കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജാമ്യത്തിലിറങ്ങിയ മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് എംഎല്‍എയ്‌ക്കെതിരെ വീണ്ടും കുരുക്ക് മുറുകുന്നു. നോട്ട് നിരോധന സമയത്ത് 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ഇബ്രാഹിം കുഞ്ഞിനെ എന്‍ഫോസ്മെറ്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ഈ മാസം 22ന് കൊച്ചി ഇ.ഡി ആസ്ഥാനത്ത് ഹാജരാക്കണം എന്ന് എന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ട്.
2018 ലെ നോട്ട് നിരോധന കാലത്ത് ചന്ദ്രിക ദിനപത്രത്തിനെ അക്കൗണ്ട് വഴി 10 കോടി രൂപയുടെ കള്ളപ്പണം വെളിപ്പിച്ചെന്നാണ് കേസ്. പാലാരിവട്ടം പാലം കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയ ഇബ്രാഹിം കുഞ്ഞിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചതിന് തൊട്ടു പിന്നാലെയാണ് ഇ.ഡിയുടെ നോട്ടീസ്.
ജാമ്യം ലഭിക്കാന്‍ ഇബ്രാഹിം കുഞ്ഞ് കോടതിയെ കബളിപ്പിച്ചോയെന്ന് സംശയിക്കുന്നതായി ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ വിമര്‍ശനമുയര്‍ത്തിയിരുന്നു. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ പറഞ്ഞ് ഹൈക്കോടതിയില്‍നിന്ന് ജാമ്യം നേടിയ ഇബ്രാഹിം കുഞ്ഞ് പൊതുപരിപാടികളില്‍ പങ്കെടുക്കുന്നത് കണ്ടതായി കോടതി ചൂണ്ടിക്കാട്ടി. കോടതിയുടെ വിമര്‍ശനത്തെ തുടര്‍ന്ന് ഇബ്രാഹിം കുഞ്ഞ് ഹര്‍ജി പിന്‍വലിക്കുകയും ചെയ്തിരുന്നു.
കലൂരിലെ പഞ്ചാബ് നാഷണല്‍ ബാങ്ക്, വിജയ ബാങ്ക് എന്നിവിടങ്ങളില്‍ പത്രത്തിനുള്ള അക്കൗണ്ടില്‍ അഞ്ച് കോടി രൂപ വീതം നിക്ഷേപിച്ചെന്നും ഈ തുക പിന്നീട് ഇബ്രാഹിം കുഞ്ഞ് സ്വന്തം അക്കൗണ്ടില്‍ മാറ്റി എന്നും ആണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തല്‍. പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച കള്ളപ്പണം ആണ് ഇതെന്നാണ് കളമശേരി സ്വദേശി ഗിരീഷ് ബാബുവിന്റെ പരാതി.
ഈ പരാതിയില്‍ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ആണ് ഇ.ഡി കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. പണം പത്രത്തിന്റെ വരി സംഖ്യ ആണെന്നായിരുന്നു ഇബ്രാഹിം കുഞ്ഞ് നേരത്തെ വ്യക്തമാക്കിയത്. എന്നാല്‍ ഇതിന്റെ രേഖകള്‍ കൃത്യമായി ഹാജരാക്കാന്‍ ഇബ്രാഹിം കുഞ്ഞിന് കഴിഞ്ഞിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.