മുംബൈ ട്രെയിന്‍ സ്‌ഫോടന പരമ്പര: പ്രതികളെ വിട്ടയച്ച ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു

 മുംബൈ ട്രെയിന്‍ സ്‌ഫോടന പരമ്പര: പ്രതികളെ വിട്ടയച്ച ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു

മുംബൈ: മുംബൈ ട്രെയിന്‍ സ്‌ഫോടന പരമ്പര കേസില്‍ 12 പ്രതികളെ വിട്ടയച്ച ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. പ്രതികളെ വെറുതെ വിട്ടതിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീം കോടതി നടപടി. അതേസമയം പ്രതികളെ ഉടന്‍ ജയില്‍ മോചിതരാക്കാനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി തടഞ്ഞിട്ടില്ല.

ജസ്റ്റിസുമാരായ എം.എം സുന്ദരേശ്, എന്‍.കെ സിങ് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ രാജ താക്കറെ, അഭിഭാഷകന്‍ ഋഷികേശ് ഹരിദാസ് എന്നിവര്‍ ഹാജരായി. ആറ് മലയാളികള്‍ അടക്കം 180 ലധികം പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനക്കേസിലാണ് ഹൈക്കോടതി 12 പ്രതികളെ വിട്ടയച്ചത്.

വിധി പ്രസ്താവത്തില്‍ പ്രോസിക്യൂഷനെതിരെ ബോംബൈ ഹൈക്കോടതി അതിരൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. വിചാരണക്കോടതി വധ ശിക്ഷയ്ക്ക് വിധിച്ച അഞ്ച് പേരെയും ജീവപര്യന്തം തടവിന് വിധിച്ച ഏഴ് പേരെയുമാണ് തിങ്കളാഴ്ച ഹൈക്കോടതി വെറുതേ വിട്ടത്. കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചിരുന്നു. പ്രതികള്‍ കുറ്റകൃത്യം ചെയ്തുവെന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്നും ഹൈക്കോടതി പറഞ്ഞു.

2006 ജൂലൈ 11 ന് 11 മിനിറ്റുകള്‍ക്കിടെ മുംബൈയിലെ പല ലോക്കല്‍ ട്രെയിനുകളിലായി ഏഴ് ബോംബ് സ്ഫോടനങ്ങളാണ് നടന്നത്. സ്‌ഫോടനത്തില്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നതിനായി റിഗ്ഡ് പ്രഷര്‍ കുക്കറുകള്‍ ഉപയോഗിച്ചു. ആദ്യ സ്‌ഫോടനം വൈകുന്നേരം 6.24 നാണ് ഉണ്ടായത്. അവസാനത്തേത് വൈകുന്നേരം 6.35 നും.

ചര്‍ച്ച്‌ഗേറ്റില്‍ നിന്നുള്ള ട്രെയിനുകളുടെ ഫസ്റ്റ് ക്ലാസ് കമ്പാര്‍ട്ടുമെന്റുകളിലാണ് ബോംബുകള്‍ സ്ഥാപിച്ചിരുന്നത്. മാട്ടുംഗ റോഡ്, മാഹിം ജങ്ഷന്‍, ബാന്ദ്ര, ഖാര്‍ റോഡ്, ജോഗേശ്വരി, ഭയാന്ദര്‍, ബോറിവാലി എന്നീ സ്റ്റേഷനുകള്‍ക്ക് സമീപത്താണ് വച്ചാണ് സ്‌ഫോടനങ്ങളുണ്ടായത്.

സ്‌ഫോടന കേസില്‍ 12 പേരെ 2015 ല്‍ വിചാരണ കോടതി കുറ്റക്കാരായി കണ്ടെത്തിയിരുന്നു. മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ടിന്റെ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. ഫൈസല്‍ ഷെയ്ഖ്, ആസിഫ് ഖാന്‍, കമാല്‍ അന്‍സാരി, എഹ്‌തെഷാം സിദ്ദുഖി, നവീദ് ഖാന്‍ എന്നീ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചു.

ഗൂഢാലോചനയില്‍ പങ്കാളികളായ മറ്റ് ഏഴ് പ്രതികളായ മുഹമ്മദ് സാജിദ് അന്‍സാരി, മുഹമ്മദ് അലി, ഡോ. തന്‍വീര്‍ അന്‍സാരി, മജിദ് ഷാഫി, മുസമ്മില്‍ ഷെയ്ഖ്, സൊഹൈല്‍ ഷെയ്ഖ്, സമീര്‍ ഷെയ്ഖ് എന്നിവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.