ടെല്‍ അവീവ്: യൂറോപ്പില്‍ ഹമാസിന്റെ വിപുലമായ ഭീകര ശൃംഖല തകര്‍ത്തതായി ഇസ്രയേല്‍ ചാര സംഘടനയായ മൊസാദ്. യൂറോപ്പിലുള്ള ഇസ്രയേലികളെയും ജൂതന്മാരെയും ലക്ഷ്യമിട്ടായിരുന്നു ഭീകര ശൃംഖലയുടെ രഹസ്യ പ്രവര്‍ത്തനം.
ഹമാസ് ഉന്നത നേതൃത്വത്തിന്റെ ഉത്തരവ് ലഭിച്ചാലുടന്‍ സാധാരണ ജനങ്ങള്‍ക്ക് നേരെ ആക്രമണം നടത്താന്‍ പാകത്തില്‍ സജ്ജമായിരുന്നു ശൃംഖലയെന്ന് മൊസാദ് പറയുന്നു. ഭീകരാക്രമണത്തിനായി ചെറു സംഘങ്ങളെ സ്ഥാപിക്കുകയും ആയുധങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നതായും മൊസാദ് വ്യക്തമാക്കി.
യൂറോപ്പിലെ വിവിധ രഹസ്യാന്വേഷണ, നിയമ നിര്‍വ്വഹണ ഏജന്‍സികളുമായി സഹകരിച്ചാണ് ഇസ്രയേല്‍ ചാര സംഘടന ഈ നീക്കം നടത്തിയത്. ജര്‍മനി, ഓസ്ട്രിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് റെയ്ഡുകള്‍ നടന്നു. സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ക്കായി സംഭരിച്ചിരുന്ന സ്ഫോടക വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുക്കുകയും ചെയ്തു.
ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ഓസ്ട്രിയയിലെ വിയന്നയില്‍ ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തതാണ് വഴിത്തിരിവായത്. പിസ്റ്റളുകളും സ്ഫോടക വസ്തുക്കളും ഉള്‍പ്പെടെയുള്ള വന്‍ ആയുധ ശേഖരമാണ് പിടികൂടിയത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആയുധങ്ങള്‍ ഹമാസ് ഓപ്പറേറ്റീവായ മുഹമ്മദ് നയീമിന്റേതാണെന്ന് വ്യക്തമായി. ഗാസയിലെ പ്രമുഖ ഹമാസ് നേതാവ് ഖലീല്‍ അല്‍-ഹയ്യയുമായി അടുത്ത ബന്ധമുള്ള ഹമാസ് പോളിറ്റ് ബ്യൂറോയിലെ മുതിര്‍ന്ന അംഗമായ ബാസെം നയീമിന്റെ മകനാണ് മുഹമ്മദ് നയീം.
ഇതിന്റെ അന്വേഷണത്തിലാണ് ജര്‍മനി, ഓസ്ട്രിയ എന്നിവിടങ്ങളില്‍ റെയ്ഡുകള്‍ നടന്നത്. ഭീകര ശൃംഖലയുമായി ബന്ധപ്പെട്ട് നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഹമാസിന് ധനസമാഹരണം നടത്താനോ തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കാനോ സഹായിക്കുന്നുവെന്ന് സംശയിക്കുന്ന ജീവകാരുണ്യ, മത സ്ഥാപനങ്ങളെ ജര്‍മനി നിരീക്ഷണ വലയത്തിലാക്കി.
ദീര്‍ഘകാലമായി തുര്‍ക്കി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന, ഹമാസുമായി ബന്ധമുള്ള വ്യക്തികളെപ്പറ്റിയും അന്വേഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി നവംബറില്‍ ഹമാസ് ഭീകരനായ ബുര്‍ഹാന്‍ അല്‍-ഖത്തീബിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ മുമ്പ് തുര്‍ക്കിയില്‍ ഹമാസുമായി ബന്ധപ്പെട്ട് സജീവമായി പ്രവര്‍ത്തിച്ചിരുന്ന ആളായിരുന്നുവെന്നാണ് വിവരം.
സെപ്റ്റംബറില്‍ മുഹമ്മദ് നയീം പിതാവ് ബാസെം നയീമുമായി ഖത്തറില്‍ കൂടിക്കാഴ്ച നടത്തിയെന്ന വിവരം പുറത്തു വന്നിട്ടുണ്ട്. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് യൂറോപ്പിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഹമാസ് നേതൃത്വം അനുമതി നല്‍കിയതെന്നാണ് മൊസാദ് വ്യക്തമാക്കുന്നത്.
ഭീകരാക്രമണങ്ങള്‍ ഖത്തറില്‍ വെച്ചാണ് ആസൂത്രണം ചെയ്തതെന്നും ഹമാസിന്റെ ലോജിസ്റ്റിക് കേന്ദ്രമായി കണക്കാക്കുന്ന തുര്‍ക്കിയില്‍ നിന്നും സഹായം ലഭിച്ചിരിക്കാമെന്നും മൊസാദ് അഭിപ്രായപ്പെട്ടു. എന്നാല്‍ ആരോപണങ്ങള്‍ ഹമാസ് നിഷേധിച്ചു.
ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് ശേഷം ഇറാനെ പിന്തുണയ്ക്കുന്ന ഗ്രൂപ്പുകളെ പോലെ, യൂറോപ്പിലും മറ്റ് രാജ്യങ്ങളിലും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി പുതിയ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ ഹമാസ് ശക്തമാക്കിയതായി മൊസാദ് പറയുന്നു. ഹമാസിന്റെ ഭീകര പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുന്നതില്‍ യൂറോപ്യന്‍ രാജ്യങ്ങളുമായി സഹകരണം വര്‍ധിപ്പിച്ചതായും മൊസാദ് വ്യക്തമായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.