'കൊളോണിയല്‍ യുഗം കഴിഞ്ഞു; എഷ്യയിലെ വന്‍ ശക്തികളായ ഇന്ത്യയോടും ചൈനയോടും സംസാരിക്കേണ്ട ഭാഷ ഇതല്ല': ട്രംപിനോട് പുടിന്‍

'കൊളോണിയല്‍ യുഗം കഴിഞ്ഞു; എഷ്യയിലെ വന്‍ ശക്തികളായ  ഇന്ത്യയോടും ചൈനയോടും സംസാരിക്കേണ്ട ഭാഷ ഇതല്ല': ട്രംപിനോട് പുടിന്‍

മോസ്‌കോ: സാമ്രാജ്യത്വത്തിന്റെയും ഏക ലോകത്തിന്റെയും കാലം കഴിഞ്ഞുവെന്നും ഇന്ത്യയോടും ചൈനയോടും സംസാരിക്കേണ്ട ഭാഷ ഇതല്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.

സാമ്പത്തികമായ സമ്മര്‍ദ്ദങ്ങളിലൂടെ ഏഷ്യയിലെ രണ്ട് വലിയ ശക്തികളെ വരുതിയില്‍ നിര്‍ത്താനാണ് അമേരിക്ക ശ്രമിക്കുന്നത്. റഷ്യയുടെ പങ്കാളികളായ ഈ രാജ്യങ്ങളിലെ ഭരണാധികാരികളെ ദുര്‍ബലരാക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നും പുടിന്‍ ആരോപിച്ചു.

150 കോടി ജനങ്ങളുള്ള ഇന്ത്യ, ശക്തമായ സമ്പദ് വ്യവസ്ഥയുള്ള ചൈന. ഇവര്‍ക്ക് അവരുടേതായ ആഭ്യന്തര സംവിധാനങ്ങളും നിയമങ്ങളുമൊക്കെയുണ്ട്. അവരുടെ നേതാക്കളെ വിഷമ സന്ധിയിലാക്കി ശിക്ഷ നടപ്പിലാക്കാമെന്ന് കരുതേണ്ടെന്നും പുട്ടിന്‍ കൂട്ടിച്ചേര്‍ത്തു.

കൊളോണിയലിസം പോലെ ഇരു രാജ്യങ്ങള്‍ക്കും ചരിത്രത്തില്‍ ദുഷ്‌കരമായ കാലഘട്ടമുണ്ടായിരുന്നു. കൊളോണിയല്‍ യുഗം കഴിഞ്ഞുവെന്ന് അമേരിക്ക മനസിലാക്കണം. പങ്കാളികളായ രാജ്യങ്ങളോട് ഇത്തരത്തില്‍ പെരുമാറാനാകില്ലെന്നും തിരിച്ചറിയണം.

എന്നാല്‍ എല്ലാം ശരിയാകുമെന്ന പ്രതീക്ഷയും പുടിന്‍ പങ്കുവെച്ചു. റഷ്യയില്‍ നിന്ന് ക്രൂഡോയില്‍ വാങ്ങുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയ്‌ക്കെതിരെ കൂടുതല്‍ നടപടികള്‍ കൈക്കൊള്ളുമെന്ന ട്രംപിന്റെ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിലാണ് പുടിന്റെ പരാമര്‍ശം.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.