വാഷിങ്ടന്‍: ഖത്തറിനെ അനുനയിപ്പിക്കാന്‍ നീക്കവുമായി അമേരിക്ക. ദോഹയില്‍ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് യു.എസ് നീക്കം. യു.എസ് സന്ദര്‍ശനത്തിനെത്തിയ ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ ബിന്‍ ജാസിം അല്‍താനി വൈറ്റ് ഹൗസില്‍ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സുമായും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായും കൂടിക്കാഴ്ച നടത്തി.
ഇസ്രയേല്‍ ആക്രമണങ്ങളെക്കുറിച്ചും യു.എസ്-ഖത്തര്‍ സുരക്ഷാ ക്രമീകരണത്തെക്കുറിച്ചും ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ഖത്തര്‍ പ്രധാനമന്ത്രിക്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അത്താഴവിരുന്ന് നല്‍കുമെന്നാണ് വൈറ്റ് ഹൗസ് വക്താവ് വെളിപ്പെടുത്തുന്നത്. ചര്‍ച്ചകളില്‍ യു.എസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും പങ്കെടുക്കും. ചൊവ്വാഴ്ച ഖത്തറില്‍ സംഭവിച്ചത് പോലെയുള്ള ആക്രമണങ്ങള്‍ ഇനി ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ലെന്ന് ട്രംപ് ഉറപ്പ് നല്‍കിയിരുന്നു.
സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഉടന്‍ ഇസ്രയേല്‍ സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണങ്ങളുടെ ഫലമായി ഖത്തറും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ സങ്കീര്‍ണ്ണമായിക്കൊണ്ടിരിക്കുന്നു എന്നതാണ് ആശങ്കയെന്നും അത് പരിഹരിക്കാനുള്ള വഴി തേടുകയാണെന്നും അല്‍ ജസീറയുടെ പ്രതിനിധി ഹാല്‍ക്കെറ്റ് പറഞ്ഞു. ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ ദോഹയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തെക്കുറിച്ചും ഗാസയ്ക്കെതിരായ ഇസ്രയേലിന്റെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുമെന്നും ഹാല്‍ക്കെറ്റ് വ്യക്തമാക്കി.
ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ചൊവ്വാഴ്‌യാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണം നടത്തിയത് തങ്ങളാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ ഖത്തര്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.