കേരളത്തിൽ നിന്ന് വീണ്ടുമൊരു പുണ്യ പുഷ്പം; മദർ ഏലീശ്വ ഇനി വാഴ്ത്തപ്പെട്ടവൾ‌

കേരളത്തിൽ നിന്ന് വീണ്ടുമൊരു പുണ്യ പുഷ്പം; മദർ ഏലീശ്വ ഇനി വാഴ്ത്തപ്പെട്ടവൾ‌

കൊച്ചി: മദർ ഏലീശ്വ കത്തോലിക്കാ സഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ. വല്ലാർപാടം ബസിലിക്കയിൽ നടന്ന ദിവ്യബലി മധ്യേ പതിനായിരക്കണക്കിന് വിശ്വാസ സമൂഹത്തെ സാക്ഷിയാക്കി ലിയോ മാർപാപ്പയുടെ പ്രതിനിധിയായെത്തിയ മലേഷ്യയിലെ പെനാങ് രൂപത കർദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസ് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നടത്തി.

പ്രഖ്യാപനത്തിന് ശേഷം വത്തിക്കാൻ്റെ ഇന്ത്യയിലെ അപ്പസ്തോലിക പ്രതിനിധി ആര്‍ച്ച് ബിഷപ്പ് ഡോ. ലിയോപോൾഡോ ഗിരെല്ലി സന്ദേശം നല്‍കുകയും കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് മദർ ഏലീശ്വയുടെ തിരുസ്വരൂപം അനാവരണം ചെയ്യുകയും ചെയ്തു. ജൂലൈ 18 ന് വാഴ്ത്തപ്പെട്ട മദർ ഏലീശ്വയുടെ തിരുനാളായി ആഘോഷിക്കും.

മരിച്ച് 112 വർഷങ്ങൾക്ക് ശേഷമാണ് മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നത്. മദർ ഏലീശ്വയുടെ മധ്യസ്ഥതയിൽ സംഭവിച്ച അത്ഭുതം മാർപാപ്പ അംഗീകരിച്ചതിനു ശേഷമാണ് വിശുദ്ധരുടെ നാമകരണത്തിനായുള്ള നടപടികൾ തിരുസംഘം പൂർത്തിയാക്കിയത്. പ്രഖ്യാപനത്തിൽ മാർപാപ്പ ഒപ്പുവച്ചതോടെയാണ് മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ട പദവിയിലേയ്ക്ക് ഉയർത്തിയത്. വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലാണ് മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനുള്ള അഭ്യര്‍ഥന നടത്തിയത്.

വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വ

കേരളത്തിലെ ആദ്യ സന്യാസിനിയും കോണ്‍ഗ്രിഗേഷന്‍ ഓഫ് തെരേസ്യന്‍ കാര്‍മലൈറ്റ് സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകയുമാണ് മദര്‍ ഏലീശ്വ. 1831 ഒക്ടോബര്‍ 15 ന് കേരളത്തില്‍ വരാപ്പുഴ വികാരിയേറ്റിലെ ഓച്ചന്തുരുത്ത് കുരിശിങ്കല്‍ ക്രൂസ് മിലാഗ്രസ് ഇടവകയിലെ സമ്പന്നമായ കപ്പിത്താന്‍ കുടുംബത്തില്‍ തൊമ്മന്‍-താണ്ട ദമ്പതികളുടെ എട്ട് മക്കളില്‍ ആദ്യ പുത്രിയായാണ് ഏലീശ്വയുടെ ജനനം. ബാല്യം മുതല്‍ പ്രാര്‍ത്ഥനയിലും സുകൃതങ്ങളിലും വേരൂന്നിയ ആത്മീയത സ്വന്തമാക്കിയ ഏലിശ്വ ദരിദ്രരോടും പാര്‍ശ്വവത്കരിക്കപ്പെട്ടവരോടും അനുകമ്പ പ്രകടിപ്പിച്ചിരിന്നു.

കുട്ടിക്കാലം മുതല്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ വലിയ ഭക്തയായിരുന്നു. ജീവിതാവസാനം വരെ മാതാവിന്റെ തിരുസ്വരൂപം പൂക്കള്‍കൊണ്ട് അലങ്കരിച്ചു. മരിയന്‍ ആത്മീയതയെ നിരന്തരം സാക്ഷ്യപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്തു. മാതാപിതാക്കന്മാരുടെ ആഗ്രഹ പ്രകാരം 1847 ല്‍ വറീത് എന്ന വ്യക്തിയെ വിവാഹം കഴിച്ചു. അവര്‍ക്ക് അന്ന എന്ന കുഞ്ഞ് പിറന്നു.

ഒന്നര വര്‍ഷത്തിനു ശേഷം വറീതിന് രോഗം ബാധിക്കുകയും കുറച്ച് നാളുകള്‍ക്ക് ശേഷം കിടപ്പിലാവുകയും താമസിയാതെ മരണപ്പെടുകയും ചെയ്തു. രണ്ടാം വിവാഹത്തിന് വിസമ്മതിച്ച ഏലിശ്വ ഏകാന്തതയിലും ദീര്‍ഘ നേരത്തെ പ്രാര്‍ത്ഥനകളിലും വീടിനടുത്തുള്ള പാവങ്ങളെ സഹായിക്കുന്നതിലും ആശ്വാസം കണ്ടെത്തി. ദിവ്യകാരുണ്യ നാഥനോടുള്ള ഭക്തിയും ഏകാന്ത ധ്യാനവും അവളെ ഈശോയിലേക്ക് കൂടുതല്‍ അടുപ്പിച്ചു.

ഇറ്റാലിയന്‍ വൈദികനും കര്‍മ്മലീത്ത മിഷണറിയുമായിരുന്ന ഫാ. ലെയോപോള്‍ഡ് ഒ.സി.ഡിയായിരുന്നു അവളുടെ ആത്മീയ ഗുരു. അദേഹത്തില്‍ നിന്നു ലഭിച്ച ആത്മീയ പരിശീലനം ഏലീശ്വയില്‍ സന്യാസ ജീവിതത്തിലേക്കുള്ള അതിതീവ്രമായ ആഗ്രഹം വളര്‍ത്തിയെടുത്തു. ഇത് ആദ്യത്തെ തദ്ദേശീയ സന്യാസിനീ സമൂഹമായ നിഷ്പാദുക കര്‍മ്മലീത്ത മൂന്നാം സമൂഹത്തിന്റെ സ്ഥാപനത്തിലേക്ക് നയിച്ചു. 1866 ഫെബ്രുവരി 13 നാണ് കേരളത്തിലെ തദ്ദേശിയ പ്രഥമ സന്യാസിനി സമൂഹത്തിന് മദര്‍ ഏലീശ്വ രൂപം നല്‍കിയത്. മദര്‍ ഏലിശ്വായോടൊപ്പം സഹോദരി ത്രേസ്യയും മകള്‍ അന്നയും സമര്‍പ്പിത വഴി സ്വീകരിച്ചു.

സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയും പെണ്‍കുട്ടികള്‍ക്ക് വേണ്ടി ബോര്‍ഡിങ് സ്‌കൂള്‍ ആരംഭിക്കുകയും ചെയ്തുകൊണ്ട് കേരളത്തില്‍ സ്ത്രീ നവോത്ഥാനത്തിനായി മദര്‍ എലീശ്വ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തി. കേരളത്തിലെ ആദ്യത്തെ കോണ്‍വെന്റ് സ്‌കൂളും ബോര്‍ഡിങ് ഹൗസും പെണ്‍കുട്ടികള്‍ക്കായി അനാഥാലയവും സ്ഥാപിച്ചത് മദര്‍ എലീശ്വയായിരിന്നു. 1913 ജൂലൈ 18 ന് ഭൂമിയിലെ തന്റെ ദൗത്യം പൂര്‍ത്തിയാക്കി അവര്‍ സ്വര്‍ഗസ്ഥനായ പിതാവിന്റെ സന്നിധിയിലേക്ക് യാത്രയായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.