ന്യൂഡല്‍ഹി: ജോലി സമയം ആഴ്ചയില്‍ 48 മണിക്കൂര്‍ എന്ന് നിജപ്പെടുത്താനും സ്ത്രീകള്‍ക്ക് രാത്രി ഷിഫ്റ്റില്‍ (രാത്രി ഏഴിനും പുലര്‍ച്ചെ ആറിനും ഇടയില്‍) ജോലി അനുവദിക്കാനും നിര്‍ദേശം. പാര്‍ലമെന്റ് അഞ്ച് വര്‍ഷം മുമ്പ് പാസാക്കിയ നാല് തൊഴില്‍ നിയമങ്ങള്‍ കഴിഞ്ഞ നവംബര്‍ 21 ന് സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള കരട് നിയമങ്ങള്‍ പൊതുജനങ്ങളുടെ അഭിപ്രായത്തിനായി പ്രസിദ്ധീകരിച്ചതിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്.
രാത്രി ഷിഫ്റ്റില്‍ ജോലിയെടുക്കാന്‍ താല്‍പര്യമുള്ള സ്ത്രീകളില്‍ നിന്ന് സമ്മതപത്രം തൊഴിലുടമകള്‍ രേഖാമൂലം വാങ്ങിയിരിക്കണം. ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ലേബര്‍ കോഡുകള്‍ പ്രാബല്യത്തില്‍ വരുത്തുന്നതിനുള്ള നീക്കമാണ് നടക്കുന്നത്. ആഴ്ചയില്‍ 48 മണിക്കൂറില്‍ കൂടുതല്‍ തൊഴിലാളിയെ ജോലി ചെയ്യിക്കരുതെന്നാണ് കരട് ചട്ടത്തില്‍ പറയുന്നത്. ജോലി സമയം, ജോലിക്കിടയിലുള്ള വിശ്രമ വേള, സമയ ക്രമീകരണം എന്നിവയെല്ലാം കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കുന്നതിന് അനുസരിച്ച് ക്രമപ്പെടുത്തണം.
16 വയസിന് മുകളിലുള്ള അസംഘടിത തൊഴിലാളികള്‍ക്ക് ആധാര്‍ ബന്ധിത രജിസ്ട്രേഷനും നിര്‍ബന്ധിതമാക്കി. രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്ന കരാറുകാര്‍ക്ക് ഒറ്റ ലൈസന്‍സ് അനുവദിക്കുന്നതിനായി ഇലക്ട്രോണിക് അപേക്ഷ സമര്‍പ്പിക്കാം. കൂടാതെ കരാര്‍ തൊഴിലാളികള്‍ക്ക് ഇനി മുതല്‍ ഒരു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയാല്‍ ഗ്രാറ്റുവിറ്റിക്ക് അര്‍ഹതയുണ്ടാകും. നേരത്തെ ഇത് സ്ഥിരം തൊഴിലാളികള്‍ക്ക് അഞ്ച് വര്‍ഷത്തിന് ശേഷം മാത്രമായിരുന്നു.
ഒരു സാധാരണ നാലംഗ കുടുംബത്തിന്റെ ആവശ്യങ്ങള്‍ പരിഗണിച്ചായിരിക്കും മിനിമം വേതനം നിശ്ചയിക്കുക. ഒരാള്‍ക്ക് പ്രതിദിനം 2700 കലോറി ഭക്ഷണം, വീട്ടുവാടക, ഇന്ധനം, കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സാ ചെലവുകള്‍ എന്നിവ ഇതിനായി കണക്കിലെടുക്കും. ശമ്പളത്തിന്റെ 50 ശതമാനത്തിലധികം അലവന്‍സുകള്‍ ആണെങ്കില്‍ ആ അധിക തുക കൂടി അടിസ്ഥാന ശമ്പളത്തിന്റെ ഭാഗമായി കണക്കാക്കും. എന്നാല്‍ ബോണസ്, ഇ.എസ്.ഒ.പി യാത്രാപ്പടി തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടില്ല.
പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാന്‍ 30 മുതല്‍ 45 ദിവസം വരെ സമയം അനുവദിച്ചിട്ടുണ്ട്. അന്തിമ നിയമങ്ങള്‍ മാര്‍ച്ചില്‍ വിജ്ഞാപനം ചെയ്‌തേക്കും. അങ്ങനെയെങ്കില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കമായ ഏപ്രില്‍ ഒന്ന് മുതല്‍ ഈ നിയമങ്ങള്‍ രാജ്യത്തുടനീളം പ്രാബല്യത്തില്‍ വരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.