിരഞ്ഞെടുക്കാന്‍ യോഗ്യതയുള്ള കര്‍ദിനാള്‍മാരുടെ മൂന്നില്‍ രണ്ട് വോട്ട് ലഭിക്കണമെന്ന നിയമം കൊണ്ടു വന്നു. ഇത് രഹസ്യ ബാലറ്റിലൂടെ നടത്തണമെന്ന നിയമവും ഈ അവസരത്തില്‍ നിലവില്‍ വന്നു.
1899 വരെ മിക്കപ്പോഴും കര്‍ദിനാള്‍ സംഘത്തില്‍ പ്രഭുക്കന്മാരും വൈദികരല്ലാത്ത സന്യാസികളും ഉള്‍പ്പെട്ടിരുന്നു. 1917-ലെ കാനന്‍ നിയമത്തില്‍ എല്ലാ കര്‍ദിനാള്‍മാരും വൈദികരായിരിക്കണമെന്ന് നിഷ്‌കര്‍ഷിച്ചു. 1962 മുതല്‍ ഇവരെല്ലാം തന്നെ ബിഷപ്പുമാരായിരുന്നു. ഇതോടൊപ്പം വിശുദ്ധ പോള്‍ ആറാമന്‍ മാര്‍പാപ്പ എണ്‍പത് വയസ് പൂര്‍ത്തിയായ കര്‍ദിനാള്‍മാര്‍ക്ക് മാര്‍പാപ്പ തിരെഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സാധിക്കില്ല എന്ന നിയമം കൊണ്ടു വന്നു.
സിക്റ്റസ് ആറാമന്‍ മാര്‍പാപ്പയാണ് 1587 ല്‍ കര്‍ദിനാള്‍മാരുടെ എണ്ണം എഴുപതായി നിജപ്പെടുത്തിയത്. പിന്നീട് ഈ നിയമത്തില്‍ പല മാറ്റങ്ങളും വന്നു. കര്‍ദിനാള്‍മാരുടെ സംഖ്യ 120 ആയി പോള്‍ ആറാമന്‍ മാര്‍പാപ്പ ഉയര്‍ത്തി. പിന്നീട് അദേഹത്തിന്റെ പിന്‍ഗാമികള്‍ കര്‍ദിനാള്‍മാരുടെ എണ്ണത്തില്‍ കാലാനുസൃതമായ വ്യത്യാസങ്ങള്‍ വരുത്തി.
വളരെ അപരിചിതം എന്ന് ഇന്ന് തോന്നാവുന്ന പല നിയമങ്ങളും മാര്‍പാപ്പാമാരുടെ തിരഞ്ഞെടുപ്പിന് പഴയ കാലങ്ങളില്‍ നിലനിന്നിരുന്നു. അതിലൊന്നായിരുന്നു 769 ല്‍ സ്റ്റീഫന്‍ മൂന്നാമന്‍ മാര്‍പാപ്പ ഒരു സിനഡില്‍ പാസാക്കിയ നിയമം. പുരോഹിതനോ, ഡീക്കനോ ആയ കര്‍ദിനാളിനെ മാത്രമേ മാര്‍പാപ്പയായി തിരഞ്ഞെടുക്കാവൂ എന്നതായിരുന്നു അത്.
ബിഷപ്പുമാര്‍ ജീവിത കാലം മുഴുവന്‍ ഒരു രൂപതയുടെ അധ്യക്ഷനായിരിക്കണം എന്ന മറ്റൊരു പാരമ്പര്യത്തോട് ചേര്‍ന്ന് പോകുന്ന നിയമം നിലവിലുണ്ടായിരുന്നതിനാല്‍ റോമന്‍ രൂപതയുടെ ബിഷപ്പായി വരുന്നത് മറ്റൊരു രൂപതയുടെ ബിഷപ്പായിരിക്കരുത് എന്നതായിരുന്നു ഈ നിയമ നിര്‍മ്മാണത്തിന്റെ പിന്നിലുണ്ടായിരുന്നത്.
ഇക്കാരണത്താല്‍ കുറെ കാലത്തേയ്ക്ക് മാര്‍പാപ്പ ആയവര്‍ എല്ലാം തന്നെ ഡീക്കന്മാര്‍ ആയിരുന്നു. എന്നാല്‍ വളരെ വിരളമായി ഇക്കാലത്ത് ബിഷപ്പുമാര്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
1378 ല്‍ മാര്‍പാപ്പ ആയ ഉര്‍ബന്‍ ആറാമന്‍ മാര്‍പാപ്പയാണ് കര്‍ദിനാള്‍ സംഘത്തിന് പുറത്തു നിന്നും തിരഞ്ഞെടുക്കപ്പെട്ട അവസാനത്തെ മാര്‍പാപ്പ. 1513 ല്‍ മാര്‍പാപ്പ ആയ ലിയോ പത്താമനാണ് അവസാനമായി ഈ സ്ഥാനത്തേയ്ക്ക് വരുന്ന ഡീക്കന്‍ മാത്രമായിരുന്ന കര്‍ദിനാള്‍. അദേഹത്തിന്റെ പിന്‍ഗാമി അഡ്രിയന്‍ ആറാമന്‍ കോണ്‍ക്ലേവില്‍ സംബന്ധിക്കാതെ തിരഞ്ഞെടുക്കപ്പെട്ട അവസാനത്തെ മാര്‍പ്പാപ്പയുമായി.
1945 ല്‍ പിയൂസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പ നിയമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുകയും മാര്‍പാപ്പ ആകുന്നതിന് മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തിനൊപ്പം ഒരു വോട്ട് കൂടി വേണമെന്ന് നിഷ്‌കര്‍ഷിക്കുകയും ചെയ്തു. 1996 ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മുന്നില്‍ രണ്ടു ഭൂരിപക്ഷം വേണമെന്ന നിയമത്തില്‍ വീണ്ടും ചെറിയ ഭേദഗതികള്‍ വരുത്തി.
മുപ്പത്തിമൂന്ന്-മുപ്പത്തിനാല് ബാലറ്റിന് ശേഷവും പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിന് സാധിക്കാതെ വരുന്ന അവസ്ഥയില്‍ വ്യക്തമായ ഭൂരിപക്ഷമുള്ള ആളിനെ മാര്‍പാപ്പ ആക്കാം എന്ന നിയമം വന്നു. എന്നാല്‍ 2007ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ മുന്നില്‍ രണ്ടു ഭൂരിപക്ഷം എന്ന നിയമം വീണ്ടും പുനസ്ഥാപിച്ചു.
ഇന്നത്തെ മാര്‍പാപ്പ തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനമായിരിക്കുന്നത് 1996 ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വിളംബരം ചെയ്ത 'ഊണിവേര്‍സി ദോമിനിച്ചി ഗ്രേജിസ്' എന്ന അപ്പസ്‌തോലിക രേഖയാണ്. ഇതില്‍ ചെറിയ ചില മാറ്റങ്ങള്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ വരുത്തിയിട്ടുണ്ട്.
ഇതനുസരിച്ച് മാര്‍പാപ്പ തിരഞ്ഞെടുപ്പിനുള്ള കോണ്‍ക്ലേവ് കാലയളവില്‍ വത്തിക്കാന്‍ നഗരത്തിനുള്ളിലുള്ള സാന്താ മാര്‍ത്ത ഭനത്തില്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ കര്‍ദിനാള്‍മാര്‍ താമസിക്കണമെന്നതാണ്. എന്നാല്‍ വോട്ടെടുപ്പ് നടക്കുന്നത് സിസ്റ്റെയ്ന്‍ ചാപ്പലില്‍ ആയിരിക്കും.
മാര്‍പാപ്പ തിരഞ്ഞെടുപ്പ് നടത്തിപ്പില്‍ കര്‍ദിനാള്‍മാരുടെ ഡീനിന് നിര്‍ണയായകമായ സ്ഥാനമാണുള്ളത്. അദേഹത്തിന് എണ്‍പത് വയസ് പൂര്‍ത്തിയായി കോണ്‍ക്ലേവില്‍ സംബന്ധിക്കാന്‍ സാധിക്കില്ലെങ്കില്‍ വൈസ് ഡീന്‍ ചുമതലകള്‍ നിര്‍വ്വഹിക്കും. അദേഹത്തിനും സമാന അവസ്ഥ ഉണ്ടാകുമ്പോള്‍ കോണ്‍ക്ലേവില്‍ സംബന്ധിക്കുന്ന കര്‍ദിനാള്‍മാരില്‍ ഏറ്റവും സീനിയറായ വ്യക്തിക്കായിരിക്കും ഈ ചുമതലകള്‍.
ഇപ്പോള്‍ കര്‍ദിനാള്‍ സംഘത്തിന്റെ ഡീനായിരിക്കുന്ന ഇറ്റാലിയന്‍ കര്‍ദിനാള്‍ ജൊവാന്നി ബാറ്റിസ്റ്റ റേയും, വൈസ് ഡീനായിരിക്കുന്ന അര്‍ജന്റീനയില്‍ നിന്നുള്ള കര്‍ദിനാള്‍ ലിയനാര്‍ഡോ സാന്ദ്രിയും എണ്‍പത് വയസ്് കഴിഞ്ഞവരായതിനാല്‍ കര്‍ദിനാള്‍മാരില്‍ ഏറ്റവും സീനിയറായ ഇപ്പോഴത്തെ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കൂടിയായ കര്‍ദിനാള്‍ പിയെത്രോ പരോളിനാണ് കോണ്‍ക്ലേവില്‍ അധ്യക്ഷത വഹിക്കുന്നത്.
തിരഞ്ഞെടുപ്പ് രീതികള്‍
മാര്‍പാപ്പമാരെ തിരഞ്ഞെടുക്കുന്നതിന് കാലാകാലങ്ങളില്‍ പല രീതികള്‍ നിലനിന്നിരുന്നതായി കാണാം. അഭിഗാമ്യത എന്ന മാര്‍ഗം കര്‍ദിനാള്‍മാര്‍ക്ക് തങ്ങളുടെ അവസാനത്തെ വോട്ട് മൂന്നില്‍ രണ്ടു ഭൂരിപക്ഷം കിട്ടുന്നതിന് വേണ്ടി ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയ ആളിന് വേണ്ടി മാറ്റി കൊടുക്കുന്നതായിരുന്നു.
പൊതുവായി എല്ലാവരും 'പരിശുദ്ധാത്മാവില്‍ പ്രേരിതരായി' ഒരു സ്ഥാനാര്‍ഥിയെ കൈയ്യടിച്ചു അംഗീകരിക്കുന്ന രീതിയും നിലവിലുണ്ടായിരുന്നു. ഇത് ഒരു ബാലറ്റിലൂടെ അല്ലാതെ സംഭവിക്കുന്നതിനെ 'ആരാധന' എന്നും പറഞ്ഞിരുന്നു.
അനുരജ്ഞനത്തിലൂടെയുള്ള തിരഞ്ഞെടുപ്പ് നടന്നിരുന്നത് ഒരു സ്ഥാനാര്‍ഥിയെയും സാധാരണ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കാന്‍ പറ്റാത്ത അവസ്ഥ സംജാതമാകുമ്പോള്‍ കര്‍ദിനാള്‍മാര്‍ ഏകകണ്ഠമായി ഒരു കമ്മറ്റിയെ തിരഞ്ഞെടുക്കുകയും അവരുടെ തീരുമാനം അംഗീകരിക്കുകയും ചെയ്യുന്ന രീതി ആയിരുന്നു.
അനുരജ്ഞനത്തിലൂടെയുള്ള അവസാന തിരഞ്ഞെടുപ്പ് 1316 ല്‍ നടന്ന ജോണ്‍ ഇരുപത്തിരണ്ടാമന്‍ മാര്‍പാപ്പയുടേത് ആയിരുന്നു. പൊതുസമ്മതത്തോടെ കൈയ്യടിച്ചു പാസാക്കിയ അവസാന തിരഞ്ഞെടുപ്പ് 1676 ല്‍ നടന്ന ഇന്നസെന്റ് പതിനൊന്നാമന്‍ മാര്‍പാപ്പയുടേതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.