കൊച്ചി: കേരളത്തിലെ ദേശീയ പാത 66 ന്റെ ഭാഗമായ ഇടപ്പള്ളി-അരൂര്‍ എലിവേറ്റഡ് ഹൈവേ പാലാരിവട്ടത്ത് കൊച്ചി മെട്രോ വയഡക്റ്റിന് മുകളിലൂടെ കടന്നുപോകും. പ്രോജക്ട് കണ്‍സള്‍ട്ടന്റ് ദേശീയ പാത അതോറിറ്റിക്ക് സമര്‍പ്പിച്ച പുതുക്കിയ പ്രോജക്ട് റിപ്പോര്‍ട്ടില്‍ (ഡിപിആര്‍) ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നിര്‍മാണം പുരോഗമിക്കുന്ന ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം-ഇന്‍ഫോപാര്‍ക്ക് കൊച്ചി മെട്രോ സ്ട്രെച്ചിന്റെ ( പിങ്ക് ലൈന്‍) മുകളിലൂടെ ആയിരിക്കും ആറുവരി പാത കടന്നുപോവുക.
മെട്രോ വയഡക്റ്റിനും മുകളില്‍ 32 മീറ്റര്‍ ഉയരത്തിലാണ് ഫ്ളൈഓവര്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് മുതിര്‍ന്ന എന്‍എച്ച്എഐ ഉദ്യോഗസ്ഥനും വ്യക്തമാക്കുന്നു. ഹൈവേ നിര്‍മാണ കമ്പനിയായ ഭോപ്പാല്‍ ആസ്ഥാനമായുള്ള ഹൈവേ എഞ്ചിനീയറിങ് കണ്‍സള്‍ട്ടന്റ്സ് ലിമിറ്റഡ് നേരത്തെ സമര്‍പ്പിച്ച ഡിപിആറില്‍ നിര്‍മാണം പുരോഗമിക്കുന്ന മെട്രോ പാത പരിഗണിക്കപ്പെട്ടിരുന്നില്ല. ഇതോടെയാണ് അലൈന്‍മെന്റ് പരിഷ്‌കരിക്കാന്‍ നിര്‍ദേശം നല്‍കിയത്. ഒരു മാസത്തിനുള്ളില്‍ പരിഷ്‌കരിച്ച ഡിപിആര്‍ സമര്‍പ്പിക്കാന്‍ ആയിരുന്നു എന്‍എച്ച്എഐ കണ്‍സള്‍ട്ടന്റിനോട് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ അഞ്ച് മാസം വൈകിയാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം പദ്ധതിക്ക് 3,600 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ദേശീയ പാത അതോറിറ്റി അംഗീകാരത്തിന് ശേഷം തയ്യാറാക്കുന്ന അന്തിമ എസ്റ്റിമേറ്റില്‍ പദ്ധതി ചെലവ് ഇനിയും ഉയരുമെന്നാണ് വിലയിരുത്തല്‍. റോ (റൈറ്റ ഓഫ് വേ) പ്രകാരമാണ് പാതയുടെ നിര്‍മാണം പദ്ധയിട്ടിരിക്കുന്നത്. അതിനാല്‍ ഭൂമി ഏറ്റടുക്കല്‍ ഉള്‍പ്പെടെ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കില്ല. വളരെ കുറച്ച് ഭൂമി മാത്രമാണ് നിര്‍മാണത്തിന് ഏറ്റെടുക്കേണ്ടി വരികയെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
അതേസമയം, നിര്‍മാണം പുരോഗമിക്കുന്ന 12.75 കിലോമീറ്റര്‍ അരൂര്‍-തുറവൂര്‍ എലിവേറ്റഡ് ഹൈവേ പദ്ധതിയുടെ 65 ശതമാനം ജോലികളും എന്‍എച്ച്എഐ പൂര്‍ത്തിയാക്കി. 2026 ഫെബ്രുവരിയില്‍ നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അരൂര്‍-തുറവൂര്‍ എലിവേറ്റഡ് ഹൈവേയുടെ വിപുലീകരണമെന്ന നിലയില്‍ ആണ് പാലാരിവട്ടത്തെ ഫ്ളൈഓവര്‍ ഉള്‍പ്പെട്ട ഇടപള്ളി വരെയുള്ള പാത നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.