സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം: തൃക്കന്തോട് ഉരുള്‍പൊട്ടല്‍, കുറ്റ്യാടി ചുരത്തിലും കുളങ്ങാട് മലയിലും മണ്ണിടിച്ചില്‍

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം: തൃക്കന്തോട് ഉരുള്‍പൊട്ടല്‍, കുറ്റ്യാടി ചുരത്തിലും കുളങ്ങാട് മലയിലും മണ്ണിടിച്ചില്‍

കോഴിക്കോട്: കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴ കണക്കിലെടുത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശക്തമായ മഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കോഴിക്കോട് മരുതോങ്കര പഞ്ചായത്തിലെ തൃക്കന്തോട് ഉരുള്‍പൊട്ടി. ജനവാസമേഖലയില്‍ അല്ല ഉരുള്‍പൊട്ടല്‍ ഉണ്ടായത്. മരുതോങ്കര പശുക്കടവ് മേഖലകളില്‍ നിന്നും 13 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കനത്ത മഴയില്‍ വിലങ്ങാട് ടൗണിലെ പാലം മുങ്ങി. പുല്ലുവ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു.

കോഴിക്കോട് കടന്തറ പുഴയില്‍ മലവെള്ള പാച്ചിലുണ്ടായി. കോഴിക്കോട് പെരുവണ്ണാമൂഴി, ചെമ്പനോട പാലത്തില്‍ വെള്ളം കയറി. ചെമ്പനോടയില്‍ നിന്നും 13 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കുറ്റ്യാടി ചുരത്തില്‍ മണ്ണിടിഞ്ഞു. ചുരം പത്താം വളവിലാണ് മണ്ണിടിഞ്ഞത്. മഴ ശക്തമായ സാഹചര്യത്തില്‍ താമരശേരി, കുറ്റ്യാടി ചുരം റോഡുകളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് നിര്‍ദേശം നല്‍കി.

അത്യാവശ്യ വാഹനങ്ങള്‍ക്ക് മാത്രമേ ചുരം റോഡുകളില്‍ പ്രവേശനം അനുവദിക്കൂ. ഭാരം കൂടിയ വാഹനങ്ങള്‍ കടത്തിവിടില്ല. പ്രദേശത്ത് പൊലീസ് പട്രോളിങ് ശക്തിപ്പെടുത്തും. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് പൂര്‍ണ സജ്ജരായിരിക്കാന്‍ ഫയര്‍ ആന്റ് റെസ്‌ക്യു, കെഎസ്ഇബി തുടങ്ങിയ വിഭാഗങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാലവര്‍ഷക്കെടുതിക്ക് സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും ആളുകളെ മാറ്റി പാര്‍പ്പിക്കാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കാസര്‍കോട് ചെറുവത്തൂരില്‍ കുളങ്ങാട് മലയില്‍ മണ്ണിടിച്ചില്‍. കുളങ്ങാട് മലയിലെ ഒരു ഭാഗമാണ് ഇടിഞ്ഞത്. മുമ്പ് വിള്ളലുണ്ടായിരുന്ന ഭാഗമാണ് ഇടിഞ്ഞത്. മലയുടെ താഴ്ഭാഗത്ത് താമസിച്ചിരുന്ന 15 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. പ്രദേശവാസികള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. മുന്‍ വര്‍ഷം ഉരുള്‍ പൊട്ടല്‍ ഉണ്ടായ മത്തച്ചീളി മേഖലയിലും മഴ തുടരുകയാണ് ഈ മേഖലയില്‍ ഉള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. പശുക്കടവ് പുഴയിലും കടന്തറ പുഴയിലും മലവെള്ളപ്പാച്ചില്‍ ഉണ്ടായി.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.