വത്തിക്കാൻ സിറ്റി: വിശുദ്ധ പത്രോസിന്റെ 267ാമത് പിൻഗാമിയെ ഇന്ന് തിരഞ്ഞെടുക്കാനാകുമെന്ന പ്രതീക്ഷയിൽ ആഗോള കത്തോലിക്ക സമൂഹം. കോൺക്ലേവിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. രാവിലെയും ഉച്ചയ്ക്കുമായി മൂന്ന് റൗണ്ട് വീതം വോട്ടെടുപ്പാണ് നടക്കുക.
രാവിലെ 7.45ന് സാന്താ മാർത്തയിൽ നിന്ന് അപ്പസ്തോലിക കൊട്ടാരത്തിലേക്ക് യാത്രയായ കർദിനാൾമാർ വിശുദ്ധ പൗലോസിന്റെ ചാപ്പലിൽ രാവിലെ 8.15-ന് പ്രഭാത പ്രാർത്ഥനയും വിശുദ്ധ ബലിയർപ്പണവും നടത്തി. തുടർന്ന് സിസ്റ്റൈൻ ചാപ്പലിൽ രണ്ടാം യാമപ്രാർത്ഥന നടത്തിയ ശേഷം വോട്ടെടുപ്പ് നടക്കും. ഉച്ചയോടെ ആദ്യഘട്ട വോട്ടെടുപ്പിന്റെ ഫലം വ്യക്തമാക്കുന്ന പുകയുയരും.
ഈ വോട്ടെടുപ്പുകളിലും ഒരാളെ തിരഞ്ഞെടുക്കാനായില്ലെങ്കിൽ 12.30 ന് ഉച്ചഭക്ഷണത്തിനായി കർദിനാൾമാർ തിരികെ സാന്താ മർത്തയിലേക്ക് പോകും. നാലും അഞ്ചും പ്രാവശ്യത്തെ വോട്ടെടുപ്പുകൾക്കായി വ്യാഴാഴ്ച വൈകുന്നേരം 3.45 നായിരിക്കും കർദിനാൾമാർ വീണ്ടും അപ്പസ്തോലിക കൊട്ടാരത്തിലേക്കെത്തുക.
ഉച്ചകഴിഞ്ഞുള്ള പ്രഥമ വോട്ടെടുപ്പ് വൈകുന്നേരം 4.30നായിരിക്കും. വോട്ടെടുപ്പിന്റെ ഫലമനുസരിച്ച് വൈകുന്നേരം 5.30നും ഏഴിനും വോട്ടിന്റെ ഫലം വ്യക്തമാക്കുന്ന പുകയുയരും. തുടർന്ന് സായാഹ്ന പ്രാർത്ഥനകൾ നടക്കും. 7. 30ന് കർദിനാൾമാർ തിരികെ സാന്താ മാർത്തയിലേക്ക് പോകും.
വ്യാഴാഴ്ച രാവിലെയും ഉച്ചകഴിഞ്ഞും നടക്കുന്ന ആദ്യ വോട്ടെടുപ്പുകളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ഒരാളെ തിരഞ്ഞെടുക്കാൻ സാധിച്ചില്ലെങ്കിൽ രണ്ടാമത്തെ വോട്ടെടുപ്പുകൾക്ക് ശേഷമായിരിക്കും പുകയുയരുകയെന്ന് വത്തിക്കാന്റെ പ്രെസ് ഓഫീസ് മേധാവി മാറ്റിയോ ബ്രൂണി അറിയിച്ചു.
ഇന്നും മാർപാപ്പയെ തിരഞ്ഞെടുക്കാനായില്ലെങ്കിൽ നാളെയും മൂന്ന് ഘട്ട വേട്ടെടുപ്പുകൾ നടക്കും. അതിലും തീരുമാനം ആയില്ലെങ്കിൽ കർദിനാൾമാർ ശനിയാഴ്ച ഒരു ദിവസം പ്രാർത്ഥനയിൽ മുഴുകും. വീണ്ടും തിങ്കഴാഴ്ച വോട്ടെടുപ്പ് ആരംഭിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.