വധശിക്ഷ ദേശീയ ഐക്യത്തിന് തിരിച്ചടി; കോംഗോ മുൻ പ്രസിഡന്റിന്റെ വധശിക്ഷയിൽ പ്രതിഷേധവുമായി കത്തോലിക്ക മെത്രാൻ സമിതി

വധശിക്ഷ ദേശീയ ഐക്യത്തിന് തിരിച്ചടി; കോംഗോ മുൻ പ്രസിഡന്റിന്റെ വധശിക്ഷയിൽ പ്രതിഷേധവുമായി കത്തോലിക്ക മെത്രാൻ സമിതി

കിൻഷാസ: കോംഗോയിലെ മുൻ പ്രസിഡന്റ് ജോസഫ് കബീലയ്ക്ക് വധശിക്ഷ വിധിച്ചതിനെതിരെ രാജ്യത്തെ കത്തോലിക്ക മെത്രാൻ സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജീവന്റെ സംരക്ഷണത്തിനും സുവിശേഷ മൂല്യങ്ങൾക്കും എതിരാണ് വധശിക്ഷ എന്ന് ഓർമ്മിപ്പിച്ച മെത്രാൻമാർ ഈ നടപടി ദേശീയ ഐക്യത്തിനും സമാധാനത്തിനും അനുകൂലമല്ലെന്നും പ്രസ്താവിച്ചു.

ജീവന്റെ പവിത്രത അംഗീകരിക്കുന്ന കോംഗോയുടെ ഭരണഘടനയുമായി വധശിക്ഷ യോജിക്കുന്നില്ല എന്നും ഇത് സുവിശേഷ മൂല്യങ്ങൾക്കും മനുഷ്യാത്മകതയ്ക്കും എതിരായ നടപടിയാണ് എന്നും മെത്രാൻ സമിതി പ്രസ്താവനയിലൂടെ പറഞ്ഞു.

രാജ്യത്തെ രാഷ്ട്രീയ പ്രശ്നങ്ങൾ പരിഹരിക്കാൻ ദേശീയതലത്തിൽ സംവാദം നടത്തണമെന്നും മുപ്പത് വർഷങ്ങളായി തുടരുന്ന യുദ്ധങ്ങളും അസ്ഥിരതകളും അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കണമെന്നും മെത്രാൻമാർ ആവശ്യപ്പെട്ടു.

“വധശിക്ഷയും അതിന് പിന്നിലെ പ്രതികാര മനോഭാവവും സുവിശേഷവുമായി പൊരുത്തപ്പെടുന്നില്ല. സമാധാനവും ദേശീയ ഐക്യവും രാജ്യത്തിന്റെ സമഗ്രതയും പുനസ്ഥാപിക്കാനാണ് ഞങ്ങളുടെ ആഗ്രഹം. മുൻ പ്രസിഡന്റ് കബീലക്ക് വധശിക്ഷ വിധിച്ചതിൽ ഞങ്ങൾ അതീവ ഉത്കണ്ഠ രേഖപ്പെടുത്തുന്നു” ലുബുമ്പാഷി അതിരൂപത അധ്യക്ഷനും ദേശീയ മെത്രാൻ സമിതി പ്രസിഡന്റുമായ ആർച്ച് ബിഷപ്പ് ഫുൾഗാൻസ് മുതേബ പ്രസ്താവിച്ചു.

2001 മുതൽ 2019 വരെ അധികാരത്തിൽ നിന്നിരുന്ന കബീല രാജി വെച്ചതിനു ശേഷം രാജ്യം വിട്ടിരുന്നു. 2023 ൽ കിഴക്കൻ പ്രവിശ്യയായ വടക്കൻ കിവുവിൽ ഗിറില്ലകളുടെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് അദേഹം പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. രാജ്യത്ത് വിപ്ലവം സൃഷ്ടിച്ചുവെന്ന കുറ്റം ചുമത്തി സെപ്റ്റംബർ 30 നാണ് മുൻ പ്രസിഡന്റിനെ മിലിട്ടറി സുപ്രീം കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.