ലോക്കപ്പില്‍ ഇടിച്ചു പിഴിഞ്ഞു; വി.എസ് മരിച്ചെന്ന് പൊലീസ് കരുതി: കോലപ്പന്‍ എന്ന കള്ളന്‍ അന്ന് രക്ഷകനായി

ലോക്കപ്പില്‍ ഇടിച്ചു പിഴിഞ്ഞു; വി.എസ് മരിച്ചെന്ന് പൊലീസ്  കരുതി: കോലപ്പന്‍ എന്ന കള്ളന്‍ അന്ന് രക്ഷകനായി

കൊച്ചി: സമര പോരാട്ടങ്ങള്‍ക്കിടെ 1946 സെപ്തംബറില്‍ പൂഞ്ഞാറില്‍ ഒരു ബീഡിത്തൊഴിലാളിയുടെ വീട്ടില്‍ ഒളിവില്‍ കഴിയുമ്പോള്‍ പൊലീസ് പിടിയിലായ വി.എസ് അച്യുതാനന്ദനെ ഈരാറ്റുപേട്ട പൊലീസ് ഔട്ട് പോസ്റ്റിലും പിന്നീട് പാലാ സ്റ്റേഷനിലും കൊണ്ടു വന്ന് ക്രൂരമായി മര്‍ദ്ദിച്ചു.

ഒരു പൊലീസുകാരന്‍ തോക്കിന്റെ ബയണറ്റ് കാലില്‍ കുത്തിയിറക്കി. ലോക്കപ്പിലേക്ക് രക്തം ചീറ്റി തെറിച്ചു. അതോടെ വിഎസ് ബോധ രഹിതനായി. ഇതിനിടയില്‍ ഒരു ദിവസം 'ഇടിയന്‍' എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന നാരായണ പിള്ള എന്ന പൊലീസുകാരന്‍ ലോക്കപ്പിലേക്ക് കയറി വന്നു.

പിന്നെ ഇടിയോടിടിയായിരുന്നു ഇടിയുടെ ആഘാതത്തില്‍ മൂത്ര തടസം നേരിട്ടു. ഇതിനിടയില്‍ ബോധം കെട്ട വി.എസ് മരിച്ചു പോയെന്നാണ് പൊലീസ് കരുതിയത്. ചത്തെങ്കില്‍ മൃതദേഹം കൊണ്ടുപോയി കാട്ടില്‍ കളയാനായിരുന്നു നാരായണ പിള്ളയുടെ നിര്‍ദേശം.

ജീപ്പില്‍ കയറ്റി കൊണ്ടു പോകുമ്പോഴാണ് അതിലുണ്ടായിരുന്ന കോലപ്പന്‍ എന്ന് പേരുള്ള മോഷ്ടാവ് വി.എസ് മരിച്ചിട്ടില്ലെന്ന് തിരിച്ചറിഞ്ഞത്. കോലപ്പന്‍ കരഞ്ഞു പറഞ്ഞതിനെ തുടര്‍ന്ന് പൊലീസുകാര്‍ വി.എസിനെ പാലായിലെ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയി.

പിന്നീട് കണ്ടത് വിഎസിന്റെ പുനര്‍ജന്മമായിരുന്നു. വിഎസിനെ മര്‍ദ്ദിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന് പിന്നീട് അദേഹത്തിന്റെ സഹായം കേടേണ്ടി വന്നു എന്നതും കാലത്തിന്റെ മറ്റൊരു തമാശയാണ്.

തന്നെ ഇടിച്ചു പിഴിഞ്ഞ കൃഷ്ണന്‍ നായര്‍ എന്ന എസ്.ഐ ജാള്യതയോടെയാണെങ്കിലും പിന്നീട് വി.എസിനെ തേടിയെത്തി. അപ്പോഴേയ്ക്കും കേരളം പിറന്നു കഴിഞ്ഞിരുന്നു. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലം.

അന്ന് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ് വിഎസ്. പാര്‍ട്ടിയുടെ കോട്ടയം ജില്ലാ സെക്രട്ടറി സി.എസ് ഗോപാലപിള്ളയുടെ കത്തുമായായിരുന്നു കൃഷ്ണന്‍.നായരുടെ വരവ്. സ്ഥാനക്കയറ്റത്തിന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ വി.എസ് ശുപാര്‍ശ ചെയ്യണം എന്നതായിരുന്നു ആവശ്യം.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.