കേരള തീരത്ത് കപ്പല്‍ ചരിഞ്ഞു: അപകടകരമായ വസ്തുക്കളുമായി കാര്‍ഗോ കടലില്‍ വീണു; തീരത്തടിഞ്ഞാല്‍ അടുത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ്

കേരള തീരത്ത് കപ്പല്‍ ചരിഞ്ഞു: അപകടകരമായ വസ്തുക്കളുമായി കാര്‍ഗോ കടലില്‍ വീണു; തീരത്തടിഞ്ഞാല്‍ അടുത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരള തീരത്തോട് ചേര്‍ന്ന് അറബിക്കടലില്‍ കപ്പലില്‍ നിന്ന് അപകടകരമായ വസ്തുക്കളടങ്ങിയ കാര്‍ഗോ കടലില്‍ വീണു.

ഇത് വളരെ അപകടകരമായ വസ്തുക്കള്‍ ആണെന്നും കാര്‍ഗോ കേരള തീരത്ത് അടിഞ്ഞാല്‍ തൊടരുതെന്നും പൊതുജനങ്ങള്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. കാര്‍ഗോയ്ക്ക് അടുത്തേയ്ക്ക് പോകരുതെന്നും നിര്‍ദേശമുണ്ട്.

മറൈന്‍ ഗ്യാസ് ഓയില്‍, സള്‍ഫര്‍ ഫ്യുവല്‍ ഓയില്‍ എന്നിവ അടക്കമുള്ളവയാണ് കാര്‍ഗോയിലുള്ളതെന്നും ഇത് കത്തിപ്പിടിക്കാന്‍ സാധ്യതയുള്ളതാണെന്നുമാണ് വിവരം.

കേരള തീരത്ത് നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം. അപകടത്തില്‍പ്പെട്ട കപ്പലില്‍ നിന്നാണ് കണ്ടെയ്നറുകള്‍ കടലിലേക്ക് വീണതെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിരിക്കുന്നത്.

വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്ക് പോയ എം.എസ്.സി എല്‍സാ 3 എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കണ്ടെയ്‌നറുകള്‍ വടക്കന്‍ കേരള തീരത്തേക്ക് നീങ്ങാനാണ് സാധ്യതയെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

കോസ്റ്റ് ഗാര്‍ഡ് വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയത്. തീരത്ത് കണ്ടെയ്നറുകള്‍ കണ്ടാല്‍ പൊലീസിനെ അറിയിക്കുകയോ 112 ല്‍ വിളിക്കുകയോ ചെയ്യണം.

തീരത്ത് കര്‍ശന ജാഗ്രത പാലിക്കണമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ആറ് മുതല്‍ എട്ട് കണ്ടെയ്നറുകള്‍ വരെയാണ് കടലില്‍ വീണതെന്നാണ് വിവരമെന്ന് സംസ്ഥാന ദുരന്ത നിവാരണ മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് പറഞ്ഞു.

കപ്പലില്‍ 24 ജീവനക്കാര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇതില്‍ ഒമ്പത് പേരെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവര്‍ക്കായുള്ള രക്ഷാ പ്രവര്‍ത്തനം തുടരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.