പാക് വ്യോമതാവളങ്ങള്‍ ആക്രമിച്ച് ഇന്ത്യ, വന്‍ നാശനഷ്ടം; വ്യോമാതിര്‍ത്തി പൂര്‍ണമായും അടച്ച് പാകിസ്ഥാന്‍

പാക് വ്യോമതാവളങ്ങള്‍ ആക്രമിച്ച് ഇന്ത്യ, വന്‍ നാശനഷ്ടം; വ്യോമാതിര്‍ത്തി പൂര്‍ണമായും അടച്ച് പാകിസ്ഥാന്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ മിസൈല്‍ ആക്രമണത്തില്‍ പാകിസ്ഥാനിലെ മൂന്ന് പ്രധാന വ്യോമതാവളങ്ങള്‍ക്ക് വന്‍ നാശനഷ്ടം. പാകിസ്ഥാന്റെ വ്യോമ പ്രതിരോധത്തിന്റെ നട്ടെല്ലായ നൂര്‍ ഖാന്‍ എയര്‍ബേസ്, മുരിദ് എയര്‍ബേസ്, ഷോര്‍കോട്ട് എയര്‍ബേസ് എന്നിവയാണ് ഇന്ത്യ ലക്ഷ്യമിട്ടത്.

ഇന്ത്യന്‍ മിസൈല്‍ ആക്രമണത്തിന് ഇരയായ പാകിസ്ഥാന്‍ വ്യോമതാവളങ്ങളില്‍ നിരവധി സ്‌ഫോടനങ്ങള്‍ ഉണ്ടായി. പാകിസ്ഥാന്റെ സൈനിക ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഇടത്ത് നിന്ന് ഏകദേശം 10 കിലോമീറ്റര്‍ അകലെയുള്ള റാവല്‍പിണ്ടിയിലെ നൂര്‍ ഖാന്‍ വ്യോമതാവളമായിരുന്നു പ്രധാന ലക്ഷ്യങ്ങളിലൊന്ന്.

ആക്രമണത്തെത്തുടര്‍ന്ന് 2025 മെയ് 10 ന് പ്രാദേശിക സമയം പുലര്‍ച്ചെ 3:15 മുതല്‍ ഉച്ചയ്ക്ക് 12:00 വരെ വ്യോമാതിര്‍ത്തി പൂര്‍ണമായും അടച്ചിടുമെന്ന് പാകിസ്ഥാന്‍ പ്രഖ്യാപിച്ചു. ലുഫ്താന്‍സ, എയര്‍ ഫ്രാന്‍സ് തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി ഒഴിവാക്കി അവരുടെ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഫ്‌ളൈറ്റ് ട്രാക്കിങ് ഡാറ്റ കാണിക്കുന്നത് പാകിസ്ഥാനിലൂടെയുള്ള വ്യോമ ഗതാഗതം ഏതാണ്ട് പൂര്‍ണമായും നിര്‍ത്തിവച്ചിരിക്കുന്നു എന്നാണ്. നിലവില്‍ വിരലിലെണ്ണാവുന്ന വിമാനങ്ങള്‍ മാത്രമേ ദൃശ്യമാകുന്നുള്ളൂ.

മെയ് ഏഴ് മുതല്‍ പാകിസ്ഥാന്‍ തുടര്‍ച്ചയായി നടത്തുന്ന വ്യോമാക്രമണത്തിന് ശേഷമാണ് ഇന്ത്യയുടെ കനത്ത തിരിച്ചടി. നേരത്തെ, ലാഹോര്‍ വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യ നിര്‍വീര്യമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.