ന്യൂയോര്‍ക്ക്: നാസയുടെ ഏറ്റവും വലിയ ലൈബ്രറിയും പ്രധാന ഗവേഷണ കേന്ദ്രവുമായ ഗോദാര്‍ഡ് സ്പേസ് ഫ്ളൈറ്റ് സെന്റര്‍ അടച്ചുപൂട്ടുന്നു. ജനുവരി രണ്ട് വെള്ളിയാഴ്ച മുതല്‍ സെന്റര്‍ അടച്ചിടും. ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ പുനസംഘടനാ നടപടികളുടെ ഭാഗമായാണ് നടപടി. 1.270 ഏക്കര്‍ വരുന്ന കാമ്പസിലെ 13 കെട്ടിടങ്ങളും 100 ല്‍ അധികം ശാസ്ത്ര-എഞ്ചിനീയറിങ് ലബോറട്ടറികളും 2026 മാര്‍ച്ചോടെ അടച്ച് പൂട്ടും.
അമേരിക്കന്‍ റോക്കറ്റ് പയനിയര്‍ റോബര്‍ട്ട് എച്ച്. ഗോദാര്‍ഡിന്റെ പേരിലുള്ള ഈ കേന്ദ്രം 1959 ലാണ് സ്ഥാപിക്കപ്പെട്ടത്. വെള്ളിയാഴ്ച ലൈബ്രറി അടച്ച് കഴിഞ്ഞാല്‍ ഗവേഷണ ആവശ്യങ്ങള്‍ക്കായി ഡിജിറ്റല്‍ ലൈബ്രറി സംവിധാനം ഉപയോഗിക്കാം. അല്ലെങ്കില്‍ ഫെഡറല്‍ ഏജന്‍സി ലൈബ്രറികളില്‍ നിന്ന് പുസ്തകങ്ങള്‍ എടുക്കാന്‍ ഇന്റര്‍-ലൈബ്രറി ലോണ്‍ സൗകര്യം പ്രയോജനപ്പെടുത്താം.
ഹബിള്‍ സ്പേസ് ടെലിസ്‌കോപ്പ്, ജെയിംസ് വെബ് സ്പേസ് ടെലിസ്‌കോപ്പ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന ദൗത്യങ്ങളുടെ വികസനത്തിന് നിര്‍ണായക പിന്തുണ നല്‍കിയ കേന്ദ്രമാണ് ഗോദാര്‍ഡ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കൊളാബറേഷന്‍ സെന്റര്‍. രണ്ട് മാസത്തിനുള്ളില്‍ ലൈബ്രറിയില്‍ സൂക്ഷിച്ചിരുന്ന വസ്തുക്കളുടെ ശേഖരം അധികൃതര്‍ വിലയിരുത്തും.
അതേസമയം സര്‍ക്കാര്‍ നീക്കത്തിനെതിരെ മേരിലാന്‍ഡിലെ ഡെമോക്രാറ്റിക് സെനറ്റര്‍ ക്രിസ് വാന്‍ ഹോളന്‍ അടക്കമുള്ളവര്‍ രംഗത്തെത്തി. ട്രംപ് ഭരണകൂടത്തിന്റെ ധിക്കാരം നിറഞ്ഞ പ്രവര്‍ത്തിക്കെതിരെ ശബ്ദമുയര്‍ത്തുമെന്ന് അദേഹം പറഞ്ഞു. ട്രംപ് ഭരണകൂടം കഴിഞ്ഞ ഒരു വര്‍ഷമായി നാസ ഗോദാര്‍ഡിനെ ലക്ഷ്യവെക്കുകയും അവിടുത്തെ ജീവനക്കാരെ ദ്രോഹിക്കുകയും ബഹിരാകാശ പര്യവേക്ഷണ ശ്രമങ്ങളെ ഭീഷണിപ്പെടുത്തുകയുമാണെന്ന് അദേഹം ആരോപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.