ഗാസ സമാധാന പദ്ധതി പ്രഖ്യാപിച്ച് അമേരിക്ക: ട്രംപിന്റെ 20 നിര്‍ദേശങ്ങള്‍ അംഗീകരിച്ച് നെതന്യാഹു; പരിശോധിച്ച് നിലപാട് അറിയിക്കുമെന്ന് ഹമാസ്

ഗാസ സമാധാന പദ്ധതി പ്രഖ്യാപിച്ച് അമേരിക്ക: ട്രംപിന്റെ 20 നിര്‍ദേശങ്ങള്‍ അംഗീകരിച്ച് നെതന്യാഹു; പരിശോധിച്ച് നിലപാട് അറിയിക്കുമെന്ന് ഹമാസ്

വാഷിങ്ടണ്‍: ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി സമാധാന പദ്ധതി പ്രഖ്യാപിച്ച് അമേരിക്ക. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വൈറ്റ് ഹൗസിലെത്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സമാധാന പദ്ധതി പുറത്തിറക്കിയത്.

യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് മുന്നോട്ട് വെച്ച 20 നിര്‍ദേശങ്ങള്‍ നെതന്യാഹു അംഗീകരിക്കുകയായിരുന്നു. നിര്‍ദേശങ്ങള്‍ പരിശോധിച്ച് ഹമാസും നിലപാട് അറിയിക്കും എന്നാണ് സൂചന. പദ്ധതി ഹമാസ് നിരസിച്ചാല്‍ ഇസ്രയേല്‍ ജോലി പൂര്‍ത്തിയാക്കുമെന്ന് നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്. ഇരു വിഭാഗവും കരാര്‍ അംഗീകരിച്ചാല്‍ യുദ്ധം ഉടന്‍ അവസാനിക്കും. ഇസ്രയേല്‍ പ്രത്യക്ഷമായി കരാര്‍ അംഗീകരിച്ച് 72 മണിക്കൂറിനകം മുഴുവന്‍ ബന്ദികളെയും ഹമാസ് മോചിപ്പിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ഗാസയുടെ പുനര്‍ നിര്‍മാണത്തിന് ട്രംപിന്റെ അധ്യക്ഷതയില്‍ ഇടക്കാല രാജ്യാന്തര സമിതി രൂപീകരിക്കും. മുന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ടോണി ബ്ലയര്‍ അതില്‍ അംഗമാകും. മറ്റ് അംഗങ്ങളുടെ പേരുകള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. സൈനിക നടപടികള്‍ അവസാനിപ്പിക്കുക, ഗാസയിലേക്ക് ഉടനടി സഹായം എത്തിക്കുകയെന്നതും നിര്‍ദേശത്തില്‍ ഉള്‍പ്പെടുന്നു. ഹമാസിനും മറ്റ് ഭീകര സംഘടനകള്‍ക്കും സമിതിയിലോ ഗാസയുടെ ഭാവി ഭരണത്തിലോ നേരിട്ടോ അല്ലാതെയോ, ഒരു നിലയിലും യാതൊരു പങ്കും ഉണ്ടാകില്ല.

മാത്രമല്ല ഗാസയിലെ സഹായ വിതരണം യുഎന്‍, റെഡ് ക്രസന്റ് ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ വഴി നടത്തും. ഇസ്രയേല്‍ സൈന്യം ഗാസയില്‍ നിന്ന് ഘട്ടം ഘട്ടമായി പിന്മാറും. പാലസ്തീന്‍ പ്രദേശങ്ങള്‍ താല്‍കാലികമായി ഭരിക്കുന്നതിന് നോണ്‍-പൊളിറ്റിക്കല്‍ സമിതി രൂപീകരിക്കും തുടങ്ങിയവയാണ് ട്രംപിന്റെ 20 നിര്‍ദേശങ്ങള്‍. ഗാസ വിട്ടുപോകാന്‍ ആരെയും നിര്‍ബന്ധിക്കില്ല. എന്നാല്‍ പോകാന്‍ തീരുമാനിക്കുന്നവരെ അതിന് അനുവദിക്കും. ഗാസ മുനമ്പില്‍ നില്‍ക്കുന്നവര്‍ക്ക് നല്ലൊരു ഭാവി കെട്ടിപ്പടുക്കാനുള്ള അവസരം നല്‍കുമെന്നും പദ്ധതിയില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.