കൊച്ചി: സംഘപരിവാര്‍ സംഘടനയായ ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ ഒഡീഷയില്‍ മലയാളി കത്തോലിക്ക വൈദികരേയും സന്യാസിനികളേയും മതബോധന അദ്യാപകനേയും ആക്രമിച്ച സംഭവത്തില്‍ സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍ ശക്തമായ പ്രതിഷേധം അറിയിച്ചു.
ബുധനാഴ്ച വൈകുന്നേരം ഒഡീഷയിലെ ജലേശ്വര്‍ ജില്ലയിലെ ഗംഗാധര്‍ ഗ്രാമത്തിലാണ് മതപരിവര്‍ത്തനം ആരോപിച്ച് ആക്രമണമുണ്ടായത്. ബാലസോര്‍ രൂപതയുടെ കീഴിലുള്ള വൈദികരായ ഫാ. ലിജോ നിരപ്പേല്‍, ഫാ. വി. ജോജോ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ബുധനാഴ്ച വൈകുന്നേരം ഗംഗാധര്‍ മിഷന്റെ കീഴിലുള്ള പള്ളിയില്‍ മരിച്ചവര്‍ക്കായുള്ള കുര്‍ബാന അര്‍പ്പിക്കാനാണ് രണ്ട് വൈദികരും രണ്ട് കന്യാസ്ത്രീകളും ഏതാനും മിഷന്‍ പ്രവര്‍ത്തകരും എത്തിയത്. ആരാധന കഴിഞ്ഞു മടങ്ങി വരുന്ന സമയത്ത് 70 ഓളം വരുന്ന ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തി വൈദികരെയും മതബോധന അധ്യാപകനേയും ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
വൈദികരുടെ മൊബൈല്‍ പിടിച്ചെടുക്കുകയും വാഹനങ്ങള്‍ക്ക് കേട് വരുത്തുകയും ചെയ്തു. 'ഒഡീഷ ബിജെപിയാണ് ഭരിക്കുന്നതെന്നോര്‍ക്കുക. ക്രിസ്ത്യാനികളെ ഇവിടെ വേണ്ട, നിങ്ങളെ ഇവിടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല' ഇങ്ങനെ അക്രമികള്‍ വിളിച്ചു പറഞ്ഞതായി ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി.
സംഭവസ്ഥലത്ത് പോലീസ് എത്തിയെങ്കിലും കേസെടുക്കാന്‍ തയ്യാറായില്ല എന്നത് നിയമ സംവിധാനങ്ങളെ വര്‍ഗീയ ശക്തികള്‍ നിയന്ത്രിക്കുന്നതിന്റെ തെളിവാണ്. ഛത്തീസ്ഘഡില്‍ ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ നിയമം കയ്യിലെടുത്ത് അഴിഞ്ഞാടിയിട്ടും ഭരണകൂടം ഒരു നടപടിയും എടുക്കാന്‍ തയ്യാറാവാത്തതാണ് വീണ്ടും അഴിഞ്ഞാടാനും ക്രൈസ്തവ ന്യുനപക്ഷത്തെ ആക്രമിക്കാനും സംഘപരിവാര്‍ സംഘടനകള്‍ക്ക് ധൈര്യം നല്‍കുന്നത്.
ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും പരിവാര്‍ സംഘടനകളുടെ തീവ്ര നിലപാടുകള്‍ മൂലം ജീവിക്കാന്‍ തന്നെ കഴിയാത്ത വിധം അരക്ഷിതാവസ്ഥയിലാണ് ക്രൈസ്തവര്‍. ജനാധിപത്യ അവകാശങ്ങള്‍ക്കു മേല്‍ കടന്നു കയറുന്ന വര്‍ഗീയ സംഘങ്ങള്‍ ഭാരതത്തിന്റെ മതേതര സ്വഭാവത്തെ തകര്‍ക്കുകയാണ്.
രാജ്യത്ത് ക്രൈസ്തവര്‍ക്ക് നേരെ വര്‍ധിച്ചു വരുന്ന അസഹിഷ്ണുതയില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുകയും ക്രൈസ്തവര്‍ക്ക് നീതി ഉറപ്പാക്കുകയും വേണമെന്ന് സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍ ആവശ്യപ്പെട്ടു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.