'ഗര്‍ഭിണിയായിരിക്കെ ബെല്‍റ്റ് ഉപയോഗിച്ച് കെട്ടി വലിച്ചു; മരിക്കാന്‍ ആഗ്രഹമില്ല, പക്ഷേ മടുത്തു': വിപഞ്ചിക അനുഭവിച്ചത് ക്രൂര പീഡനം

'ഗര്‍ഭിണിയായിരിക്കെ ബെല്‍റ്റ് ഉപയോഗിച്ച് കെട്ടി വലിച്ചു; മരിക്കാന്‍ ആഗ്രഹമില്ല, പക്ഷേ മടുത്തു':  വിപഞ്ചിക അനുഭവിച്ചത് ക്രൂര പീഡനം

ഷാര്‍ജ: ഒന്നര വയസുള്ള മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി വിപഞ്ചികയുടെ ആത്മഹത്യ കുറിപ്പില്‍ ഭര്‍തൃ വീട്ടില്‍ നേരിട്ട കൊടിയ പീഡനങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍.

സ്ത്രീധനം കുറഞ്ഞു പോയി എന്നതിന്റെ പേരില്‍ ഭര്‍തൃ വീട്ടുകാര്‍ സ്ഥിരമായി വിപഞ്ചികയെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നു. ഭര്‍ത്താവിന്റെ അച്ഛന്റെ ഭാഗത്ത് നിന്ന് പോലും മോശം അനുഭവം ഉണ്ടായതായും ഗര്‍ഭിണിയായിരിക്കുമ്പോള്‍ കഴുത്തില്‍ ബെല്‍റ്റ് ഉപയോഗിച്ച് കെട്ടി വലിച്ചതായും വിപഞ്ചികയുടെ ആത്മഹത്യ കുറിപ്പില്‍ പറയുന്നു.

'മരിക്കാന്‍ ഒരാഗ്രഹവുമില്ല. മകളുടെ മുഖം കണ്ട് കൊതി തീര്‍ന്നിട്ടില്ല. തന്റെ മരണത്തില്‍ ഭര്‍ത്താവ് നിതീഷ് മോഹന്‍, ഭര്‍തൃ സഹോദരി നീതു എന്നിവരാണ് ഒന്നാം പ്രതികള്‍. ഭര്‍ത്താവിന്റെ പിതാവ് മോഹനന്‍ ആണ് രണ്ടാം പ്രതി.' എന്ന് വിപഞ്ചിക എഴുതിയ കുറിപ്പില്‍ പറയുന്നു. ഒരിക്കലും ഈ കൊലയാളികളെ വെറുതെ വിടരുത് എന്ന് പറഞ്ഞു കൊണ്ടാണ് ആത്മഹത്യ കുറിപ്പ് ആരംഭിക്കുന്നത്.

'കല്യാണം ആഢംബരമായി നടത്തിയില്ല, സ്ത്രീധനം കുറഞ്ഞുപോയി, കാര്‍ കൊടുത്തില്ല എന്നൊക്കെ പറഞ്ഞ് എന്നെ കൊല്ലാക്കൊല ചെയ്യുന്നു. വീടില്ലാത്തവള്‍, പണമില്ലാത്തവള്‍, തെണ്ടി ജീവിക്കുന്നവള്‍ എന്നിങ്ങനെയെല്ലാം ആക്ഷേപിച്ചു.

അച്ഛന്‍ എന്ന് പറയുന്നയാള്‍ അപമര്യാദയായി പെരുമാറി എന്ന് നിതീഷിനോട് പറഞ്ഞപ്പോള്‍ അയാള്‍ക്കും കൂടി വേണ്ടിയാണു ഞാന്‍ നിന്നെ വിവാഹം ചെയ്തത് എന്നായിരുന്നു മറുപടി' എന്നും കത്തില്‍ യുവതി പറയുന്നു.

ഭര്‍തൃ സഹോദരി നീതു ആയിരുന്നു ഇരുവരുടെയും ഇടയില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നത് എന്ന് കത്തില്‍ ആരോപിക്കുന്നു. 'ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല. ഗര്‍ഭിണിയായി ഏഴാം മാസത്തില്‍ തന്നെ നിതീഷ് വീട്ടില്‍ നിന്ന് ഇറക്കി വിട്ടു. നിതീഷിനെക്കൊണ്ട് എന്നെ തല്ലിച്ചു. എന്നെ ഹോസ്റ്റലില്‍ താമസിപ്പിക്കണമെന്നും, വീട്ടില്‍ നിന്നും ഇറക്കി വിടണമെന്നും നീതു മെസ്സേജ് അയച്ചിരിക്കുന്നത് ഞാന്‍ കണ്ടു.

തുടക്കത്തില്‍ അച്ഛനും ഭര്‍തൃസഹോദരി നീതുവും പറയുന്നത് കേട്ട് നിതീഷ് എന്നെ തല്ലുമായിരുന്നു. ഒരിക്കല്‍ നീതുവിന്റെ വാക്ക് കേട്ട് വീട്ടില്‍ വലിയ ബഹളമുണ്ടാക്കി. മുടിയും പൊടിയും എല്ലാം ചേര്‍ന്ന് ഷവര്‍മ്മ എന്റെ വായില്‍ കുത്തിക്കയറ്റി. എന്റെ തൊണ്ടയില്‍ പിടിച്ചു നിലത്തു കിടന്ന പൊടി ഉള്‍പ്പെടെ വീണ്ടും വീണ്ടും കുത്തി കയറ്റി.

ഗര്‍ഭിണി ആയിരുന്നപ്പോള്‍ അവള്‍ക്ക് വേണ്ടി എന്റെ കഴുത്തില്‍ ബെല്‍റ്റ് ഇട്ട് മുറുക്കി വലിച്ചു. ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല' എന്നും യുവതിയുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു

നിതീഷിന് ഒരുപാട് സ്ത്രീകളുമായി ബന്ധമുണ്ട്. ഈ ബന്ധം കണ്ടെത്തിയത് മുതലാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. തന്നെ ശാരീരികമായ ഉപദ്രവിച്ച ശേഷം അബദ്ധം പറ്റിയതാണെന്ന് പറയും. അയാള്‍ മറ്റു സ്ത്രീകള്‍ക്ക് പണമയച്ചു നല്‍കുകയും അവരുമായി മെസേജ് അയക്കുന്നതും താന്‍ കണ്ടു പിടിച്ചിട്ടുണ്ട്.

മറ്റു സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയം എന്റെ കുഞ്ഞിന് ഓര്‍ത്ത് ഞാന്‍ ക്ഷമിച്ചു. പക്ഷേ, നിതീഷ് വീട്ടില്‍ വരാറില്ലായിരുന്നു. എന്റെ ലോക്കറിന്റെ താക്കോല്‍ ഭര്‍ത്താവിന്റെ അച്ഛന്റെ കയ്യില്‍ നിന്ന് വാങ്ങിയത് മുതലാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. അതിന്റെ പേരില്‍ അയാള്‍ പട്ടിയെ പോലെ എന്നെ തല്ലി. ആഹാരം തരില്ല, നാട്ടില്‍ കൊണ്ടുപോകില്ല എന്നൊക്കെ ഭീഷണിപ്പെടുത്തി എന്നും അയാള്‍ മാനസിക വൈകൃതമുള്ള മനുഷ്യനാണെന്നും വിപഞ്ചിക കത്തില്‍ പറയുന്നു.

'എന്റെ കുഞ്ഞിന്റെ ആത്മാവ് പൊറുക്കില്ല, എന്റെ കൈയ്യിലുള്ള ഒരു മാലയ്ക്ക് വേണ്ടി എന്നെ കൊല്ലാകൊല ചെയ്യുകയാണ്. ഒരുപാട് പണമുള്ള ആളുകളാണ് എന്നിട്ടും എന്റെ ചെറിയ സാലറി അവര്‍ക്ക് വേണമെന്ന വാശിയാണ്. എല്ലാം മകള്‍ക്ക് വേണ്ടി സഹിച്ചു.

സ്വന്തം ബെഡ് റൂമിലെ കാര്യം വരെ ഭര്‍ത്താവ് മറ്റൊരു സ്ത്രീയോട് പറഞ്ഞത് ഒട്ടും സഹിക്കാനായില്ല. എല്ലാവര്‍ക്കും എല്ലാം അറിയാം. ഈ ലോകം ക്യാഷ് ഉള്ളവരുടേതാണ്. ഉപദ്രവിച്ച ശേഷം കുഞ്ഞിനെ ഇല്ലാതാക്കും എന്ന് ഭീഷണിപ്പെടുത്തുമായിരുന്നു' എന്നും ആത്മഹത്യകുറിപ്പിലുണ്ട്

പറഞ്ഞറിയിക്കാന്‍ പറ്റാത്ത കാര്യങ്ങളാണ് സംഭവിക്കുന്നത്. എന്റെ കുഞ്ഞിന് വയ്യാഞ്ഞിട്ട് പോലും അയാള്‍ ഇവിടെ വന്നില്ല. എന്നെ മാനസിക രോഗിയാക്കാനാണ് അയാളുടെ ശ്രമം. എന്റെ ഓഫിസില്‍ ഉള്ള എല്ലാവര്‍ക്കും കാര്യങ്ങള്‍ അറിയാം അവരെ വെറുതെ വിടരുത്'. മടുത്തു എന്ന് പറഞ്ഞാണ് വിപഞ്ചിക കത്ത് അവസാനിപ്പിക്കുന്നത്.

നോട്ട് ബുക്കിലെഴുതിയ ആറ് പേജുള്ള ദീര്‍ഘമായ കത്ത് ഫെയ്‌സ്ബുക്കല്‍ പ്രത്യക്ഷപ്പെട്ടെങ്കിലും വൈകാതെ അത് അപ്രത്യക്ഷമായി. ഭര്‍ത്താവ് നിതീഷ് മോഹന്‍ കത്ത് ഡിലീറ്റ് ചെയ്തതായാണ് ബന്ധുക്കളുടെ സംശയം. വിപഞ്ചികയുടെ കുഞ്ഞിന്റെയും മൃതദേഹം ഷാര്‍ജയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.