മുന്നണി സീറ്റ് ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍; തുടരുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഊര്‍ജ്ജിത ശ്രമങ്ങള്‍

മുന്നണി സീറ്റ് ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍; തുടരുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഊര്‍ജ്ജിത ശ്രമങ്ങള്‍

കൊച്ചി: മുന്നണികളുടെ സീറ്റ് വിഭജന ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍. ഏതാനും ചില സീറ്റുകളില്‍ തീരുമാനമായാല്‍ ഇടത്, വലത്, എന്‍ഡിഎ മുന്നണികളുടെ സീറ്റ് വിഭജനം പൂര്‍ത്തിയാകും.

യുഡിഎഫില്‍ മുഖ്യ ഘടകകക്ഷിയായ മുസ്ലീം ലീഗുമായി സീറ്റുകളുടെ എണ്ണത്തില്‍ തീരുമാനമായെങ്കിലും മണ്ഡലങ്ങള്‍ സംബന്ധിച്ച തര്‍ക്കം തുടരുകയാണ്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായി സീറ്റുകളുടേയും മണ്ഡലങ്ങളുടേയും കാര്യത്തില്‍ തീരുമാനം ആയിട്ടില്ല.

ഇന്നലത്തെ ചര്‍ച്ചയില്‍ പേരാമ്പ്ര, പട്ടാമ്പി, കൂത്തുപറമ്പ് സീറ്റുകളാണ് ലീഗ് അധികമായി ആവശ്യപ്പെട്ടത്. ഈ സീറ്റുകള്‍ കൊടുക്കുന്നതില്‍ കോണ്‍ഗ്രസിന് താല്‍പര്യക്കുറവാണ്. ബാലുശേരിക്ക് പകരം കുന്ദമംഗലം സീറ്റും ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. ലീഗുമായി ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനമാകുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്.

കോട്ടയം ജില്ലയിലെ സീറ്റുകളില്‍ തര്‍ക്കം തുടരുന്ന ജോസഫ് വിഭാഗവുമായി നാളെ വീണ്ടും കോണ്‍ഗ്രസ് ചര്‍ച്ച നടത്തും. മുസ്ലീം ലീഗുമായി നിലനില്‍ക്കുന്ന ചെറിയ അഭിപ്രായ വ്യത്യാസത്തേക്കാള്‍ സങ്കീര്‍ണമാണ് ജോസഫ് ഗ്രൂപ്പുമായുള്ള പ്രശ്‌നങ്ങള്‍.

ചങ്ങനാശ്ശേരി സീറ്റിനായി സിപിഐയും കേരള കോണ്‍ഗ്രസും(എം) പിടിമുറുക്കിയതാണ് എല്‍ഡിഎഫിലെ മുഖ്യ പ്രശ്‌നം. കാഞ്ഞിരപ്പള്ളി വിട്ടുനല്‍കാന്‍ തയ്യാറായ സിപിഐ പകരം ചങ്ങനാശേരി ചോദിച്ചു. അതിന് ജോസ് കെ. മാണി തയ്യാറല്ല. കാഞ്ഞിരപ്പള്ളി വേണം താനും, ചങ്ങനാശേരി വിട്ടു നല്‍കാന്‍ തയ്യാറുമല്ല എന്ന നിലപാട് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നാണ് സിപിഐ നേതൃത്വം പറയുന്നത്.

ഇരു പാര്‍ട്ടികളുമായും സിപിഎം വീണ്ടും ചര്‍ച്ച ചെയ്യും. വൈകാതെ തര്‍ക്കം പരിഹരിക്കാമെന്നാണ് എല്‍ഡിഎഫ് നേതൃത്വം കണക്കു കൂട്ടുന്നത്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ചര്‍ച്ചകള്‍ ഇന്നലെ പൂര്‍ത്തിയായി. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ജില്ലകളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ പരിശോധിക്കും.

എന്‍ഡിഎ മുന്നണിയില്‍ ബിഡിജെഎസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കാതെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഏകോപിക്കുന്നതിലാണ് താത്പര്യമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മത്സരിക്കണമെന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടിട്ടും അദ്ദേഹം സമ്മതിച്ചിട്ടില്ല. പി.സി തോമസ് മത്സരിക്കില്ലെന്ന് അറിയിച്ചെങ്കിലും പാര്‍ട്ടിയായ കേരള കോണ്‍ഗ്രസിന് എല്ലാ ജില്ലകളിലും സീറ്റ് വേണമെന്ന് ആവശ്യമുന്നയിച്ചു.

ബിഡിജെഎസ് ഒഴികെയുള്ള കക്ഷികള്‍ സീറ്റുകളുടെ എണ്ണത്തിലും മണ്ഡലങ്ങളുടെ കാര്യത്തിലും ഉറച്ചുനില്‍ക്കുകയാണ്. പത്തിനകം എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.