ന്യൂഡല്‍ഹി: ആളില്ലാ യുദ്ധ വിമാനത്തിന്റെ പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യ. തദ്ദേശീയമായി വികസിപ്പിച്ച അടുത്ത തലമുറ ആര്‍ച്ചര്‍ ( Archer-NG) എന്ന മീഡിയം അള്‍ട്ടിട്ട്യൂഡ് ലോങ് എന്‍ഡ്യുറന്‍സാണ് കര്‍ണാടകയിലെ ചിത്ര ദുര്‍ഗയിലുള്ള എയ്റോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചില്‍ പരീക്ഷണ പറക്കല്‍ നടത്തിയത്.
നാല്‍പത്തഞ്ച് മിനിറ്റ് നീണ്ട പരീക്ഷണ പറക്കലില്‍ ആര്‍ച്ചല്‍ സാങ്കേതികമായി ലക്ഷ്യമിട്ട ലക്ഷ്യങ്ങള്‍ വിജയകരമായി മറികടന്നു. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയുടെ ഭാഗമായ എയ്റോനോട്ടിക്കല്‍ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റാണ് ആര്‍ച്ചറിനെ വികസിപ്പിച്ചത്.
നിര്‍ദ്ദിഷ്ട റണ്‍വേയില്‍ നിന്ന് പറന്നുയരുക, സുരക്ഷിതമായി സ്വയം ലാന്‍ഡ് ചെയ്യുക, ലക്ഷ്യമിട്ട ഉയരത്തിലേക്ക് എത്തി പറക്കുക തുടങ്ങിയ കാര്യങ്ങളാണ് പരീക്ഷണ പറക്കലില്‍ പരിശോധിച്ചത്. നിലവിലെ ടെസ്റ്റുകളെല്ലാം ആര്‍ച്ചര്‍ എന്‍.ജി വിജയകരമായി മറികടന്നു. ഇതിന്റെ ഫ്ളൈറ്റ് ഡാറ്റാ ടെലിമെട്രി വിവരങ്ങള്‍ പ്രകാരം സെന്‍സറുകളുടെ പ്രവര്‍ത്തനം, എന്‍ജിന്‍ കാര്യക്ഷമത, വിമാനത്തിന്റെ സ്ഥിരത എന്നിവയെല്ലാം തൃപ്തികരമായിരുന്നു.
ഇതോടെ സ്വന്തമായി മീഡിയം ആള്‍ട്ടിട്യൂഡ് ലോങ് എന്‍ഡ്യുറന്‍സ് വിഭാഗത്തില്‍ വരുന്ന ആളില്ലാ യുദ്ധവിമാനം രൂപകല്‍പ്പന ചെയ്ത് വികസിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയുമെത്തി. നിലവില്‍ അമേരിക്ക, ചൈന, ഇസ്രയേല്‍, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് ഇത്തരം വിഭാഗത്തില്‍ പെട്ട ഡ്രോണുകള്‍ വികസിപ്പിച്ചിട്ടുള്ളത്. പരീക്ഷണം വിജയകരമായതോടെ സുപ്രധാന കടമ്പ കടന്നു. എങ്കിലും തുടര്‍ പരീക്ഷണങ്ങള്‍ ഇനിയും ഉണ്ടാകും.
കഴിഞ്ഞ ജൂലൈയില്‍ ആര്‍ച്ചറിന്റെ ഹൈ സ്പീഡ് ടാക്സി ട്രയല്‍ വിജയകരമായി നടത്തിയിരുന്നു. അതില്‍ മണിക്കൂറില്‍ 200 കിലോ മീറ്റര്‍ വേഗത ആര്‍ച്ചര്‍ കൈവരിച്ചിരുന്നു. ഇതിലൂടെ ആര്‍ച്ചറിന്റെ എയര്‍ഫ്രെയിമിന്റെ സ്ഥിരതയും രൂപകല്‍പ്പനയുമൊക്കെയാണ് പരിശോധിച്ചത്.
അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് പറക്കല്‍ പരീക്ഷണം നടത്തിയത്. ഇതിനായി ഡിജിസിഎ അനുമതി നേരത്തെ നല്‍കിയിരുന്നു. ഡിആര്‍ഡിഒ, വ്യോമസേന എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണ പറക്കല്‍.
പൂര്‍ണമായും ഇന്ത്യയില്‍ വികസിപ്പിച്ച ടര്‍ബോചാര്‍ജ് എന്‍ജിനാണ് ആര്‍ച്ചറില്‍ ഉപയോഗിച്ചിരിക്കുന്നത്. 177 കുതിരശക്തി കരുത്ത് ഉല്‍പാദിപ്പിക്കുന്ന എന്‍ജിനാണ് ഇത്. ഡിആര്‍ഡിഒയുടെ കീഴിലുള്ള ഗ്യാസ് ടര്‍ബൈന്‍ റിസര്‍ച്ച് എസ്റ്റാബ്ലിഷ്മെന്‍് ആണ് എന്‍ജിന്‍ വികസിപ്പിച്ചത്. സ്വന്തമായി വികസിപ്പിച്ച എന്‍ജിന്‍ ആയതിനാല്‍ ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് വിദേശ ആശ്രിതത്വം പൂര്‍ണമായും ഒഴിവാക്കാനായി.
1800 കിലോയാണ് ആര്‍ച്ചറിന്റെ ഭാരം. പരമാവധി 30,000 അടി ഉയരത്തിലേക്ക് പറന്നുയരാന്‍ സാധിക്കും. 300 കിലോ ആയുധങ്ങളുമായി 29 മണിക്കൂര്‍ തുടര്‍ച്ചയായി പറക്കാന്‍ സാധിക്കും. ഇരു ചിറകുകളിലുമായി ആയുധങ്ങള്‍ വഹിക്കാന്‍ ആറ് ഹാര്‍ഡ് പോയിന്റുകളുണ്ട്. ഇന്ത്യ വികസിപ്പിച്ച ടാങ്ക്വേധ മിസൈലുകള്‍, ഗൈഡഡ് ബോംബുകള്‍ എന്നിവ ആര്‍ച്ചറിന് വഹിക്കാന്‍ സാധിക്കും.
നിരീക്ഷണത്തിനും പ്രത്യാക്രമണത്തിനും ഒരേപോലെ ഉപയോഗിക്കാവുന്ന ഈ ഡ്രോണില്‍ ഏത് കാലാവസ്ഥയിലും രാത്രിയിലും പകലും കൃത്യമായി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന ഇലക്ട്രോ ഒപ്റ്റിക്കല്‍ ഇന്‍ഫ്രാറെഡ് ക്യാമറകള്‍ ഘടിപ്പിച്ചിട്ടുണ്ട്.
ഇതിന് പുറമെ സിന്തറ്റിക് അപ്പാര്‍ചര്‍ റഡാര്‍, ആശയ വിനിമയത്തിന് സിഗ്‌നല്‍സ് ഇന്റലിജന്‍സ് പോഡ് എന്നിവയുമുണ്ടാകും. ദീര്‍ഘ ദൂരത്തേക്ക് ദൗത്യങ്ങള്‍ക്കായി അയയ്ക്കേണ്ടി വന്നാല്‍ ആശയ വിനിമയം തുടരാന്‍ ഉപഗ്രഹങ്ങളിലൂടെ സാധിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.