പേവിഷബാധ: സംസ്ഥാനത്ത് ഏഴ് മാസത്തിനിടെ മരിച്ചത് 23 പേര്‍; കൂടുതലും കുട്ടികള്‍

പേവിഷബാധ: സംസ്ഥാനത്ത് ഏഴ് മാസത്തിനിടെ മരിച്ചത് 23 പേര്‍; കൂടുതലും കുട്ടികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷബാധ ആശങ്ക ഒഴിയുന്നില്ല. കഴിഞ്ഞ ഏഴ് മാസത്തിനിടെ പേവിഷബാധയേറ്റ 23 പേരും മരിച്ചു. കഴിഞ്ഞ മാസം മാത്രം മൂന്ന് പേരുടെ ജീവനാണ് പൊലിഞ്ഞത്. തെരുവ് നായകളുടെ കടിയേറ്റ് മരിച്ചവരില്‍ അധികവും കുട്ടികളാണ്. തെരുവുനായ ആക്രമണം രൂക്ഷമായിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതോതില്‍ എത്തിയിട്ടില്ല. എബിസി ചട്ടം കൊണ്ട് യാതൊരു കാര്യവുമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

സുരക്ഷിതമായി ഇരിക്കാമെന്ന് കരുതുന്ന വീടിനുള്ളിലേക്ക് പോലും ചോര കൊതിച്ച് തെരുവ് നായ എത്തുന്ന സ്ഥിതി വിശേഷം നാട്ടിലുണ്ട്. കുട്ടികളും വയോധികരുമാണ് ഏറ്റവും അധികം തെരുവ് നായ ആക്രമണത്തിന് ഇരയാകുന്നത്.

ഇക്കഴിഞ്ഞ മാസം സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് പേവിഷബാധയേറ്റു. അവര്‍ മൂന്ന് പേരും മരണപ്പെടുകയും ചെയ്തു. ഓരോ മാസവും പേവിഷബാധയേറ്റ് മരിക്കുന്നവരുടെ എണ്ണം കൂടുകയാണ്. പേവിഷബാധ സ്ഥിരീകരിക്കുന്നവരില്‍ ആരും ജീവിതത്തിലേക്ക് തിരിച്ചെത്തുന്നുമില്ല. കഴിഞ്ഞ ഏഴ് മാസത്തിനിടെ സംസ്ഥാനത്തെ പേവിഷബാധ സ്ഥിരികരിച്ചത് 21 പേര്‍ക്കാണ്. മുഴുവന്‍ പേരും മരിച്ചു. രണ്ട് പേര്‍ക്ക് പേവിഷബാധ സംശയിച്ചു. അവരും മരണപ്പെടടിരുന്നു.

നായകളെ എബിസി കേന്ദ്രങ്ങളില്‍ എത്തിച്ച് വാക്‌സിന്‍ നല്‍കുന്നതിലും നൂലാമാലകള്‍ ഏറെയുണ്ട്. നിലവിലത്തെ സാഹചര്യത്തില്‍ ഒരു വര്‍ഷം 20000 നായകളെ മാത്രമേ എബിസി കേന്ദ്രങ്ങളില്‍ എത്തിച്ചു വാക്‌സിന്‍ നല്‍കാനാകു. എബിസി കേന്ദ്രങ്ങള്‍ കൊണ്ട് യാതൊരു പ്രയോജനവും ഇല്ലെന്നാണ് തദ്ദേശ വകുപ്പിന്റെ നിലപാട്.

സംസ്ഥാനത്ത് പേവിഷബാധ ഏല്‍ക്കുന്നതില്‍ 40 ശതമാനത്തിലധികവും കുട്ടികളാണ്. എല്ലാ കുട്ടികള്‍ക്കും പേവിഷ പ്രതിരോധ കുത്തിവെപ്പ് നല്‍കാനുള്ള പദ്ധതി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കും. നിലവില്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് തീരുമാനം.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.