'രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ചുമയ്ക്കും ജലദോഷത്തിനും ഇനി മുതല്‍ സിറപ്പുകള്‍ നല്‍കരുത്': സുപ്രധാന ഉത്തരവുമായി കര്‍ണാടക സര്‍ക്കാര്‍

'രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ചുമയ്ക്കും ജലദോഷത്തിനും ഇനി മുതല്‍ സിറപ്പുകള്‍ നല്‍കരുത്': സുപ്രധാന ഉത്തരവുമായി കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ചുമ, ജലദോഷം എന്നിവയ്ക്കുള്ള സിറപ്പുകള്‍ നിര്‍ദേശിക്കുകയോ നല്‍കുകയോ ചെയ്യരുതെന്ന കര്‍ശന ഉത്തരവുമായി കര്‍ണാടക ആരോഗ്യ വകുപ്പ്. സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങള്‍ക്കാണ് നിര്‍ദേശം നല്‍കിയത്.

മധ്യപ്രദേശിലും രാജസ്ഥാനിലും ചുമ മരുന്ന് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ആശുപത്രികള്‍ക്ക് പുറമെ ഫാര്‍മസികള്‍ക്കും ക്ലിനിക്കുകള്‍ക്കും ഡോക്ടര്‍മാര്‍ക്കും അടക്കം എല്ലാവര്‍ക്കും ഈ ഉത്തരവ് ബാധകമാണ്.

തമിഴ്നാട് ആസ്ഥാനമായുള്ള ശ്രേശന്‍ ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മിക്കുന്ന കോള്‍ഡ്രിഫ് സിറപ്പ് (ബാച്ച് നമ്പര്‍ SR-13) കഴിച്ചതിനെ തുടര്‍ന്നാണ് മധ്യപ്രദേശില്‍ കുട്ടികള്‍ മരിച്ചത്. ജയ്പൂരിലെ കെയ്സണ്‍സ് ഫാര്‍മ നിര്‍മിക്കുന്ന ഡെക്സ്‌ട്രോമെത്തോര്‍ഫാന്‍ ഹൈഡ്രോബ്രോമൈഡ് സിറപ്പ് ഐപിയുടെ ഉപയോഗത്തെ തുടര്‍ന്ന് രാജസ്ഥാനിലും കുട്ടികള്‍ മരിച്ചിരുന്നു. മരുന്നു വില്‍പന സംബന്ധിച്ച് കര്‍ണാടക സര്‍ക്കാര്‍ എല്ലാ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരോടും കര്‍ശനമായ ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സിറപ്പ് നല്‍കുമ്പോള്‍ മാതാപിതാക്കള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. നിലവാരമില്ലാത്ത മരുന്ന് കര്‍ണാടകയില്‍ വിതരണം ചെയ്തിട്ടില്ലെന്നും എന്നാല്‍ ഈ ഉല്‍പന്നങ്ങളില്‍ ഏതെങ്കിലും കര്‍ണാടകയില്‍ വിറ്റഴിക്കപ്പെട്ടോയെന്ന് അറിയാന്‍ വിശദമായ പരിശോധന നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ ബ്രാന്‍ഡുകളുടെയും കഫ് സിറപ്പുകളുടെ സാമ്പിളുകള്‍ ശേഖരിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ് പരിശോധന നടത്തുകയാണ്.

കുട്ടികളിലെ ചുമ, ശ്വസന ലക്ഷണങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ് ഓഫ് നിയോനാറ്റല്‍ ആന്‍ഡ് ചൈല്‍ഡ്ഹുഡ് ഇല്‍നെസ് (IMNCI) മാര്‍ഗ നിര്‍ദേശങ്ങളും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച സ്റ്റാന്‍ഡേര്‍ഡ് ട്രീറ്റ്‌മെന്റ് പ്രോട്ടോക്കോളുകളും ചികിത്സാ മാര്‍ഗ നിര്‍ദേശങ്ങളും ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പാലിക്കണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ആവശ്യത്തിന് ജലാംശം, വിശ്രമം, സഹായകരമായ പരിചരണം, പോഷക സമൃദ്ധമായ ഭക്ഷണ ക്രമം തുടങ്ങിയ ഔഷധേതര നടപടികളെ പ്രോത്സാഹിപ്പിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.