ന്യൂഡല്‍ഹി: തദ്ദേശീയമായി വികസിപ്പിച്ച ആകാശ് വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനം ബ്രസീലിന് നല്‍കാമെന്ന് ഇന്ത്യ. സൗഹൃദ രാജ്യങ്ങളിലേക്ക് പ്രതിരോധ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യാനുള്ള ഇന്ത്യയുടെ പ്രതിരോധ നയതന്ത്രത്തിന്റെ ഭാഗമായാണ് ഈ തീരുമാനം.
ബ്രസീലിയന്‍ വൈസ് പ്രസിഡന്റ് ജെറാള്‍ഡോ അല്‍ക്മിന്‍, പ്രതിരോധ മന്ത്രി ജോസ് മ്യൂസിയോ മൊണ്ടീറോ ഫിലോ എന്നിവരുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഡല്‍ഹിയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് ആകാശ് വ്യോമപ്രതിരോധ സംവിധാനം നല്‍കാമെന്ന വാഗ്ദാനം ഇന്ത്യ മുന്നോട്ടുവച്ചത്.
25 കിലോമീറ്റര്‍ പരിധിയില്‍ ശത്രുവിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, ഡ്രോണുകള്‍ എന്നിവയെ തടയാന്‍ ശേഷിയുള്ളതാണ് ആകാശ് സംവിധാനം. കരാര്‍ യാഥാര്‍ഥ്യമായാല്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്കുള്ള പ്രതിരോധ കയറ്റുമതിക്ക് ഇന്ത്യയ്ക്ക് വാതില്‍ തുറന്നുകിട്ടും. മാത്രമല്ല ബ്രസീലുമായി കൂടുതല്‍ പ്രതിരോധ സഹകരണമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
ഇരു നേതാക്കളുടേയും കൂടിക്കാഴ്ചയില്‍ പ്രതിരോധ സഹകരണം വര്‍ധിപ്പിക്കാനും ആയുധ സംവിധാനങ്ങളുടെയും പ്ലാറ്റ്‌ഫോമുകളുടെയും സംയുക്ത വികസനത്തിനും നിര്‍മാണത്തിനുമുള്ള സാധ്യതകളും ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്തു. കൂടാതെ സംയുക്ത പ്രവര്‍ത്തനത്തിനുള്ള മുന്‍ഗണനാ മേഖലകളും യോഗത്തില്‍ പങ്കുവെച്ചു. ഇന്ത്യയും ബ്രസീലും തന്ത്രപരമായ പങ്കാളിത്തമാണ് ലക്ഷ്യമിടുന്നത്. സംയുക്ത പരിശീലനങ്ങള്‍, പരിശീലന സന്ദര്‍ശനങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക തലത്തിലുള്ള കൈമാറ്റങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രതിരോധ സഹകരണം മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനം.
ഇന്ത്യ വികസിപ്പിച്ച ആയുധങ്ങള്‍ ഇതിനകം മറ്റ് രാജ്യങ്ങളുടെ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. ആകാശ് സംവിധാനത്തിന്റെ ആദ്യ വിദേശ കയറ്റുമതി അര്‍മേനിയയിലേക്കായിരുന്നു. ആകാശിന് പുറമെ പിനാക്ക, 155 എംഎം ആര്‍ട്ടിലറി ഗണ്‍സ് എന്നിവയും ഇന്ത്യയില്‍ നിന്ന് അര്‍മേനിയ വാങ്ങിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.