ഗോകര്‍ണ: റഷ്യന്‍ പൗരയായ യുവതിയെയും രണ്ട് പെണ്‍കുട്ടികളെയും ഗോകര്‍ണയിലെ രാമതീര്‍ഥയിലെ ഗുഹയില്‍ നിന്നും രക്ഷപ്പെടുത്തി. വിസാ കാലാവധി കഴിഞ്ഞും ഇന്ത്യയില്‍ തങ്ങിയ നിന കുറ്റിന എന്ന മോഹിയെയും കുട്ടികളെയുമാണ് പൊലീസ് രക്ഷപ്പെടുത്തിയത്. രണ്ട് ആഴ്ചയോളമാണ് പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ ഇവര്‍ ഗുഹയില്‍ കഴിഞ്ഞത്.
ജൂലൈ ഒന്‍പതിന് വൈകുന്നേരം നടത്തിയ പൊലീസിന്റെ പതിവ് പട്രോളിങ്ങിനിടെയാണ് ഗുഹയില്‍ കഴിയുന്ന കുടുംബത്തെ കണ്ടെത്തിയത്. ആത്മീയമായ ഏകാന്തത തേടിയാണ് ഗോവയില്‍ നിന്നും മോഹി ഗോകര്‍ണയില്‍ എത്തുന്നത്. തുടര്‍ന്ന് ഗുഹയിലെ താമസത്തിനിടയില്‍ മതപരമായ ആചാര കര്‍മ്മങ്ങളും ധ്യാനവും ചെയ്ത് വരികയായിരുന്നു.
ഗുഹ സ്ഥിതി ചെയ്യുന്നത് അപകട സാധ്യത ഒരുപാടുള്ള പ്രദേശത്താണെന്നും നേരത്തെ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും അടക്കം ഈ പ്രദേശത്തുണ്ടായിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. നേരത്തെയുണ്ടായ മണ്ണിടിച്ചിലിന്റെ ഭാഗമായാണ് പൊലീസ് പ്രദേശത്ത് പട്രോളിങിന് നടത്തിയത്. ഒറ്റപ്പെട്ട സ്ഥലത്ത് വിരിച്ചിട്ടിരിക്കുന്ന സാരി ശ്രദ്ധയില്‍ പെട്ട പൊലീസിന്റെ തിരച്ചിലിലാണ് ഗുഹയില്‍ കഴിയുന്ന കുടുംബത്തെ കണ്ടെത്താന്‍ കാരണം. ആറും, നാലും വയസുള്ള കുട്ടികളാണ് മോഹിയുടേത്. വന്യജീവികളും ഒരുപാടുള്ള പ്രദേശത്താണ് ഗുഹ സ്ഥിതി ചെയ്യുന്നത്. കാട്ടില്‍ കഴിഞ്ഞ സമയത്ത് ഇവര്‍ക്ക് എവിടെ നിന്നാണ് ഭക്ഷണമടക്കമുള്ളവ ലഭിച്ചതെന്ന കാര്യത്തില്‍ പൊലീസ് അന്വേഷണം നടത്തി വരികയാണ്.
ബിസിനസ് വിസയിലാണ് മോഹി ഇന്ത്യയിലെത്തുന്നത്. 2017 ല്‍ വിസ കാലാവധി അവസാനിച്ചു. എന്നാല്‍ തുടര്‍ന്നും അനധികൃതമായി ഇന്ത്യയില്‍ തങ്ങുകയായിരുന്നു. നിലവില്‍ കുടുംബത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. റഷ്യന്‍ എംബസിയുമായി ബന്ധപ്പെട്ട് ഇവരെ തിരിച്ചയക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.