കനത്ത മഴയിലും പ്രളയക്കെടുതിയിലും കൊല്‍ക്കത്തയില്‍ അഞ്ച് മരണം; മെട്രോ സര്‍വീസുകള്‍ ഉള്‍പ്പെടെ നിലച്ചു, സ്‌കൂളുകള്‍ക്ക് അവധി

കനത്ത മഴയിലും പ്രളയക്കെടുതിയിലും കൊല്‍ക്കത്തയില്‍ അഞ്ച് മരണം; മെട്രോ സര്‍വീസുകള്‍ ഉള്‍പ്പെടെ നിലച്ചു, സ്‌കൂളുകള്‍ക്ക് അവധി

വിമാനങ്ങള്‍ വൈകിയേക്കുമെന്ന് എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കനത്ത മഴ തുടരുന്നു. കൊല്‍ക്കത്തയില്‍ കനത്ത മഴയിലും പ്രളയക്കെടുതിയിലും അഞ്ച് പേര്‍ മരിച്ചു. കഴിഞ്ഞ രാത്രി മുതല്‍ തുടരുന്ന കനത്ത മഴയെത്തുടര്‍ന്ന് നഗരത്തിന്റെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിലായി. ബെനിയാപുകൂര്‍, കലികാപൂര്‍, നേതാജി നഗര്‍, ഗരിയാഹട്ട്, ഏക്ബാല്‍പൂര്‍ എന്നിവിടങ്ങളിലാണ് മഴക്കെടുതികളില്‍ മരണം സംഭവിച്ചത്.

കൊല്‍ക്കത്തയുടെ മധ്യ, ദക്ഷിണ മേഖലകളെല്ലാം പ്രളയക്കെടുതി രൂക്ഷമാണ്. വെള്ളക്കെട്ടിനെത്തുടര്‍ന്ന് ഗതാഗതവും താറുമാറായി. സബര്‍ബന്‍ റെയില്‍, മെട്രോ സര്‍വീസുകളും തടസപ്പെട്ടു. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയതിനെത്തുടര്‍ന്ന് വന്‍ നാശനഷ്ടമുണ്ടായി.

കനത്ത മഴയും പ്രളയക്കെടുതിയും മൂലം നിരവധി സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. നഗരത്തിന്റെ തെക്ക്, കിഴക്കന്‍ മേഖലകളിലാണ് അതിശക്ത മഴയുണ്ടായത്. ഗാരിയ കാംദഹാരിയില്‍ ഏതാനും മണിക്കൂറുകള്‍ക്കിടെ 332 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. ജോധ്പൂര്‍ പാര്‍ക്കില്‍ 285 മില്ലിമീറ്റര്‍, കാളിഘട്ടില്‍ 280 മില്ലിമീറ്റര്‍, ടോപ്സിയയില്‍ 275 മില്ലിമീറ്റര്‍, ബാലിഗഞ്ചില്‍ 264 മില്ലിമീറ്റര്‍ എന്നിങ്ങനെ മഴ പെയ്തു.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ ഫലമായാണ് മഴ ശക്തമായതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വെള്ളക്കെട്ട് കാരണം വിമാനങ്ങള്‍ വൈകിയേക്കുമെന്ന് എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും അറിയിപ്പ് നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.