ന്യൂയോര്‍ക്ക്: റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും മേല്‍ കൂടുതല്‍ തീരുവ ചുമത്താന്‍ ജി-7 രാജ്യങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം. ബ്രിട്ടീഷ് ദിനപത്രമായ ഫിനാന്‍ഷ്യല്‍ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങുന്നതിന്റെ പേരില്‍ നേരത്തെ തന്നെ ഇരു രാജ്യങ്ങള്‍ക്കും എതിരെ നടപടി ശക്തമാക്കിയിട്ടുള്ള യു.എസ് കൂടുതല്‍ സമ്മര്‍ദ്ദത്തിനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്.
യു.എസ് നിര്‍ദ്ദേശിച്ച തീരുവ ലെവലുകള്‍ 50 മുതല്‍ 100 ശതമാനം വരെ ആയിരിക്കും. കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, യു.കെ, യു.എസ് എന്നി ജി-7 രാജ്യങ്ങളിലെ ധനമന്ത്രിമാര്‍ വെള്ളിയാഴ്ച വീഡിയോ കോളിലൂടെ ഈ നിര്‍ദേശം ചര്‍ച്ച ചെയ്യും. ശേഷം ഒരു തീരുമാനത്തില്‍ എത്തുമെന്നാണ് വിവരം.
അതേസമയം യു.എസ് നിര്‍ദേശം അംഗീകരിക്കപ്പെടുകയാണെങ്കില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും അത് ഒരുപോലെ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.
യൂറോപ്യന്‍ യൂണിയനും യു.എസ് ചുമത്തിയ പോലെ സമാനമായ രീതിയില്‍ ഇരുരാജ്യങ്ങള്‍ക്കുമെതിരെ തീരുവ നടപ്പാക്കണമെന്ന് ഡൊണാള്‍ഡ് ട്രംപ് അഭ്യര്‍ത്ഥിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. നാല് ഭാഗത്ത് നിന്നും വ്യാപാര ശക്തി ഉപയോഗിച്ച് റഷ്യയെ വരിഞ്ഞുമുറുക്കുകയാണ് യു.എസ് ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമായാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് മേല്‍ കൂടുതല്‍ തീരുവ എന്ന ആശയം യു.എസ് പ്രസിഡന്റ് മുന്നോട്ട് വയ്ക്കുന്നത്.
ചൈനയും ഇന്ത്യയും റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങുന്നത് പുടിന്റെ യുദ്ധ യന്ത്രത്തിന് ധനസഹായം നല്‍കാന്‍ കാരണമാകുന്നു. നമ്മുടെ യൂറോപ്യന്‍ യൂണിയന്‍ സഖ്യകക്ഷികളോട് തങ്ങള്‍ ആവശ്യപ്പെട്ടിരുന്നത്, അവര്‍ക്ക് യുദ്ധം അവസാനിപ്പിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍, അവര്‍ തങ്ങളോടൊപ്പം ചേരുകയും യുദ്ധം അവസാനിക്കുന്ന ദിവസം റദ്ദാക്കപ്പെടുന്ന തീരുവകള്‍ ചുമത്തുകയും വേണം എന്നായിരുന്നു ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്.
എന്നാല്‍ ട്രംപിന്റെ ആവശ്യം പെട്ടെന്നൊന്നും നടപ്പാവാന്‍ സാധ്യത ഇല്ലെന്നാണ് വിലയിരുത്തല്‍. എന്തെന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ ഇക്കാര്യത്തില്‍ പ്രതിസന്ധിയിലാണ്. സാമ്പത്തിക അപകട സാധ്യതകളും ചൈനയില്‍ നിന്നുള്ള പ്രതികാര നടപടികളും കണക്കിലെടുക്കുമ്പോള്‍, രണ്ട് പ്രധാന വ്യാപാര പങ്കാളികള്‍ക്ക് മേല്‍ ഉയര്‍ന്ന തീരുവ ചുമത്താന്‍ ഉദ്യോഗസ്ഥര്‍ മടിക്കുന്നു.
ഇനി ജി-7 ഇക്കാര്യത്തില്‍ എന്ത് നിലപാട് എടുക്കുമെന്നാണ് കണ്ടറിയേണ്ടത്. അവരും യൂറോപ്യന്‍ യൂണിയന്റെ അതേപാത പിന്തുടരുമോ അതല്ലെങ്കില്‍ ട്രംപിന്റെ ആവശ്യം അംഗീകരിക്കുമോ എന്നത് നിര്‍ണായകമാണ്. എന്തെന്നാല്‍ ഈ രാജ്യങ്ങള്‍ ഇന്ത്യയുമായി വളരെ വലിയ വ്യാപാര ബന്ധങ്ങള്‍ വച്ചുപുലര്‍ത്തുന്നവയാണ്.
നേരത്തെ റഷ്യന്‍ എണ്ണ വാങ്ങുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയ്ക്ക് മേല്‍ നിലവിലുള്ള തീരുവയ്ക്ക് പുറമേ അധികമായി 25 ശതമാനം തീരുവ കൂടി ഡൊണാള്‍ഡ് ട്രംപ് ചുമത്തിയത്. ഇതോടെ ഇന്ത്യയ്ക്ക് മേലുളള ആകെ തീരുവ 50 ശതമാനമായിരുന്നു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.