എഐസിസി പ്രഖ്യാപനം വന്നു; നിലമ്പൂര്‍ അങ്കത്തിന് ആര്യാടന്‍ ഷൗക്കത്ത്: ഇടഞ്ഞ് പി.വി അന്‍വര്‍

എഐസിസി പ്രഖ്യാപനം വന്നു; നിലമ്പൂര്‍ അങ്കത്തിന് ആര്യാടന്‍ ഷൗക്കത്ത്: ഇടഞ്ഞ് പി.വി അന്‍വര്‍

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്ത് ആണ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി.

മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ് ജോയിയുടെ പേരും പരിഗണിച്ചിരുന്നെങ്കിലും അവസാനം കെപിസിസി നേതൃത്വം ഷൗക്കത്തിന്റെ പേര് മാത്രമാണ് എഐസിസിക്ക് നല്‍കിയത്. ഹൈക്കമാന്‍ഡ് ഇത് അംഗീകരിക്കുകയായിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് ഇതു സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്.

മണ്ഡലത്തില്‍ ഇത് രണ്ടാം തവണയാണ് ഷൗക്കത്ത് ജനവിധി തേടുന്നത്. 2016 ല്‍ പിതാവ് ആര്യാടന്‍ മുഹമ്മദിന്റെ സിറ്റിങ് സീറ്റില്‍ തന്റെ കന്നിയങ്കത്തില്‍ പി.വി അന്‍വറിനോട് മത്സരിച്ച് ഷൗക്കത്ത് പരാജയപ്പെട്ടിരുന്നു.

കുത്തക മണ്ഡലം കൈവിട്ടത് കോണ്‍ഗ്രസ് ക്യാമ്പില്‍ വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. തന്നിലൂടെ നഷ്ടപ്പെട്ട മണ്ഡലം തിരിച്ചു പിടിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വമാണ് കോണ്‍ഗ്രസ് നേതൃത്വം ഷൗക്കത്തിനെ ഏല്‍പ്പിച്ചിരിക്കുന്നത്.

സിറ്റിങ് എംഎല്‍എ പി.വി അന്‍വര്‍ ഇടത് മുന്നണിയുമായി തെറ്റി എംഎല്‍എ സ്ഥാനം രാജി വെച്ചതോടെയാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. പിന്നീട് യുഡിഎഫുമായി അടുത്ത അന്‍വര്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ വച്ച ആദ്യ ആവശ്യം ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കരുതെന്നും വി.എസ് ജോയിയെ മത്സരിപ്പിക്കണമെന്നുമായിരുന്നു.

അതേസമയം അന്‍വറിന്റെ ആവശ്യത്തിന് വഴങ്ങാതെയാണ് ആര്യാടന്‍ ഷൗക്കത്തിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് സംസ്ഥാന നേതാക്കള്‍ വി.എസ് ജോയിയുമായി സംസാരിച്ചു. പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ജോയ് ഉറപ്പ് നല്‍കി.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പിന്തുണ ജോയിക്കുണ്ടായിരുന്നു. എന്നാല്‍ അടുത്തിടെ കെപിസിസി നേതൃതലത്തിലുണ്ടായ മാറ്റമാണ് ജോയിക്ക് തിരിച്ചടിയായതെന്നാണ് വിലയിരുത്തല്‍. ജോയിക്ക് ഇനിയും മത്സരിക്കാന്‍ അവസരമുണ്ടെന്ന കാര്യവും പരിഗണിക്കപ്പെട്ടു.

മികച്ച ഡിസിസി അധ്യക്ഷനായ ജോയി തിരഞ്ഞെടുപ്പ് ഏകോപനം നടത്തട്ടെയെന്ന ആവശ്യവും പാര്‍ട്ടിയില്‍ ശക്തമാണ്. സാമുദായിക പരിഗണന മുന്‍നിര്‍ത്തിയുള്ള കെപിസിസി പുനസംഘടനയാണ് ഷൗക്കത്തിന് തുണയായത്. ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട സണ്ണി ജോസഫ് പ്രസിഡന്റ് ആയതോടു കൂടി ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കിയാലും ക്രൈസ്തവ വിഭാഗത്തിന്റെ എതിര്‍പ്പുണ്ടാകില്ലെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

എന്നാല്‍ ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കിയാല്‍ അംഗീകരിക്കില്ലെന്നാണ് പി.വി അന്‍വര്‍ വ്യക്തമാക്കിയിരിക്കുന്നത്. നിലമ്പൂര്‍ മണ്ഡലത്തില്‍ കാര്യമായ സ്വാധീനമുള്ള അന്‍വറിന്റെ തുടര്‍ നീക്കങ്ങള്‍ യുഡിഎഫിനും എല്‍ഡിഎഫിനും നിര്‍ണായകമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.