ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖ മറികടന്ന് പാക് ഡ്രോണ്‍; സ്ഫോടക വസ്തുക്കളും ആയുധങ്ങളും വര്‍ഷിച്ചു: കര്‍ശന പരിശോധന

ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖ മറികടന്ന്  പാക് ഡ്രോണ്‍;  സ്ഫോടക വസ്തുക്കളും ആയുധങ്ങളും വര്‍ഷിച്ചു: കര്‍ശന പരിശോധന

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ നിയന്ത്രണ രേഖ മറികടന്ന് പാകിസ്ഥാന്‍ ഡ്രോണ്‍ പറന്നതിനെ തുടര്‍ന്ന് സുരക്ഷാ സേന വ്യാപക പരിശോധന ആരംഭിച്ചു. പൂഞ്ച് ജില്ലയിലാണ് സംഭവം.

സ്ഫോടക വസ്തുക്കള്‍, ആയുധങ്ങള്‍, മയക്കുമരുന്ന് എന്നിവ അടങ്ങിയ പാക്കറ്റുകള്‍ മേഖലയില്‍ വര്‍ഷിച്ചത് കണ്ടെത്തിയതോടെയാണ് സുരക്ഷാ സേന പരിശോധന ശക്തമാക്കിയിരിക്കുന്നത്.

ഇന്ന് പുലര്‍ച്ചെ പൂഞ്ചിലെ ഖാദി കര്‍മ്മദ പ്രദേശത്തെ ഇന്ത്യന്‍ വ്യോമാതിര്‍ത്തിയിലേക്ക് ഡ്രോണ്‍ അതിക്രമിച്ചു കയറിയെന്നും അഞ്ച് മിനിറ്റിലധികം നിയന്ത്രണ രേഖയ്ക്കുള്ളില്‍ തുടര്‍ന്ന ശേഷം പോയെന്നുമാണ് വിവരം.

ഇതിനിടയില്‍ ഐഇഡി, വെടിക്കോപ്പുകള്‍, മയക്കു മരുന്നുകള്‍ എന്നിവ ഉള്‍പ്പെടുന്ന പായ്ക്കറ്റുകള്‍ വര്‍ഷിച്ചെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നതത്. ഇത് ഗുരുതരമായ സുരക്ഷാ ആശങ്കകള്‍ ഉയര്‍ത്തിയിരിക്കുകയാണ്.

സംഭവം അറിഞ്ഞതോടെ ഇന്ത്യന്‍ സൈന്യവും ജമ്മു കാശ്മീര്‍ പൊലീസും ഖാദി കര്‍മ്മദയിലും സമീപ പ്രദേശങ്ങളിലും ഉപേക്ഷിച്ച വസ്തുക്കള്‍ കണ്ടെത്തി. ഇതിനിടയില്‍ തന്നെ പാകിസ്ഥാന്‍ ഡ്രോണ്‍ വര്‍ഷിച്ച വസ്തുക്കളുടെ ചിത്രങ്ങളും വീഡിയോകളും പുറത്തു വന്നിട്ടുണ്ട്.

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ജമ്മു കാശ്മീരിലുടനീളം സുരക്ഷാ നടപടികള്‍ ശക്തമാക്കിയിരിക്കെയാണ് സംഭവം. ഇതോടെ സുരക്ഷാ സേന, ജമ്മു കാശ്മീരിലെ മറ്റ് ജില്ലകളിലും അതിര്‍ത്തി പ്രദേശങ്ങളും വനപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

പ്രത്യേക ഇന്റലിജന്‍സ് നല്‍കിയ വിവരങ്ങളെ തുടര്‍ന്നാണ് സുരക്ഷാ സേന കര്‍ശന പരിശോധന ആരംഭിച്ചത്. ദോഡ-കിഷ്ത്വാര്‍ വനമേഖലയില്‍ രണ്ട് തീവ്രവാദ ഗ്രൂപ്പുകളുടെ സാന്നിധ്യം സംബന്ധിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കെശ്വാന്‍-ചത്രൂ താഴ്വരയില്‍ സുരക്ഷാ സേന വളഞ്ഞ് തെരച്ചില്‍ നടത്തിയിരുന്നു.

ഭീകരരെ കണ്ടെത്തുന്നതിനായും പ്രദേശം നിരീക്ഷിക്കുന്നതിനായും സൈന്യം ഡ്രോണുകളും മറ്റ് ആകാശ നിരീക്ഷണ ഉപകരണങ്ങളും വിന്യസിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.