ഈ ലോകത്തില്‍ ജീവിക്കുന്ന ഓരോ വ്യക്തിക്കും അവരുടെ ജീവിതത്തിലെ ഏതെങ്കിലും ഒരു ഘട്ടത്തിൽ അഗാധമായ ദുഃഖവും സങ്കടവും അനുഭവപ്പെട്ടിട്ടുണ്ടാകാം. ജീവിതത്തിലേ ഏറ്റവും മോശമായ സമയത്ത് നിങ്ങളുടെ അവസ്ഥ എന്തായിരുന്നു എന്ന് ചോദിച്ചാല്‍, സത്യസന്ധമായി ഉത്തരം നൽകുവാൻ എത്ര പേര്‍ക്ക് സാധിക്കും? ആ സമയങ്ങളില്‍ ആത്മഹത്യ മാത്രമേ ഒരു മാര്‍ഗ്ഗം ഉണ്ടായിരിന്നുളു എന്നായിരിക്കാം ഭൂരിപക്ഷംപേരും ചിന്തിച്ചിരുന്നത്.
നമ്മുടെ രാജ്യത്ത് ഓരോ മണിക്കൂറിലും ഒരു യുവാവ് ആത്മഹത്യ ചെയ്തിരുന്നു എന്ന് 2012ൽ ദി ലാൻസെറ്റ് എന്ന മെഡിക്കല്‍ ജേര്‍ണല്‍ പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞ വർഷം തൊണ്ണൂറ്റി മൂവായിരത്തിലധികം യുവതി-യുവാക്കൾ ആത്മഹത്യ ചെയ്തതായി ഇന്ത്യൻ സർക്കാർ റിപ്പോർട്ട് ചെയ്തു. അതായത്, 2019ല്‍ ഓരോ ദിവസത്തിന്‍റെ ഓരോ മണിക്കൂറിലും പതിനഞ്ചിനും മുപ്പതിനും ഇടയ്ക്ക് പ്രായമുള്ള പതിനൊന്നു പേര്‍ വീതം ആത്മഹത്യ ചെയ്തു.
ഇതിന്റെ ഒരു മുഖ്യ കാരണം അവര്‍ നേരിടുന്ന വിഷാദരോഗമാണ്.
യുവാക്കൾക്കിടയില്‍ വിഷാദം വർദ്ധിച്ചുകൊണ്ടിരിക്കുന്നതിന് ഒരു പ്രധാന കാരണം ഒരാളുടെ സ്വകാര്യ ജീവിതത്തിലേക്കുള്ള സോഷ്യൽ മീഡിയയുടെ കടന്നു കയറ്റമാണ്. സ്വന്തം ആഗ്രഹങ്ങള്‍ക്കനുസരിച്ചു ജീവിക്കുന്നതിനേക്കാള്‍ പലപ്പോഴും കുടുംബങ്ങൾ, സുഹൃത്തുക്കൾ ആഗ്രഹിക്കുന്ന ഒരു മുഖമാണ് സമ്മർദ്ദം മൂലം ലോകത്തിനു മുന്‍പില്‍ അവര്‍ കാണിക്കുന്നത്. മാതാപിതാക്കള്‍ പോലും സ്വന്തം മക്കളെ മറ്റുള്ളവരുടെ മക്കളുമായി താരതമ്യം ചെയ്തു അവരുടെ കഴിവുകളെ അവഗണിക്കുന്നു. നല്ല ഡിഗ്രി, നല്ല ജോലി, വിവാഹം, നല്ല സമ്പാദ്യം ഇതെല്ലാം അടുത്ത വീട്ടിലെ കുട്ടികള്‍ക്ക് നേടാമെങ്കില്‍ എന്ത് കൊണ്ട് എന്റെ മക്കള്‍ക്ക് സാധിക്കുന്നില്ല? ഈ താരതമ്യം കാരണം സ്വന്തം മക്കളുടെ മനസ്സിനെയും കഴിവിനെയും അവര്‍ക്കു കാണാന്‍ കഴിയുന്നില്ല. സാങ്കേതിക വിദ്യയിലൂടെ ലോകം ചെറുതായെങ്കിലും നമ്മുടെ യുവാക്കള്‍ ഇന്ന് കൂടുതൽ ഏകാന്തരാണ്, കുടുംബങ്ങളില്‍നിന്നും ഒത്തിരി അകലെയാണ്. അവരോടു സംസാരിക്കുവാനോ, പ്രശ്നങ്ങള്‍ പങ്കിടുവാനോ, അവരുടെ കഴിവുകള്‍ കാണാനോ ആരുമില്ല എന്നാണു പലരുടെയും പരാതി.
യുവതീയുവാക്കൾക്ക് ഇടയിൽ വർദ്ധിച്ചുവരുന്ന വിഷാദവും ആത്മഹത്യാപ്രവണതയും കണക്കിലെടുത്തും നിരവധി പഠനങ്ങളുടെയും റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തില്‍ ലോകമെമ്പാടുമുള്ള സർക്കാരുകൾ മാനസികാരോഗ്യം കാര്യമായി തന്നെയാണ് പരിഗണിക്കുന്നത്. യു പി യിലും ആന്ധ്രയിലും ഹാപ്പിനെസ്സ് മിനിസ്ട്രിയുണ്ട്. യുകെ, യു എ ഇ എന്നിങ്ങനെ പല രാജ്യങ്ങളും ഈ പ്രശ്നപരിഹാരത്തിനായി പ്രത്യേകം മന്ത്രിമാരെയും വകുപ്പുകളെയും ഭരണതലത്തിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോകമെമ്പാടും വിഷാദരോഗത്തില്‍ അകപ്പെട്ടവര്‍ക്ക് സഹായം നൽകുന്നതിനായി പൊതു-സ്വകാര്യ ശ്രമങ്ങൾ നടന്നുവരുന്നു. എന്നാൽ, അതിനേക്കാൾ ഒക്കെ ഉപരിയായി നമ്മുടെ ഇടയിലുള്ള ഈ യുവ മനസ്സുകളെ ശ്രദ്ധിക്കേണ്ടതും സഹായിക്കേണ്ടതും നമ്മളോരുത്തരും തന്നെയാണ്. ഇപ്പോൾ നേരിടുന്നത് ഒരു പ്രശ്നമല്ലെന്ന് അവരെ പറഞ്ഞ് മനസ്സിലാക്കണം. സ്വന്തം ജീവിതം അവസാനിപ്പിക്കുവാന്‍ ഉറപ്പിച്ചിരിക്കുന്ന ഒരാള്‍ക്ക് ഈ ഒരു ആശ്വാസവാക്ക് മതിയാകും ആ തീരുമാനം മാറ്റുവാന്‍. അവര്‍ക്കുവേണ്ടി മറ്റൊന്നും ചെയ്യുവാന്‍ നമുക്ക് സാധിച്ചിലെങ്കിലും, കുറഞ്ഞ പക്ഷം അവര്‍ പറയുന്നത് കേള്‍ക്കുക. നമ്മുടെ ഈ ചെറിയ ഇടപെടല്‍ മതിയാകും അവരുടെ നെഞ്ചിൽ നിന്നും ഒരു വലിയ ഭാരം ഇറക്കി വയ്ക്കാന്‍. ഒരു രാത്രി കഴിഞ്ഞാല്‍ ഒരു പകലുണ്ട്, ഒരു ഇറക്കത്തിന് ഒരു കയറ്റവും... എല്ലാറ്റിനുപരിയായ് ദൈവത്തിന്‍റെ അത്ഭുതശക്തി തീര്‍ച്ചയായും നമ്മളെ എല്ലാ പ്രശ്നത്തില്‍നിന്നും കരകയറ്റും. ഇതിനായി നമ്മള്‍ ക്ഷമയോടെ കാത്തിരിക്കണം എന്ന വിശ്വാസം നമ്മൾ അവരില്‍ വളര്‍ത്തണം.
✍ഡോ. ജോയല്‍. ഡി
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.