ശബരിമലയിലെ സ്വര്‍ണം മോഷ്ടിച്ചതില്‍ ദേവസ്വം ബോര്‍ഡിനും പങ്ക്; അയ്യപ്പന് പോലും സംരക്ഷണം കൊടുക്കേണ്ട ഗതികേടെന്ന് വി.ഡി സതീശന്‍

ശബരിമലയിലെ സ്വര്‍ണം മോഷ്ടിച്ചതില്‍ ദേവസ്വം ബോര്‍ഡിനും പങ്ക്;  അയ്യപ്പന് പോലും സംരക്ഷണം കൊടുക്കേണ്ട ഗതികേടെന്ന്  വി.ഡി സതീശന്‍

തിരുവനന്തപുരം: ശബരിമലയില്‍ സ്വര്‍ണം മോഷ്ടിക്കപ്പെട്ട സംഭവത്തില്‍ ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും കൃത്യമായ പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.

ശബരിമല അയ്യപ്പന് പോലും സംരക്ഷണം കൊടുക്കേണ്ട ഗതികേടാണിപ്പോള്‍. നടപടിക്രമങ്ങള്‍ ഒന്നും സുതാര്യമല്ല. ശബരിമലയിലെ സ്വര്‍ണം അടിച്ചു മാറ്റി. അറ്റകുറ്റപ്പണിക്ക് ദ്വാരപാലക ശില്‍പങ്ങള്‍ ചെന്നൈയില്‍ എത്താന്‍ സമയമെടുത്തു. സ്വര്‍ണം നഷ്ടപ്പെട്ടു എന്നറിഞ്ഞിട്ടും എല്ലാം മൂടി വച്ചുവെന്നും വി.ഡി സതീശന്‍ പറഞ്ഞു.

യാതൊരുവിധ നടപടിക്രമങ്ങളും പാലിക്കാതെയാണ് ഇത് കൊണ്ടുപോയിരിക്കുന്നത്. ഹൈക്കോടതിയുടെ കൃത്യമായ നിരീക്ഷണത്തില്‍ മാത്രമേ ഇവിടെ നിന്ന് സാധനങ്ങള്‍ കൊണ്ടുപോകാന്‍ പാടുള്ളൂ. സ്വര്‍ണം പൂശണമെങ്കില്‍ ആ അമ്പലത്തിന്റെ പരിസരത്ത് വെച്ച് തന്നെ പൂശണം, ഇത് പുറത്തേക്ക് കൊണ്ടുപോകാന്‍ പാടില്ല.

ശില്‍പങ്ങള്‍ ചെന്നൈയില്‍ എത്തിച്ചത് 39-40 ദിവസങ്ങള്‍ കഴിഞ്ഞിട്ടാണ്. 39 ദിവസവും ഇവ എവിടെയായിരുന്നു എന്ന് അന്വേഷിക്കണം. ചെമ്പിന്റെ ഇതേ മോഡലിലുള്ള ഒരു മോള്‍ഡ് ഉണ്ടാക്കുന്ന തിരക്കിലായിരുന്നു ആ ദിവസം മുഴുവന്‍ എന്നും സ്വര്‍ണം അവിടെയെത്തിയിട്ടില്ലെന്നും ഇവിടെ വെച്ച് തന്നെ അടിച്ചു മാറ്റിയിട്ടുണ്ടെന്നും അദേഹം ആരോപിച്ചു.

സ്വര്‍ണം പുറത്തേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചത് ആരാണ്? ആവശ്യമുള്ളപ്പോള്‍ എടുത്തു മാറ്റാന്‍ പറ്റുന്ന സാങ്കേതിക വിദ്യയിലാണ് സ്വര്‍ണം പൂശിയിരുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റി ആരാണ്? ഉത്തരവാദികളെ കണ്ടെത്തി നടപടിയെടുക്കണം. ദേവസ്വം വിജിലന്‍സ് മാത്രം കേസ് അന്വേഷിച്ചാല്‍ പോരാ എന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അടക്കം രാജിവച്ചു പുറത്തു പോകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.