ന്യൂയോര്‍ക്ക്: ഹാര്‍വാഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ഥികളുടെ പ്രവേശനത്തിന് വിലക്കേര്‍പ്പെടുത്തി ട്രംപ് ഭരണകൂടം. ട്രംപിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്ത സാഹചര്യത്തിലാണ് കര്‍ശന നടപടി. ഇപ്പോള്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ വേറെ സര്‍വകലാശാലകളിലേക്ക് മാറണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
സര്‍വകലാശാലയിലെ 6800 വിദേശ വിദ്യാര്‍ഥികളെ ഈ നടപടി ബാധിക്കും. നിര്‍ദേശം പാലിച്ചില്ലെങ്കില്‍ അവരുടെ വിദ്യാര്‍ത്ഥി വിസ റദ്ദ് ചെയ്യുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഹാര്‍വാഡ് സര്‍വകലാശാലയിലെ ആകെ വിദ്യാര്‍ഥികളില്‍ 27 ശതമാനവും 140 ഓളം രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. കഴിഞ്ഞ വര്‍ഷം മാത്രം 6700 വിദേശ വിദ്യാര്‍ഥികളാണ് ഹാര്‍വാഡില്‍ പ്രവേശനം നേടിയത്. ഭരണകൂടം ആവശ്യപ്പെട്ട ഹാര്‍വാഡിലെ വിദേശ വിദ്യാര്‍ഥികളുടെ പൂര്‍ണ വിവരങ്ങള്‍ അടുത്ത 72 മണിക്കൂറിനുള്ളില്‍ കൈമാറണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
അതേസമയം നടപടി നിയമാനുസൃതമല്ലെന്നാണ് ഹാര്‍വാഡ് സര്‍വകലാശാലയുടെ പ്രതികരണം. സര്‍വകലാശാലയില്‍ ആഭ്യന്തര സുരക്ഷാ വകുപ്പ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ഇത് ചെയ്യുന്നതെന്ന് ഭരണകൂടം പറയുന്നു. ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോയിം സര്‍വകലാശാലയ്ക്ക് ഇതുസംബന്ധിച്ച് കത്ത് അയച്ചിട്ടുണ്ട്.
വിദേശ വിദ്യാര്‍ഥികള്‍ക്ക് വിലക്ക് വരുന്നതോടെ ഇത് സര്‍വകലാശാലയുടെ വരുമാനത്തെയടക്കം ബാധിക്കും. അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിശദമായ രേഖകള്‍ ഏപ്രില്‍ 30 നകം നല്‍കണമെന്ന് ട്രംപ് ഭരണകൂടം നേരത്തെ സര്‍വകലാശാലയോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഹാര്‍വാഡിന്റെ സ്റ്റുഡന്റ് ആന്‍ഡ് എക്സ്ചേഞ്ച് വിസിറ്റര്‍ പ്രോഗ്രാം ( എസ്.ഇ.വി.പി) സര്‍ട്ടിഫിക്കേഷന്‍ റദ്ദാക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരായ ഹമാസിന്റെ ആക്രമണത്തിന് ശേഷം ക്യാമ്പസില്‍ യഹൂദ വിരുദ്ധതയും പ്രോ-പാലസ്തീന്‍ പ്രക്ഷോഭങ്ങളും വര്‍ധിച്ചെന്ന വ്യക്തമായ സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
എന്നാല്‍ സര്‍ക്കാര്‍ ആവശ്യം അവഗണിച്ച ഹാര്‍വാഡ്, ഈ ആവശ്യങ്ങളെ സ്വാതന്ത്ര്യത്തിനും ഭരണഘടനാപരമായ അവകാശങ്ങള്‍ക്കും എതിരായുള്ള ശ്രമം എന്ന് വിമര്‍ശിച്ചു. സര്‍വകലാശാല പ്രസിഡന്റ് അലന്‍ ഗാര്‍ബര്‍, ഹാര്‍വാഡിന്റെ അക്കാഡമിക് സ്വാതന്ത്ര്യം സംരക്ഷിക്കുമെന്നും ഒപ്പം നിയമപരമായി പാലിക്കേണ്ട കാര്യങ്ങള്‍ പാലിക്കുമെന്നും വ്യക്തമാക്കി. ഇതോടെ ഹാര്‍വാഡിന്റെ സ്റ്റുഡന്റ് ആന്‍ഡ് എക്സ്ചേഞ്ച് വിസിറ്റര്‍ പ്രോഗ്രാം സര്‍ട്ടിഫിക്കേഷന്‍ റദ്ദാക്കുന്നതായി യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം അറിയിക്കുകയും ചെയ്തു.
സര്‍വകലാശാലയുടെ 2.2 ബില്യണ്‍ ഡോളറിന്റെ ഗ്രാന്റുകളും 60 മില്യണ്‍ ഡോളറിന്റെ കരാറുകളും ട്രംപ് ഭരണകൂടം നേരത്തെ മരവിപ്പിച്ചിരുന്നു. ഹാര്‍വാഡിന്റെ ചില പഠനങ്ങള്‍ രാജ്യവിരുദ്ധമാണ് എന്ന് ആരോപിച്ച് 2.7 മില്യണ്‍ ഡോളറിന്റെ രണ്ട് ഡി.എച്ച്.എസ് ഗ്രാന്റുകളും റദ്ദാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.