ന്യൂഡല്‍ഹി: ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ചതിലുള്ള രാഷ്ട്രപതിയുടെ റഫറന്‍സില്‍ സുപ്രീം കോടതി ഭരണഘടന ബഞ്ച് ഇന്ന് വാദം കേള്‍ക്കും. തമിഴ്നാട് വിധിയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രപതി ഉന്നയിച്ച റഫറന്‍സിന്മേല്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചില്‍ വാദം തുടരുകയാണ്.
ബില്ലുകള്‍ ആറ് മാസത്തോളം തടഞ്ഞു വയ്ക്കുന്നത് ന്യായീകരിക്കാന്‍ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം നടന്ന വാദത്തില്‍ ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായി വ്യക്തമാക്കിയിരുന്നു. ബില്ലുകളിലെ തീരുമാനമെടുക്കലില്‍ ഗവര്‍ണറുടെയോ രാഷ്ട്രപതിയുടെയോ നടപടി ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വാദിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ആര്‍. ഗവായിയുടെ നിരീക്ഷണം.
റഫറന്‍സിനെ അനുകൂലിക്കുന്നവരുടെ വാദം പൂര്‍ത്തിയായിരുന്നു. കേരളവും തമിഴ്‌നാടും എതിര്‍വാദം ഉന്നയിക്കും. ഒരു ഭരണഘടനാ സ്ഥാപനം ചുമതല നിര്‍വഹിക്കുന്നില്ലെങ്കില്‍ മറ്റൊരു ഭരണഘടനാ സ്ഥാപനത്തിന് നിര്‍ദേശം നല്‍കാന്‍ സാധിക്കില്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയക്രമം നിശ്ചയിച്ചുകൊണ്ട് തമിഴ്നാട് കേസില്‍ രണ്ടംഗ ബെഞ്ച് പുറപ്പെടുവിച്ച വിധിയെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും ചീഫ് ജസ്റ്റിസ് അന്ന് വ്യക്തമാക്കിയിരുന്നു.
നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണറോ രാഷ്ട്രപതിയോ കൈകാര്യം ചെയ്തതില്‍ മൗലികാവകാശ ലംഘനം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങള്‍ക്ക് റിട്ട് ഹര്‍ജി നല്‍കാനാവില്ലെന്നാണ് കേന്ദ്രത്തിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചത്.
ഈ വിഷയത്തില്‍ സുപ്രീം കോടതിയുടെ അഭിപ്രായമറിയാന്‍ രാഷ്ട്രപതി ആഗ്രഹിക്കുന്നുണ്ട്. രാഷ്ട്രപതിയോ ഗവര്‍ണറോ കോടതിയില്‍ മറുപടി പറയാന്‍ ബാധ്യസ്ഥരല്ലെന്ന ഭരണഘടനയുടെ 361-ാം അനുച്ഛേദത്തിന്റെ വ്യാപ്തിയെക്കുറിച്ചും നിലപാടറിയിക്കണം. ഭാവിയിലും ഉയര്‍ന്നുവരാവുന്ന പ്രശ്‌നമാണിതെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.