അധ്യാപകര്‍ക്ക് കൂലി ലഭിക്കാന്‍ സഭ ഇടപെടേണ്ടി വന്നത് ഇടതു പക്ഷത്തിന്റെ മൂല്യത്തകര്‍ച്ച: മാര്‍ ജോസഫ് പാംപ്ലാനി

അധ്യാപകര്‍ക്ക് കൂലി ലഭിക്കാന്‍ സഭ ഇടപെടേണ്ടി വന്നത് ഇടതു പക്ഷത്തിന്റെ മൂല്യത്തകര്‍ച്ച: മാര്‍ ജോസഫ് പാംപ്ലാനി

കത്തോലിക്കാ കോണ്‍ഗ്രസിന്റെ അവകാശ സംരക്ഷണ യാത്രക്ക് തുടക്കം കുറിച്ച് പാണത്തൂരില്‍ നടന്ന സമ്മേളനത്തില്‍ തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, താമരശേരി ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ എന്നിവര്‍ പ്രസംഗിക്കുന്നു.

മുനമ്പം ജനതയുടെ റവന്യൂ അവകാശങ്ങള്‍ അടിയന്തിരമായി പുനസ്ഥാപിക്കണമെന്ന് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. കത്തോലിക്കാ കോണ്‍ഗ്രസിന്റെ അവകാശ സംരക്ഷണ യാത്രക്ക് പാണത്തൂരില്‍ തുടക്കമായി.

പാണത്തൂര്‍ (കാസര്‍ഗോഡ്): ചെയ്ത ജോലിക്ക് അധ്യാപകര്‍ക്ക് കൂലി ലഭിക്കാന്‍ സഭ ഇടപെടേണ്ടി വന്നത് ഇടതു പക്ഷത്തിനുണ്ടായ മൂല്യത്തകര്‍ച്ചയാണ് കാണിക്കുന്നതെന്ന് തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കത്തോലിക്ക കോണ്‍ഗ്രസ് ആരംഭിച്ച അവകാശ സംരക്ഷണ യാത്ര പാണത്തൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

അതേസമയം, രണ്ടു കാര്യങ്ങളില്‍ പിണറായി സര്‍ക്കാരിനോടു നന്ദി പറയേണ്ടതുണ്ട്. അധ്യാപകരുടെ കാര്യത്തില്‍ സഭയടക്കമുള്ളവരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. പലരും ബഹളം വച്ചിട്ടും മന്ത്രി തന്നെ എതിര്‍ത്തിട്ടും മുഖ്യമന്ത്രി ഉറച്ചു നിന്നു.


വന്യ ജീവിനിയമം പരിഷ്‌കരിച്ചതാണ് രണ്ടാമത്തേത്. ഇത് നടപ്പാക്കാന്‍ പറ്റുമോയെന്ന ആശങ്ക നിലനില്‍ക്കെ തന്നെ പറയാം. അദേഹം ചെയ്തത് നല്ല കാര്യമാണ്. കര്‍ഷകരുടെയും മലയോര ജനതയുടെയും സാധാരണക്കാരുടെയും അവകാശ സംരക്ഷണത്തിനായി വേണ്ടി വന്നാല്‍ ജയില്‍ വാസത്തിന് വരെ തയ്യാറാണെന്നും മാര്‍ പാംപ്ലാനി പറഞ്ഞു.

താമരശേരി ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. മുനമ്പം ജനതയുടെ റവന്യൂ അവകാശങ്ങള്‍ അടിയന്തിരമായി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട മാര്‍ ഇഞ്ചനാനിയില്‍, അവകാശ സംരക്ഷണ യാത്ര തിരുവനന്തപുരത്ത് എത്തുന്നതിന് മുന്‍പ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

കത്തോലിക്ക കോണ്‍ഗ്രസ് ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ലെങ്കിലും ഒരു രാഷ്ട്രീയ ശക്തിയാണ്. അതിനാല്‍ പല കാര്യങ്ങളിലും രാഷ്ട്രീയ മറുപടി നല്‍കാന്‍ തങ്ങള്‍ക്കറിയാമെന്ന് ചടങ്ങില്‍ പ്രസംഗിച്ച കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് പ്രൊഫ. രാജീവ്കൊച്ചുപറമ്പില്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.