കൊച്ചി: ലൈബീരിയന്‍ കണ്ടെയ്‌നര്‍ കപ്പലായ എം.എസ്.സി എല്‍സ-3 മുങ്ങി മൂന്ന് ദിവസം കഴിഞ്ഞിട്ടും കപ്പലിനൊപ്പം മുങ്ങിയ അപകടകരമായ ചരക്കിനെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കാതെ അധികൃതര്‍. കപ്പലിലെ 643 കണ്ടെയ്‌നറുകളില്‍ 13 എണ്ണം അപകടകരമായ കാര്‍ഗോകളും 12 എണ്ണം കാല്‍സ്യം കാര്‍ബൈഡും ആണെന്നാണ് കോസ്റ്റ് ഗാര്‍ഡ് നല്‍കുന്ന വിവരം.
എന്നാല്‍ അപകടകരമായ ചരക്കിനെക്കുറിച്ച് മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയില്‍ നിന്നോ എം.എസ്.സി എല്‍സ-3 ന്റെ ഉടമകളില്‍ നിന്നോ, തുറമുഖ അധികൃതരില്‍ നിന്നോ, കസ്റ്റംസ് വകുപ്പില്‍ നിന്നോ തൃപ്തികരമായ വിശദീകരണം ലഭിക്കാത്തത് ദുരൂഹത വര്‍ധിപ്പിക്കുകയാണ്.
അതേസമയം പൊങ്ങിക്കിടക്കുന്ന കണ്ടെയ്‌നറുകള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ എം.എസ്.സിയുടെയും ടി ആന്‍ഡ് ടി സാല്‍വേജിന്റെയും പ്രതിനിധികള്‍ തുടരുകയാണ്. കണ്ടെയ്‌നറുകള്‍ വീണ്ടെടുക്കാന്‍ എം.എസ്.സി ഏര്‍പ്പാട് ചെയ്ത ടീമാണ് ടി ആന്‍ഡ് ടി സാല്‍വേജ്. ആശങ്കകള്‍ ദൂരീകരിക്കുന്നതിനായി ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ ഇന്ന് തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളി സംഘടനകളുടെ പ്രതിനിധികളെ കാണും.
കോസ്റ്റ് ഗാര്‍ഡിന്റെ വേഗത്തിലുള്ള നടപടി എണ്ണ ചോര്‍ച്ച നിയന്ത്രിക്കാന്‍ സഹായിച്ചു. കാല്‍സ്യം കാര്‍ബൈഡിന്റെ മലിനീകരണവും പാരിസ്ഥിതിക ആഘാതവും ഏതാനും നോട്ടിക്കല്‍ മൈലുകളില്‍ മാത്രമായി പരിമിതപ്പെടുത്തുമെന്നും കടല്‍ പ്രക്ഷുബ്ധമാകുന്നതിനാല്‍ അത് അലിഞ്ഞുപോകുമെന്നും വിദഗ്ധര്‍ പറയുന്നു. എന്നാലും അപകടകരമായ ചരക്കുകള്‍ വഹിക്കുന്ന 13 കണ്ടെയ്‌നറുകളെക്കുറിച്ച് ഒരു വിവരവുമില്ല. സംശയങ്ങള്‍ ദൂരീകരിക്കുകയും ഉപജീവന മാര്‍ഗത്തെക്കുറിച്ച് ആശങ്കാകുലരായ മത്സ്യത്തൊഴിലാളികളെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടത് ഷിപ്പിങ് ഡയറക്ടര്‍ ജനറലിന്റെ ഉത്തരവാദിത്തമാണെന്ന് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
കൊച്ചിയിലെ മെര്‍ക്കന്റൈല്‍ മറൈന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച ഷിപ്പിങ് സ്ഥാപനത്തിന്റെ പ്രതിനിധികളുമായി ചര്‍ച്ച നടത്തുകയും കപ്പലിലെ മുഴുവന്‍ ചരക്കുകളുടെയും വിവരങ്ങള്‍ അടങ്ങിയ കാര്‍ഗോ മാനിഫെസ്റ്റ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. മുങ്ങിയ കപ്പലിന്റെ ക്യാപ്റ്റന്റെ മൊഴിയും അവര്‍ രേഖപ്പെടുത്തി. ഡിജി ഷിപ്പിങിന്റെ ഓഫീസിലെ ഉദ്യോഗസ്ഥരും ചൊവ്വാഴ്ച കൊച്ചിയിലെത്തിയിരുന്നു. ഇന്ന് സംസ്ഥാന സര്‍ക്കാരുമായും ഇന്ത്യന്‍ നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും ഉന്നതരുമായും മെര്‍ക്കന്റൈല്‍ മറൈന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.