തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് 108 ആംബുലന്‍സ് ഓപ്പറേറ്റ് ചെയ്യാനുള്ള പദ്ധതിയില്‍ 250 കോടിയില്‍പരം രൂപയുടെ കമ്മീഷന്‍ തട്ടിപ്പ് നടന്നതായി മുന്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കും അന്നത്തെ ആരോഗ്യ മന്ത്രിക്കും ഈ ഇടപാടില്‍ പങ്കുണ്ട്. ഇതു സംബന്ധിച്ച രേഖകളും അദേഹം പുറത്തു വിട്ടു.
2019-24 കാലഘട്ടത്തില്‍ മന്ത്രിസഭയുടെ പ്രത്യേക അനുമതിയോടെ 517 കോടി രൂപയ്ക്കാണ് 315 ആംബുലന്‍സുകളുടെ നടത്തിപ്പ് അഞ്ച് വര്‍ഷത്തേക്ക് സെക്കന്തരാബാദ് ആസ്ഥാനമായ ബഹുരാഷ്ട്ര കമ്പനിക്ക് നല്‍കിയത്. പിന്നീട് ഒരു ആംബുലന്‍സ് കൂടി ചേര്‍ത്തു 316 ആക്കി.
എന്നാല്‍ ഇത്തവണ 2025-30 കാലഘട്ടത്തിലേക്ക് 335 ആംബുലന്‍സുകളുടെ നടത്തിപ്പിന് ഇതേ കമ്പനി ടെന്‍ഡര്‍ ചെയ്തിരിക്കുന്നത് 293 കോടി രൂപ മാത്രം. ചെലവ് വര്‍ധിച്ചിട്ടും കഴിഞ്ഞ തവണത്തേതിന്റെ പാതി തുകയില്‍, കൂടുതല്‍ ആംബുലന്‍സുകള്‍ ഓടിക്കാന്‍ കമ്പനിക്ക് കഴിയുമെങ്കില്‍ 2019 ലെ പ്രത്യേക മന്ത്രിസഭ അനുമതിയുടെ കമ്മീഷന്‍ ഗുണഭോക്താക്കള്‍ ആരൊക്കെയെന്ന് വ്യക്തമാക്കണം.
സെക്കന്തരാബാദ് ആസ്ഥാനമായ ജിവികെ ഇഎംആര്‍ഐ എന്ന കമ്പനിക്കാണ് 2019 ല്‍ എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി രണ്ടിരട്ടി തുകയ്ക്ക് പ്രത്യേക അനുമതിയോടെ കരാര്‍ നല്‍കിയത്. ബഹുരാഷ്ട്ര കമ്പനിയായ ജിവികെ ഗ്രൂപ്പിന്റെ ഭാഗമാണ് ജിവികെ ഇഎംആര്‍ഐ. ആദ്യം ടെന്‍ഡര്‍ നല്‍കിയ രണ്ട് കമ്പനികളില്‍ ഒന്നിനെ അയോഗ്യമാക്കിയ ശേഷം ആ ടെന്‍ഡര്‍ തന്നെ റദ്ദാക്കി. രണ്ടാമത് ക്ഷണിച്ച ടെന്‍ഡറില്‍ ജിവികെ മാത്രമായിരുന്നു പങ്കെടുത്തത്. അങ്ങനെ അവരുടെ ടെന്‍ഡര്‍ അംഗീകരിച്ചു.
2019ല്‍ ആംബുലന്‍സ് നടത്തിപ്പിന് ടെന്‍ഡര്‍ കൊടുത്ത ജിവികെ ഇഎംആര്‍ഐ രേഖപ്പെടുത്തിയ തുക യാതൊരു പരിശോധനയും കൂടാതെ മന്ത്രിസഭയുടെ മുമ്പാകെ വെച്ച് പ്രത്യേക അനുമതി നല്‍കുകയായിരുന്നു. ടെന്‍ഡര്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് പ്രത്യേക അനുമതി നല്‍കിയത്. ഇതുമൂലം കുറഞ്ഞ പക്ഷം ഖജനാവിന് 250 കോടിയുടെ എങ്കിലും നഷ്ടമുണ്ടായിട്ടുണ്ട്. അന്ന് 316 ആംബുലന്‍സുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാണ് 517 കോടി.
എന്നാല്‍ ഇക്കുറി ടെന്‍ഡര്‍ പ്രക്രിയയില്‍ മറ്റു കമ്പനികളും പങ്കെടുത്ത് മത്സരം വന്നതോടെ 14 അഡ്വാന്‍സ് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സുകളും ആറ് നിയോനേറ്റല്‍ ആംബുലന്‍സുകളും അടക്കം 19 ആംബുലന്‍സുകള്‍ അധികമുണ്ടായിട്ടും ഈ കമ്പനി ക്വോട്ട് ചെയ്തത് 293 കോടി മാത്രം.
ഇന്ധനവിലയിലും സ്പെയര്‍പാര്‍ട്‌സ് വിലയിലും അഞ്ച് വര്‍ഷം മുമ്പത്തേക്കാള്‍ ഏതാണ്ട് 30 ശതമാനം വര്‍ധനവും കൂടുതല്‍ ആംബുലന്‍സുകളും ഉണ്ടായിട്ടും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 43 ശതമാനം തുക കുറച്ചാണ് ഇപ്പോള്‍ ക്വോട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ തവണ വന്‍തുക നല്‍കിയതെന്തിനാണ് എന്ന വിഷയത്തില്‍ മുഖ്യമന്ത്രിയും മുന്‍ ആരോഗ്യ മന്ത്രിയും മറുപടി പറയാന്‍ ബാധ്യസ്ഥരാണെന്നും ചെന്നിത്തല പറഞ്ഞു.
ഒരു പദ്ധതിയുടെ നടത്തിപ്പിന്റെ അത്രയും തന്നെ തുക കമ്മിഷന്‍ അടിക്കുന്ന പ്രവര്‍ത്തനമാണ് ഒന്നാം പിണറായി സര്‍ക്കാരും രണ്ടാം പിണറായി സര്‍ക്കാരും നടത്തിക്കൊണ്ടിരിക്കുന്നത്. അനര്‍ട്ടിലും നടന്നത് പദ്ധതി ചെലവിന്റെ അത്രയും തന്നെ തുകയുടെ ക്രമക്കേടാണ്. തൊട്ടതിലെല്ലാം അഴിമതി കാണിക്കുന്ന ഈ കമ്മീഷന്‍ സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും വിശദമായ അന്വേഷണത്തിന് വിധേയമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.