'ഇസ്രയേലുമായി സഹകരിക്കുന്നു': ഗാസയില്‍ മൂന്ന് പാലസ്തീന്‍ യുവാക്കളെ പരസ്യമായി വധിച്ച് ഹമാസിന്റെ കൊടും ക്രൂരത

'ഇസ്രയേലുമായി സഹകരിക്കുന്നു':  ഗാസയില്‍ മൂന്ന് പാലസ്തീന്‍ യുവാക്കളെ പരസ്യമായി വധിച്ച് ഹമാസിന്റെ കൊടും ക്രൂരത

ഗാസ: ഇസ്രയേലുമായി സഹകരിക്കുന്നു എന്ന കുറ്റം ചുമത്തി മൂന്ന് പാലസ്തീന്‍ യുവാക്കളെ ഹമാസ് തീവ്രവാദികള്‍ പരസ്യമായി വധിച്ചു. ഗാസ സിറ്റിയിലെ ഷിഫ ആശുപത്രിക്ക് മുന്നില്‍ വച്ചാണ് ഹമാസ് ഈ ക്രൂരത നടത്തിയത്.

കണ്ണ് കെട്ടി, പരസ്യമായി മുട്ടുകുത്തി പൊതു നിരത്തില്‍ നിര്‍ത്തി തലയ്ക്ക് പിന്നില്‍ വെടിവെച്ചാണ് മൂന്നു പേരെയും വധിച്ചത്. വധ ശിക്ഷയ്ക്ക് തൊട്ടു മുമ്പുള്ള നിമിഷങ്ങള്‍ കാണിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഇസ്രയേലുമായി സഹകരിച്ചവര്‍ക്കെതിരെ നടപ്പാക്കുന്ന 'വിപ്ലവകരമായ വിധി' ഇതാണെന്നും ഇസ്രയേലുമായി സഹകരിക്കാന്‍ ശ്രമിക്കുന്ന ഏതൊരാള്‍ക്കും വ്യക്തമായ സന്ദേശവും താക്കീതും നല്‍കാനാണ് വധശിക്ഷ പൊതുസ്ഥലത്ത് വച്ച് നടപ്പാക്കുന്നതെന്നും ഹമാസ് നിയന്ത്രണത്തിലുള്ള ഗാസ സര്‍ക്കാരിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹമാസിനെ എതിര്‍ക്കുന്ന ഗോത്രങ്ങള്‍ക്ക് ഇസ്രയേല്‍ ആയുധം നല്‍കുന്നുണ്ടെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ജൂണില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഏത് ഗോത്രത്തിനാണെന്ന് അദേഹം വെളിപ്പെടുത്തിയില്ല.


ഹമാസ് വിരുദ്ധരില്‍ പ്രമുഖന്‍ ഇസ്രയേല്‍ നിയന്ത്രണത്തിലുള്ള തെക്കന്‍ ഗാസയിലെ റഫയില്‍ പ്രവര്‍ത്തിക്കുന്ന യാസര്‍ അബു ഷബാബ് ആണ്. ഇസ്രയേലുമായി തനിക്ക് ബന്ധമില്ലെന്നാണ് അബു ഷബാബിന്റെ വാദം. ഞായറാഴ്ച വധിക്കപ്പെട്ടവരില്‍ ചിലര്‍ക്ക് അബു ഷബാബുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് ഹമാസിന്റെ ആരപണം.

ഗാസയില്‍ ഇസ്രയേലിന്റെ യുദ്ധം രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ ഹമാസിനെതിരെ ഗാസയുടെ പല ഭാഗങ്ങളിലും സായുധരായ പാലസ്തീന്‍കാരുടെ സംഘങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വടക്കന്‍ ഗാസയിലെ ബെയ്ത് ലാഹിയ, ഷെജായിയ എന്നിവിടങ്ങളിലും തെക്ക് കിഴക്കന്‍ ഖാന്‍ യൂനിസിലുമാണ് പ്രധാനമായും ഇവരുടെ പ്രവര്‍ത്തന കേന്ദ്രങ്ങള്‍.

ഹമാസ് ദുര്‍ബലമാണെങ്കിലും ഒരു വെടിനിര്‍ത്തല്‍ ഉണ്ടായാല്‍ എതിരാളികളെ വേഗത്തില്‍ അടിച്ചമര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞേക്കും. എന്നാല്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ഇസ്രയേല്‍ നിയന്ത്രിത ഗാസ പ്രദേശങ്ങളിലാണ് വിമതര്‍ നിലയുറപ്പിച്ചിരിക്കുന്നത്. ഇതാണ് ഹമാസ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

അബു ഷബാബിന്റെ സായുധ സംഘം അടുത്തിടെ പോലീസിലും സുരക്ഷാ രംഗത്തും പരിചയമുള്ളവരെ തങ്ങളുടെ ഗ്രൂപ്പിലേക്ക് ക്ഷണിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പരസ്യം നല്‍കിയിരുന്നു. 3,000 മുതല്‍ 5,000 ഷെക്കല്‍ വരെ പ്രതിമാസ ശമ്പളമാണ് വാഗ്ദാനം ചെയ്തിരുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.