തദ്ദേശ തിരഞ്ഞെടുപ്പ്: കേരളത്തിലെ എസ്‌ഐആര്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി; തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ്

തദ്ദേശ തിരഞ്ഞെടുപ്പ്: കേരളത്തിലെ എസ്‌ഐആര്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി; തിരഞ്ഞെടുപ്പ്  കമ്മിഷന് നോട്ടീസ്

കേരളത്തില്‍ നിന്നുള്ള ഹര്‍ജികളില്‍ അടുത്ത ബുധനാഴ്ച വാദം കേള്‍ക്കും. അടിയന്തര സ്വഭാവം മനസിലാക്കിയാണ് ഉടന്‍ വാദം കേള്‍ക്കുന്നതെന്ന് സുപ്രീം കോടതി.

ന്യൂഡല്‍ഹി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ്‌ഐആര്‍) സ്റ്റേ ചെയ്യണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനം.

സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പടെ നാല് കക്ഷികള്‍ നല്‍കിയ ഹര്‍ജികളില്‍ സുപ്രീം കോടതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ചു. അടുത്ത ബുധനാഴ്ച ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കും.

എസ്ഐആറിനെതിരേ ഉത്തര്‍പ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള ഹര്‍ജികളും ചില അഭിഭാഷകര്‍ ഇന്ന് കോടതിക്ക് മുമ്പാകെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കേരളത്തില്‍ നിന്നുള്ള ഹര്‍ജികള്‍ മാത്രമേ വരുന്ന ബുധനാഴ്ച കേള്‍ക്കുകയുള്ളൂവെന്ന് സുപ്രീം കോടതി അറിയിച്ചു.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഹര്‍ജികള്‍ ഡിസംബറില്‍ കേള്‍ക്കാമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, എസ്.വി. ഭട്ടി, ജോയ് മാല ബാഗ്ചി എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ നടപടികള്‍ പുരോഗമിക്കുകയാണെന്നും അതിനാല്‍ കോടതിയുടെ ഇടപെടല്‍ ഉടന്‍ ഉണ്ടാകണമെന്നുമാണ് അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. കേരളത്തില്‍ നിന്നുള്ള ഹര്‍ജികളുടെ അടിയന്തര സ്വഭാവം മനസിലാക്കിയാണ് ഉടന്‍ വാദം കേള്‍ക്കുന്നതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

സംസ്ഥാന സര്‍ക്കാര്‍, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, മുസ്ലിം ലീഗ് ദേശിയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി എന്നിവരുടെ ഹര്‍ജികളാണ് ഇന്ന് സുപ്രീം കോടതി പരിഗണിച്ചത്.

സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍, സ്റ്റാന്റിങ് കോണ്‍സല്‍ സി.കെ. ശശി എന്നിവരാണ് ഹാജരായത്. എം.വി. ഗോവിന്ദന് വേണ്ടി മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത്ത് കുമാര്‍, അഭിഭാഷകന്‍ ജി. പ്രകാശ് എന്നിവര്‍ ഹാജരായി. മുസ്ലിം ലീഗിന് വേണ്ടി അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ ഹാജരായി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.