തൃശൂര്‍: വടക്കാഞ്ചേരിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കൂറുമാറി എല്‍ഡിഎഫിന് വോട്ട് ചെയ്ത ലീഗ് സ്വതന്ത്രന് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്ന് വെളിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം പുറത്ത്.
വടക്കാഞ്ചേരി ബ്ലോക്ക് തളി ഡിവിഷനില്‍ നിന്ന് ലീഗ് സ്വതന്ത്രനായി വിജയിച്ച ഇ.യു ജാഫറും കോണ്‍ഗ്രസ് വരവൂര്‍ മണ്ഡലം പ്രസിഡന്റ് എ.എ മുസ്തഫയുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തായത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തലേന്ന് നടന്ന സംഭാഷണത്തില്‍ തനിക്ക് പണം ഓഫര്‍ ചെയ്തിട്ടുണ്ടെന്ന് ജാഫര്‍ മുസ്തഫയോട് വെളിപ്പെടുത്തുന്നത് എന്ന പേരിലാണ് ശബ്ദരേഖ പ്രചരിക്കുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജപ്പെട്ട യുഡിഎഫിലെ പി.ഐ ഷാനവാസാണ് ഫോണ്‍ സംഭാഷണം പുറത്ത് വിട്ടത്.
'ഒന്നുകില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആവാം, അല്ലെങ്കില്‍ 50 ലക്ഷം രൂപ വാങ്ങി ലൈഫ് സെറ്റില്‍ ചെയ്യാനാണ് എന്റെ തീരുമാനം..'- ജാഫര്‍ പറയുന്നു.
ഇന്ന് രാവിലെയാണ് ഫോണ്‍ സംഭാഷണം പുറത്ത് വന്നത്. ഇത് ജാഫര്‍ താനുമായി സംസാരിച്ചത് തന്നെയെന്ന് മുസ്തഫയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഫോണിലൂടെ തമാശ രൂപേണ പറഞ്ഞ കാര്യങ്ങളാണ് അതെന്നാണ് ജാഫറിന്റെ വിശദീകരണം.
അതേസമയം ജാഫര്‍ ചതിയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് വരവൂര്‍ മണ്ഡലം പ്രസിഡന്റ് മുസ്തഫ പറഞ്ഞു. ധൈര്യമുണ്ടെങ്കില്‍ സിപിഎം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ച് തിരഞ്ഞെടുപ്പിനെ നേരിടണമെന്നും മുസ്തഫ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ജാഫറിനെതിരെ നടപടിയുണ്ടാകും. ജാഫര്‍ ഈ പണം സ്വീകരിക്കുമെന്ന് ഉറപ്പാണെന്നും മുസ്തഫ പറയുന്നു.
എല്‍ഡിഎഫിനും യുഡിഎഫിനും ഏഴ് വീതം അംഗങ്ങള്‍ ഉണ്ടായിരുന്ന ബ്ലോക്ക് പഞ്ചായത്തില്‍ ജാഫര്‍ കൂറുമാറി വോട്ട് ചെയ്തതിനെ തുടര്‍ന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചിരുന്നു. അതേസമയം വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ജാഫര്‍ എത്തിയതുമില്ല. ഇതോടെ വൈസ് പ്രസിഡന്റ് സ്ഥാനവും എല്‍ഡിഎഫ് നേടി. അടുത്ത ദിവസം ജാഫര്‍ അംഗത്വം രാജിവച്ചുള്ള കത്തും നല്‍കി.
യുഡിഎഫിനൊപ്പം നിന്നാല്‍ രണ്ട് സ്ഥാനാര്‍ഥികള്‍ക്കും തുല്യ വോട്ട് ലഭിച്ച് നറുക്കെടുപ്പിലൂടെ ഒരാള്‍ പ്രസിഡന്റാകുമെന്നും അതുകൊണ്ട് തനിക്കെന്ത് നേട്ടമെന്നും ജാഫര്‍ ചോദിക്കുന്നുണ്ട്. പണം ലഭിച്ചാല്‍ രാജിവച്ച് രാഷ്ട്രീയം അവസാനിപ്പിക്കാമെന്നും പറയുന്നുണ്ട്. 31 വോട്ടിനാണ് ജാഫര്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്.
സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവും അടാട്ട് പഞ്ചായത്ത് പ്രസിഡന്റുമായ അനില്‍ അക്കര വിജിലന്‍സിന് നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.