വാഷിങ്ടണ്‍: രൂക്ഷമായ വിലക്കയറ്റത്തിനും ഭരണാധികാരികളുടെ സ്വേച്ഛാധിപത്യത്തിനുമെതിരെ ഇറാനില്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുന്ന ജനങ്ങള്‍ക്ക് നേരെ ഭരണകൂടത്തിന്റെ അക്രമമോ, വെടിവെപ്പോ ഉണ്ടായാല്‍ അമേരിക്ക ഇടപെടുമെന്ന മുന്നറിയിപ്പുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
'സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്കു നേരേ ഭരണകൂടം അക്രമം അഴിച്ചുവിട്ടാല്‍ അമേരിക്ക അവരുടെ രക്ഷയ്ക്കെത്തും. 'ഞങ്ങള്‍ തയ്യാറായിക്കഴിഞ്ഞു, പോകാന്‍ സജ്ജരാണ്' - ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റിലൂടെ വ്യക്തമാക്കി.
ഞായറാഴ്ച മുതല്‍ സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കുറഞ്ഞത് ഏഴ് പേരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തലസ്ഥാനമായ ടെഹ്‌റാനില്‍ ഞായറാഴ്ച വ്യാപാരികള്‍ തെരുവിലിറങ്ങിയതോടെയാണ് പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. പിന്നീട് സര്‍വകലാശാല ക്യാമ്പസുകളിലേക്കും ഇത് പടരുകയായിരുന്നു.
കറന്‍സിയിലെ കുത്തനെ ഇടിവ്, സാമ്പത്തിക സ്തംഭനം, ഉയര്‍ന്ന പണപ്പെരുപ്പം, സ്വേച്ഛാധിപത്യ ഭരണരീതി എന്നിവയെ തുടര്‍ന്നായിരുന്നു പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങിയത്. പടിഞ്ഞാറന്‍ ഇറാനിലെ ലോര്‍ദ്ഗന്‍, മധ്യ പ്രവിശ്യയിലെ ഇസ്ഫഗാന്‍ എന്നീ നഗരങ്ങളില്‍ സുരക്ഷാ സേനയും സമരക്കാരും തമ്മിലുണ്ടായ സംഘര്‍ഷങ്ങളില്‍ ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പ്രതിഷേധങ്ങള്‍ക്കിടെ വാണിജ്യ സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയതോടെ വിവിധ പ്രവിശ്യകളിലേക്ക് പ്രതിഷേധം വ്യാപിച്ചു. ഇവര്‍ പൊലീസുമായി ഏറ്റുമുട്ടുകയും ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിയുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു.
പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം മൂലം ഇറാന്റെ സമ്പദ് വ്യവസ്ഥ വര്‍ഷങ്ങളായി കടുത്ത പ്രതിസന്ധിയിലാണ്. ഇറാന്റെ ആണവ പദ്ധതി അന്താരാഷ്ട്ര തലത്തില്‍ കടുത്ത ആശങ്കയ്ക്ക് കാരണമായതാണ് ഉപരോധത്തിലേക്ക് നയിച്ചത്. ജൂണില്‍ ഇസ്രയേലുമായി നടന്ന 12 ദിവസത്തെ സംഘര്‍ഷവും സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.