ഓര്‍ത്തഡോക്‌സ് സഭ ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തി

ഓര്‍ത്തഡോക്‌സ് സഭ ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തി

കൊച്ചി: സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ചൂടുപിടിക്കുമ്പോൾ നിര്‍ണായക നീക്കവുമായി ഓര്‍ത്തഡോക്‌സ് സഭ. കൊച്ചിയിലെ ആര്‍എസ്എസ് കാര്യാലയത്തില്‍ ആര്‍എസ്എസ് നേതാക്കളെ കണ്ട് ഓര്‍ത്തഡോക്‌സ് സഭ ബിഷപ്പുമാര്‍ ചര്‍ച്ച നടത്തി.

അഹമ്മദാബാദ് ഭദ്രാസനത്തിന്റെ ചുമതലയുള്ള ഗീവര്‍ഗീസ് മാര്‍ യൂലിയോസും കൊച്ചി ഭദ്രാസനത്തിന്റെ ചുമതലയുള്ള ബിഷപ്പുമാണ് ചര്‍ച്ചയ്‌ക്കെത്തിയത്. ആര്‍.എസ്.എസിന്റെ സഹസര്‍ കാര്യവാഹക് മന്‍മോഹന്‍ വൈദ്യയുമായാണ് കൂടിക്കാഴ്ച നടത്തിയത്. കേരളത്തിലെ രാഷ്ട്രീയം, പള്ളി തര്‍ക്കം തുടങ്ങിയ വിഷയങ്ങള്‍ സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളി തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതില്‍ സര്‍ക്കാരിന്റെ നിലപാട് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയായെന്നാണ് റിപ്പോര്‍ട്ടുകള്‍. സഭയും ആര്‍എസ്‌എസുമായി ഇപ്പോള്‍ നല്ല ബന്ധമാണുള‌ളതെന്നും ആ ബന്ധം മെച്ചപ്പെടുത്താനാണ് ഇപ്പോള്‍ മന്‍മോഹന്‍ വൈദ്യയെ കണ്ടതെന്നുമാണ് ബിഷപ്പുമാര്‍ അഭിപ്രായപ്പെട്ടത്. ചര്‍ച്ചകള്‍ക്കായി ഇരുവിഭാഗവും ഒരുപോലെ മുന്‍കൈയെടുത്തു.കേന്ദ്ര സര്‍ക്കാരുമായി സഭയ്‌ക്ക് ഇപ്പോള്‍ മെച്ചപ്പെട്ട ബന്ധമാണുള‌ളത്. പ്രധാനമന്ത്രി ഉള്‍പ്പടെ പള‌ളിതര്‍ക്കത്തില്‍ നേരിട്ടിടപെട്ട സാഹചര്യത്തിലാണ് ആര്‍എസ് എസുമായി ബന്ധം മെച്ചപ്പെടുത്താന്‍ സഭ തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം കെ.സുരേന്ദ്രന്‍ കേരള വിജയയാത്രയുടെ ഭാഗമായി വിവിധ സഭാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിയസഭാ തെരഞ്ഞെടുപ്പിന്റെ തീയ്യതി പ്രഖ്യാപിച്ചതിന് പിന്നാലെ ഓര്‍ത്തഡോക്‌സ് ബിഷപ്പുമാര്‍ ആര്‍.എസ്.എസ് കാര്യാലയത്തിലെത്തിയത് വരും ദിവസങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഓര്‍ത്തഡോക്‌സ് സഭ വലിയ പിന്തുണയാണ് നല്‍കിയത്. എന്നാല്‍ പള്ളി തര്‍ക്ക വിഷയത്തില്‍ സര്‍ക്കാരില്‍ നിന്ന് അനുകൂല പ്രതികരണം സഭയ്‌ക്കുണ്ടായില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.