ടെല്‍ അവീവ്: ഗാസ മുനമ്പ് പൂര്‍ണമായും പിടിച്ചെടുക്കാനും നിശ്ചിത സമയത്തേക്ക് അവിടെ തുടരാനുമുള്ള പദ്ധതിക്ക് അംഗീകാരം നല്‍കി ഇസ്രയേല്‍. പദ്ധതി അതേപടി നടപ്പിലാക്കിയാല്‍ പലസ്തീന്‍ പ്രദേശത്ത് ഇസ്രായേലിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെയധികം വികസിപ്പിക്കാന്‍ കഴിയുമെന്നാണ് ഇസ്രയേല്‍ സുരക്ഷാ മന്ത്രിസഭയുടെ വിലയിരുത്തല്‍. അസോസിയേറ്റഡ് പ്രസാണ് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഗുരുതരമായ മാനുഷിക പ്രതിസന്ധി നേരിടുന്ന മേഖലയിലെ സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാക്കാന്‍ ഇത് കാരണമായേക്കും. പതിനായിരക്കണക്കിന് റിസര്‍വ് സൈനികരെ സൈന്യം വിളിക്കുന്നതായി ഇസ്രയേല്‍ സൈനിക മേധാവി നേരത്തെ അറിയിച്ചിരുന്നു. ഇതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് നിര്‍ണായകമായ നീക്കം ഉണ്ടായത്. തിങ്കളാഴ്ച വോട്ടെടുപ്പിലൂടെയാണ് തീരുമാനത്തിന് അംഗീകാരം നല്‍കിയത്.
ബന്ദികളെ മോചിപ്പിക്കുന്നതിനും ഇസ്രയേലിന്റെ നിബന്ധനകളില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ച ചെയ്യുന്നതിനും ഹമാസിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഇതിനെ കണക്കാക്കുന്നത്. ഹമാസിനെ പരാജയപ്പെടുത്തുക എന്ന യുദ്ധ ലക്ഷ്യം നേടിയെടുക്കാന്‍ ഇസ്രയേലിനെ സഹായിക്കുക എന്നതാണ് പുതിയ പദ്ധതിയുടെ ഉദ്ദേശമെന്ന് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
മാര്‍ച്ച് പകുതിയോടെ ഇസ്രയേലും ഹമാസും തമ്മിലുള്ള യു.എസ് മധ്യസ്ഥതയിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഇല്ലാതായതിന് ശേഷം ഇസ്രയേലി പ്രതിരോധ സേന പാലസ്തീന്‍ പ്രദേശത്ത് ശക്തമായ തിരിച്ചടിയാണ് നല്‍കുന്നത്. ഇതില്‍ നൂറുകണക്കിന് പേര്‍ കൊല്ലപ്പെടുകയും വലിയൊരു പ്രദേശം സൈന്യം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
നിലവിലെ കണക്കുകള്‍ പ്രകാരം ഗാസയുടെ ഏതാണ്ട് പകുതിയോളം ഭാഗം ഇസ്രയേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിന് കീഴിലാണ്. ഗാസ മുനമ്പ് പൂര്‍ണമായും പിടിച്ചെടുക്കുക, അവിടുത്തെ പ്രദേശങ്ങളില്‍ തുടരുക എന്നതാണ് പുതിയ നയത്തില്‍ പറയുന്നത്. ഇതുവഴി ഹമാസ് ഗ്രൂപ്പ് മാനുഷിക സഹായം വിതരണം ചെയ്യുന്നത് തടയാനും ശ്രമിക്കും. ഗാസയില്‍ ഹമാസിന്റെ ഭരണം ശക്തിപ്പെടുത്തുന്നതായാണ് ഇസ്രയേല്‍ പറയുന്നത്. മാത്രമല്ല ഹമാസ് തങ്ങളുടെ ആവശ്യങ്ങള്‍ക്കായി ഇത്തരം മാനുഷിക സഹായങ്ങള്‍ പ്രയോജനപ്പെടുത്തുന്നതായും ഇസ്രയേല്‍ ആരോപിച്ചു.
അതേസമയം അടുത്തയാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ മേഖല സന്ദര്‍ശിക്കുന്നതിന് മുമ്പ് പദ്ധതി നടപ്പിലാക്കില്ലെന്നാണ് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എങ്കിലും ട്രംപ് ഈ വിഷയത്തില്‍ ഇടപെടുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. മാത്രമല്ല നിലവില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ എല്ലാം തന്നെ നിലച്ച മട്ടാണ്. ഇത് പുനരുജ്ജീവിപ്പിക്കുമോ ട്രംപിന്റെ സന്ദര്‍ശനം എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.