കോട്ടയം: ജോസ് കെ മാണി വിഭാഗം എൽഡിഎഫിൽ ചേരുന്നതിനെ സംബന്ധിച്ച നിർണായക തീരുമാനം നാളെ ഉണ്ടായേക്കും. കേരള കോൺഗ്രസിൻറെ അമ്പത്തിയേഴാമത് ജന്മദിനമാണ് നാളെ. നാളെ നടക്കുന്ന സ്റ്റിയറിംഗ് കമ്മറ്റി യോഗം ഇടതുമുന്നണി സഹകരണം സംബന്ധിച്ച കാര്യത്തിൽ ധാരണയിലെത്തിയേക്കും. അടുത്തയാഴ്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് നേതാക്കൾ നൽകുന്ന സൂചന. ചിഹ്നവും പേരും സംബന്ധിച്ച് ഹൈക്കോടതി വിധി അനുകൂലമാകുമെന്നാണ് ജോസ് പക്ഷത്തിൻറെ പ്രതീക്ഷ. അതിനു ശേഷം ഔദ്യോഗിക പ്രഖ്യാപനം നടത്താനാണ് സാധ്യത.
അതിനിടയിൽ ജോസ് കെ.മാണിയെ മുന്നണിയിലെടുക്കുന്നതിനെ എതിര്‍ത്ത് സിപിഐ രംഗത്തുവന്നു. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ എൽഡിഎഫിലെടുക്കുന്നതിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചത് സിപിഐ കോട്ടയം ജില്ലാ നേതൃത്വമാണ്. ജോസ് കെ മാണി മുന്നണിയിൽ വരുന്നത് കൊണ്ട് കാര്യമായ ഒരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ലെന്ന് സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ പറഞ്ഞു. ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു പരസ്യപ്രസ്താവനക്ക് ഇടതുപക്ഷം മുതിരുന്നത്.
നാളെ നടക്കുന്ന സ്റ്റിയറിംഗ് കമ്മറ്റി യോഗത്തിൽ യുഡിഎഫ് വിട്ട കാര്യം ജോസ് കെ മാണി ഔദ്യോഗികമായി അറിയിക്കും. എൽഡിഎഫുമായുള്ള സഹകരണം സംബന്ധിച്ച് അംഗങ്ങളുടെ അഭിപ്രായം ആരായും. തുടർന്ന് ചർച്ചകൾക്ക് ശേഷം തീരുമാനം എടുത്തേക്കും. അടുത്ത ആഴ്ച്ച തീരുമാനം പ്രഖ്യാപിക്കും എന്നാണ് ജോസ് കെ മാണി വിഭാഗം അറിയിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.