പാകിസ്ഥാന്‍ ലക്ഷ്യമിട്ടത് സൈനിക താവളങ്ങളടക്കം 36 കേന്ദ്രങ്ങള്‍; ഉപയോഗിച്ചത് അഞ്ഞൂറോളം ഡ്രോണുകള്‍

പാകിസ്ഥാന്‍ ലക്ഷ്യമിട്ടത് സൈനിക താവളങ്ങളടക്കം 36 കേന്ദ്രങ്ങള്‍; ഉപയോഗിച്ചത് അഞ്ഞൂറോളം ഡ്രോണുകള്‍

ന്യൂഡല്‍ഹി: വ്യാഴാഴ്ച രാത്രി പാകിസ്ഥാന്‍ ലക്ഷ്യമിട്ടത് ഇന്ത്യയിലെ സൈനിക താവളങ്ങളടക്കം 36 കേന്ദ്രങ്ങളായിരുന്നുവെന്ന് ഇന്ത്യന്‍ സൈന്യം. വ്യാഴാഴ്ച രാത്രി എട്ടിനും 11.30 നും ഇടയില്‍ അഞ്ഞൂറോളം ഡ്രോണുകളാണ് പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് തൊടുത്തത്.

ജമ്മു കാശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ 36 ഇടങ്ങളായിരുന്നു ശത്രു രാജ്യത്തിന്റെ ലക്ഷ്യമെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.

കരസേനയും വ്യോമസേനയും ചേര്‍ന്ന് ഈ 500 ഡ്രോണുകളെയും തകര്‍ക്കുകയായിരുന്നു. എന്നാല്‍ ഈ ഡ്രോണുകള്‍ ആയുധങ്ങള്‍ ഘടിപ്പിച്ചവയായിരുന്നില്ല എന്നും രാജ്യത്ത് ഭീതി പരത്തുക എന്നത് മാത്രമായിരുന്നിരിക്കാം പാകിസ്ഥാന്‍ ലക്ഷ്യം വെച്ചതെന്നും സൈനിക വൃത്തങ്ങള്‍ പറഞ്ഞു.

സാധാരണക്കാരെ ഭീതിയിലാഴ്ത്തുക എന്നതിനൊപ്പം ഇന്ത്യയിലെ സൈനിക നീക്കങ്ങളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുക എന്നതുകൂടി പാക് സൈന്യം ഡ്രോണുകളിലൂടെ ലക്ഷ്യം വെച്ചിരിക്കാം എന്നും സൈനിക ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പടിഞ്ഞാറന്‍ അതിര്‍ത്തിയിലുടനീളം ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് പാക് സൈന്യം പല തവണ ആക്രമണം നടത്തിയതായി വിദേശ കാര്യ മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പഞ്ചാബിലെ ഭട്ടിന്‍ഡ സൈനിക കേന്ദ്രവും ലക്ഷ്യമിട്ടു. നിയന്ത്രണ രേഖയിലും ആക്രമണമുണ്ടായി.

പാകിസ്ഥാന്റെ ആക്രമണത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. ജമ്മു കാശ്മീരിലെ പൂഞ്ചിലുള്ള ക്രൈസ്റ്റ് സ്‌കൂളിലിനു സമീപം പാക്കിസ്ഥാന്‍ സൈന്യം നടത്തിയ ഷെല്‍ ആക്രമണത്തിലാണ് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടത്. രക്ഷിതാക്കള്‍ക്കും പരുക്കുണ്ട്. സ്‌കൂള്‍ അടച്ചിട്ടിരുന്നതിനാലാണ് വലിയ അപകടം ഉണ്ടാകാതിരുന്നതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

യാത്രാ വിമാനങ്ങളെ കവചമാക്കിയായിരുന്നു പാകിസ്ഥാന്റെ ആക്രമണം. ഇന്ത്യയുടെ തിരിച്ചടിയില്‍ പാക് സൈന്യത്തിന് കനത്ത നാശനഷ്ടമുണ്ടായി. കര്‍താര്‍പുര്‍ ഇടനാഴി വഴിയുള്ള സേവനങ്ങള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണെന്ന് വിക്രം മിസ്രി അറിയിച്ചു.

വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കൊപ്പം കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.