ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങില്ല; റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് തുടരും: നിലപാട് വ്യക്തമാക്കി ഇന്ത്യ

 ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങില്ല; റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് തുടരും: നിലപാട് വ്യക്തമാക്കി ഇന്ത്യ

ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ. ഇക്കാര്യത്തില്‍ ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങില്ലെന്നും ഇന്ത്യ വ്യക്തമാക്കി. കുറഞ്ഞ വിലയ്ക്ക് ആര് എണ്ണ നല്‍കിയാലും വാങ്ങും. പരിഗണിക്കുന്നത് വിപണിയിലെ സാഹചര്യമാണെന്നും റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് കുമാര്‍ പറഞ്ഞു.

റഷ്യയില്‍ നിന്നും ക്രൂഡോയില്‍ വാങ്ങുന്നുവെന്നതിന്റെ പേരില്‍ ഇന്ത്യയ്ക്കെതിരെ അമേരിക്ക ചുമത്തിയ 25 ശതമാനം അധിക തീരുവ നാളെ മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കെയാണ് വിനയ് കുമാറിന്റെ പ്രസ്താവന. റഷ്യയില്‍ നിന്നും കുറഞ്ഞ വിലയ്ക്കാണ് ഇന്ത്യയ്ക്ക് എണ്ണ ലഭിക്കുന്നത്. ദേശീയ താല്‍പര്യവും സാമ്പത്തിക താല്‍പര്യവുമാണ് ഇന്ത്യ പ്രധാനമായും പരിഗണിക്കുന്നത്. കുറഞ്ഞ വിലയ്ക്ക് എണ്ണ നല്‍കാന്‍ തയ്യാറുള്ള രാജ്യങ്ങളില്‍ നിന്നും എണ്ണ വാങ്ങും. ഇന്ത്യ-റഷ്യ ബന്ധം മുന്നോട്ട് പോകുമെന്നും വിനയ് കുമാര്‍ വ്യക്തമാക്കി.

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ ട്രംപ് ഭരണകൂടം ചുമത്തുന്ന ആകെ അധികതീരുവ 50 ശതമാനത്തിലേക്ക് ഉയരും. പുതിയ തീരുമാനം പ്രാബല്യത്തില്‍ വരുന്നതോടെ അമേരിക്ക ഏറ്റവും കൂടുതല്‍ ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യമായി ബ്രസീലിനൊപ്പം ഇന്ത്യയും മാറും. സ്വിറ്റ്‌സര്‍ലന്‍ഡ് 39 ശതമാനം, കാനഡ 35 ശതമാനം, ചൈന, ദക്ഷിണാഫ്രിക്ക 30 ശതമാനം, മെക്‌സിക്കോ 25 ശതമാനം എന്നീ രാജ്യങ്ങളാണ് ഉയര്‍ന്ന തീരുവ പട്ടികയില്‍ തൊട്ടുപിന്നാലെയുള്ളത്.
ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയെ പ്രേരിപ്പിക്കുക ലക്ഷ്യമിട്ടാണ്, വ്യാപാര പങ്കാളിയായ ഇന്ത്യയ്ക്ക് മേല്‍ അധിക തീരുവ ചുമത്തുന്നതെന്നാണ് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് വ്യക്തമാക്കിയത്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.