കോട്ടയം: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ഓര്‍ത്തഡോക്സ് സഭ.
ഭരണഘടനയുടെ 25-ാം അനുച്ഛേദ പ്രകാരം ഏത് മതത്തില്‍ വിശ്വസിക്കുന്നതിനും മത ആചാരങ്ങള്‍ പാലിക്കുന്നതിനും മതം പ്രചരിപ്പിക്കുന്നതിനുമുള്ള സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ ബാവ പറഞ്ഞു.
ഒരുവശത്ത് പീഡനവും മറുവശത്ത് പ്രീണനവും നടത്തുന്നത് ഇരുതോണിയില്‍ ചവിട്ടുന്നതു പോലെയാണ്. അത് സഭയ്ക്ക് സ്വീകരിക്കാനാവില്ല. ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ കൂടി വരുന്നതിന്റെ അര്‍ഥം, അത് നടത്തുന്ന ഭീകരവാദ സംഘടനകളെ നിയന്ത്രിക്കാനുള്ള കഴിവ് ഇല്ല എന്നതാണ്.
അങ്ങനെ നിയന്ത്രിച്ചാല്‍ അണികള്‍ നഷ്ടമാകുമെന്നായിരിക്കും അവര്‍ ഭയപ്പെടുന്നത്. ഇത്തരം അതിക്രമങ്ങള്‍ക്ക് പരോക്ഷമായി മോഡി സര്‍ക്കാരിന്റെ പിന്തുണയുണ്ടോ എന്നുപോലും സംശയിക്കുന്നുണ്ട്, ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ ബാവ പറഞ്ഞു.
ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ കാണുമ്പോള്‍ ക്രിസ്മസ് കേക്കുകളില്‍ വര്‍ഗീയത ഒളിപ്പിച്ചു കടത്തുന്നതായി തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് 'ക്രിസ്മസ് കേക്കുകളില്‍ വര്‍ഗീയതയില്ലല്ലോ. കേക്കിനകത്ത് മുട്ടയും മറ്റുമൊക്കെ അല്ലേ ഉള്ളത്. അതുകൊണ്ട് അതില്‍ വര്‍ഗീയത എന്നൊന്നും പറയാനാകില്ല. ഏതായിരുന്നാലും ഒരു ദിവസം കൊണ്ട് ലോകം അവസാനിക്കുന്നില്ല. അടുത്ത കേക്കും കൊണ്ട് വരട്ടേ അപ്പോള്‍ നോക്കാം' എന്നായിരുന്നു മറുപടി.
വ്യക്തി സ്വാതന്ത്ര്യത്തിന് ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ ഇല്ല. ഇന്ത്യയിലെ ഏതൊരു പൗരനും അതിന് അവകാശപ്പെട്ടതാണ്. ആ പൗരാവകാശത്തിന് മേല്‍ നടത്തിയ കയ്യേറ്റം, നിയമം കയ്യിലെടുത്ത അക്രമികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അദേഹം ആവശ്യപ്പെട്ടു.
ഇത്തരം സംഭവങ്ങള്‍ തുടരുന്നത് മതേതര-ജനാധിപത്യ രാജ്യമായ ഇന്ത്യക്ക് ഭൂഷണമല്ല. ഇന്ത്യയെ മറ്റു രാജ്യങ്ങള്‍ക്ക് മുന്നില്‍ കാപാലികന്മാരുടെ രാജ്യമായി കാണക്കാക്കുന്ന വിധത്തില്‍ അധപതിപ്പിക്കുന്ന പ്രവണതയുള്ള സംഘടനകളെ പരിപൂര്‍ണമായും നിരോധിക്കണമെന്നും ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ ബാവ പറഞ്ഞു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.