അതിതീവ്ര മഴ: ഒന്‍പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി; എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

അതിതീവ്ര മഴ: ഒന്‍പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി; എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

കൊച്ചി: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ ഒന്‍പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍മാര്‍ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, തൃശൂര്‍, പാലക്കാട്, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് അവധി. ആലപ്പുഴ ജില്ലയില്‍ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യത ഉള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ ഒരു ദുരിതാശ്വാസ ക്യാമ്പ് കൂടി ആരംഭിച്ചു. തിരുവല്ല താലൂക്കിലെ ഇരവിപേരൂര്‍ വില്ലേജില്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലാണ് പുതിയ ക്യാമ്പ്. വെള്ളം കയറിയ ചെങ്ങാമണ്‍ പ്രദേശത്തെ ഒരു കുടുംബത്തിലെ രണ്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളുമാണ് ക്യാമ്പിലുള്ളത്. കോന്നി താലൂക്കില്‍ തണ്ണിത്തോട് വില്ലേജില്‍ പകല്‍വീട്ടില്‍ ആരംഭിച്ച ക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. അതേസമയം മല്ലപ്പള്ളി താലൂക്കിലെ പുറമറ്റം വില്ലേജില്‍ സെന്റ് ബഹനാന്‍സ് യു.പി സ്‌കൂളിലെ ക്യാമ്പ് താല്‍കാലികമായി അടച്ചു.

കണ്ണൂര്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് നാളെ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു

ശക്തമായ മഴയും കാറ്റും കണക്കിലെടുത്ത് എറണാകുളം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രൊഫഷനല്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് അറിയിച്ചു. അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണ്.

കാസര്‍കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കാസര്‍കോട്ടെ പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്പെഷല്‍ ക്ലാസുകള്‍, അങ്കണവാടികള്‍, തുടങ്ങിയവയ്ക്ക് നാളെ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ അവധി പ്രഖ്യാപിച്ചു. അതേസമയം മുന്‍കൂട്ടി പ്രഖ്യാപിച്ച പരീക്ഷകളില്‍ മാറ്റമില്ല.

കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെളളിയാഴ്ച അവധി പ്രഖ്യാപിച്ച് ഉത്തരവായി. അങ്കണവാടികള്‍, അവധിക്കാല ക്ലാസുകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, മറ്റ് അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങള്‍/ സ്ഥാപനങ്ങള്‍, മതപാഠശാലകള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. മുന്‍പ് നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. അതേസമയം എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.

തൃശൂര്‍ ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിക്കുന്നു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.

ഇടുക്കി ജില്ലയിലെ മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു. റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല. വേനലവധിയുടെ ഭാഗമായുള്ള ക്ലാസുകള്‍, പ്രത്യേക കോച്ചിങ് സെഷനുകള്‍ എന്നിവ പാടില്ല. നഷ്ടപ്പെടുന്ന പഠന സമയം ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഉള്‍പ്പെടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കണമെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു.

വയനാട് ജില്ലയിലെ ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷ്യല്‍ കോളജുകള്‍ക്കും അവധി ബാധകമല്ല.

ബംഗാള്‍ ഉല്‍ക്കടലിലെ ന്യുനമര്‍ദ്ദം അതിതീവ്ര ന്യുനമര്‍ഥമായി രൂപാന്തരപ്പെട്ടതും അറബിക്കടലില്‍ കാലവര്‍ഷ കാറ്റിന്റെ ശക്തി വര്‍ധിച്ചതും വരും ദിവസങ്ങളിലും മഴയുടെ ശക്തി വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.