കൊച്ചി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ(പിഎഫ്‌ഐ)യുടെ രാഷ്ട്രീയ ലക്ഷ്യങ്ങളെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ).
കൊലപ്പെടുത്താനുള്ളവരുടെ ഹിറ്റ്‌ലിസ്റ്റ് കോടതിയില്‍ ഹാജരാക്കിയതിന് പിന്നാലെയാണ് പിഎഫ്‌ഐയുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ എന്‍ഐഎ കോടതിയെ അറിയിച്ചത്.
എസ്ഡിപിഐ എന്ന സംഘടനയെ നിര്‍ണായക ശക്തിയാക്കി ജുഡീഷ്യറിയിലും സൈന്യത്തിലും പൊലീസിലുമെല്ലാം സ്വാധീനമുണ്ടാക്കി, 2047 ഓടെ ഇന്ത്യയില്‍ ഇസ്ലാമിക ഭരണഘടന നടപ്പിലാക്കുകയാണ് പിഎഫ്‌ഐയുടെ പദ്ധതി എന്നാണ് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
എന്‍ഐഎ അന്വേഷണ സംഘം കൊച്ചി എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. എസ്ഡിപിഐയെ മുസ്ലിം സമുദായത്തെ മൊത്തത്തില്‍ നിയന്ത്രിക്കാന്‍ കഴിയുന്നത്ര നിര്‍ണായക ശക്തിയായി മാറ്റണം എന്നതാണ് സംഘടനയുടെ ഒരു ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
സംഘടനയുടെ പ്രവര്‍ത്തനം എങ്ങനെയായിരുന്നുവെന്നും എന്‍ഐഎ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടേഴ്‌സ് വിങ്, ആംസ് ട്രെയിനിങ് വിങ്, സര്‍വീസ് വിങ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായിട്ടാണ് പ്രവര്‍ത്തനം. വളരെ രഹസ്യമായാണ് റിപ്പോര്‍ട്ടേഴ്സ് വിങ് പ്രവര്‍ത്തിക്കുക. അപായപ്പെടുത്തേണ്ടവരുടെ ഹിറ്റ്‌ലിസ്റ്റ് തയ്യാറാക്കുന്നത് ഇവരാണ്. കൃത്യമായ ഇടവേളകളില്‍ ഈ ലിസ്റ്റ് അപ്ഡേറ്റ് ചെയ്തിരുന്നു.
ഹിറ്റ്‌ലിസ്റ്റില്‍ ഉള്ളവരെ അക്രമിക്കാനായി പരിശീലനം നല്‍കുക എന്നതാണ് ആംസ് ട്രെയിനിങ് വിങിന്റെ ചുമതല. സര്‍വീസ് വിങിനെയാണ് ലിസ്റ്റിലുള്ളവരെ അപായപ്പെടുത്താന്‍ ചുമതലപ്പെടുത്തിയിരുന്നത്. സമൂഹത്തില്‍ ഭീതിയുണ്ടാക്കുക എന്ന ലക്ഷ്യം വെച്ചായിരുന്നു പിഎഫ്‌ഐ ഹിറ്റ്‌ലിസ്റ്റ് തയ്യാറാക്കിയിരുന്നത് എന്നും എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കഴിഞ്ഞ ദിവസം എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച അപായപ്പെടുത്താനുള്ളവരുടെ പിഎഫ്‌ഐ ഹിറ്റ് ലിസ്റ്റില്‍ കേരളത്തില്‍ നിന്ന് 950 പേരാണുണ്ടായിരുന്നത്. എന്‍ഐഎ അന്വേഷിക്കുന്ന കേസിലെ നാല് പ്രതികള്‍ കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയെ എതിര്‍ത്ത് കോടതിയില്‍ എന്‍ഐഎ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.