കുട്ടികളെ ശിക്ഷിക്കുന്നത് തെറ്റ് തിരുത്താന്‍: അധ്യാപകരുടെ 'ചൂരല്‍ പ്രയോഗം'കുറ്റകരമല്ലെന്ന് ഹൈക്കോടതി

കുട്ടികളെ ശിക്ഷിക്കുന്നത് തെറ്റ് തിരുത്താന്‍: അധ്യാപകരുടെ 'ചൂരല്‍ പ്രയോഗം'കുറ്റകരമല്ലെന്ന് ഹൈക്കോടതി

കൊച്ചി: വിദ്യാര്‍ഥികളെ തിരുത്താനും സ്‌കൂളിലെ അച്ചടക്കം ഉറപ്പാക്കാനും ലക്ഷ്യമിട്ട് അധ്യാപകര്‍ 'ചൂരല്‍ പ്രയോഗം' നടത്തുന്നതെന്നും അത് കുറ്റകരമല്ലെന്നും ഹൈക്കോടതി. കുട്ടികളെ തിരുത്താനുള്ള അധ്യാപകരുടെ ഉത്തരവാദിത്തം അംഗീകരിച്ചുകൊണ്ടാണ് രക്ഷിതാക്കള്‍ കുട്ടികളെ സ്‌കൂളുകളില്‍ ഏല്‍പിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

തല്ലുകൂടിയ അഞ്ചാം ക്ലാസ് വിദ്യാര്‍ഥികളുടെ കാലില്‍ ചൂരല്‍ കൊണ്ട് അടിച്ച യുപി സ്‌കൂള്‍ അധ്യാപകനെതിരെ 2019 ല്‍ എടുത്ത കേസിലെ തുടര്‍ നടപടി റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് സി. പ്രതീപ്കുമാറിന്റെ ഉത്തരവ്. ഇത്തരം കേസുകളില്‍ അധ്യാപകരുടെ ശിക്ഷാ നടപടിയുടെ ഉദ്ദേശ്യ ശുദ്ധി പരിഗണിക്കേണ്ടിവരുമെന്ന് കോടതി വ്യക്തമാക്കി.

പരസ്പരം തുപ്പുകയും തുടര്‍ന്ന് പ്ലാസ്റ്റിക് പൈപ്പ് കൊണ്ട് തമ്മില്‍ തല്ലുകയും ചെയ്ത മൂന്ന് കുട്ടികളെ പിടിച്ചുമാറ്റാനാണ് അധ്യാപകന്‍ ചൂരല്‍ പ്രയോഗം നടത്തിയത്. ഒരു കുട്ടിയുടെ രക്ഷിതാവ് നല്‍കിയ പരാതിയിലാണ് വടക്കാഞ്ചേരി പൊലീസ് കേസെടുത്തത്. തല്ലുകൂടിയ കുട്ടികളെ പിടിച്ചുമാറ്റുകയെന്ന ഉദ്ദേശ്യം മാത്രമേ തനിക്കുണ്ടായിരുന്നുള്ളൂവെന്ന് അധ്യാപകന്‍ വാദിച്ചു.

കുട്ടികളെ തിരുത്താനാണ് അധ്യാപകര്‍ ശിക്ഷിക്കുന്നതെങ്കില്‍ തെറ്റ് പറയാനാവില്ലെന്ന് ഹൈക്കോടതിയുടെ മുന്‍ ഉത്തരവുകളും കോടതി ചൂണ്ടിക്കാട്ടി. അധ്യാപകന്റെ സദുദ്ദേശ്യം കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് മനസിലാകാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് അഭിപ്രായപ്പെട്ട കോടതി, പാലക്കാട് അഡിഷനല്‍ സെഷന്‍സ് കോടതിയുടെ പരിഗണനയിലുള്ള കേസ് റദ്ദാക്കുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.