ടെൽ അവീവ്: "ആ മുറിപ്പാടുകളുമായി ഞാൻ ഇനിയുള്ള കാലം ജീവിക്കും. നിങ്ങൾക്ക് എന്നെ സുഖപ്പെടുത്താൻ കഴിയില്ല. കാരണം അവർ എന്റെ ശരീരത്തിലും മനസിനും നൽകിയത് ഒരിക്കലും ഉണങ്ങാത്ത മുറിവുകളാണ്." ഹമാസ് ഭീകരരുടെ തടങ്കലിൽ നിന്ന് 471 ദിവസങ്ങൾക്ക് ശേഷം മോചിതയായ റോമി ഗോണൻ എന്ന 24 കാരിയുടെ വാക്കുകളിൽ ഒരു കനൽ എരിയുന്നുണ്ട്. മരണത്തിന്റെ നിഴൽ വീണ ഗാസയിലെ തുരങ്കങ്ങളിൽ താൻ അനുഭവിച്ച കൊടും ക്രൂരതകളെക്കുറിച്ച് വിതുമ്പലോടെയാണ് അവൾ ആദ്യമായി ലോകത്തോട് തുറന്ന് സംസാരിച്ചത്.
2023 ഒക്ടോബർ ഏഴിന് നോവ സംഗീത നിശയ്ക്കിടെയാണ് റോമിയെ ഭീകരർ തട്ടിക്കൊണ്ടുപോകുന്നത്. ഗാസയിലെ തണുത്തുറഞ്ഞ തുരങ്കത്തിലേക്ക് ഒറ്റയ്ക്ക് തള്ളപ്പെട്ട നിമിഷങ്ങൾ അവൾ ഇന്നും ഭീതിയോടെ ഓർക്കുന്നു. "24 മണിക്കൂർ കടുത്ത നിശബ്ദതയിൽ ഞാൻ അവിടെ കഴിഞ്ഞു. 'നീ ശക്തയാണ്' എന്ന് ഞാൻ എന്നോട് തന്നെ ആവർത്തിച്ചു പറഞ്ഞു. പക്ഷേ ഉള്ളിലെ പേടി മാറ്റാൻ എനിക്ക് കഴിഞ്ഞില്ല," റോമി വെളിപ്പെടുത്തി.
തന്റെ അനുവാദത്തിന് കാത്തുനിൽക്കാതെ അവർ തന്നെ ആവർത്തിച്ച് കീഴ്പ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് തടവറയിലേക്ക് എത്തിക്കപ്പെട്ട മറ്റ് പെൺകുട്ടികളാണ് അവൾക്ക് താങ്ങായത്. മാസങ്ങൾക്ക് ശേഷം സ്നേഹമുള്ള ഒരു മനുഷ്യജീവിയെ അടുത്തു കിട്ടിയപ്പോൾ അവരെ ചേർത്തുപിടിച്ച് കരഞ്ഞത് വലിയൊരു ആശ്വാസമായിരുന്നുവെന്ന് റോമി ഓർക്കുന്നു. തുരങ്കത്തിലേക്ക് കൊണ്ടുവരപ്പെട്ട കൊച്ചു കുട്ടികളുടെ അവസ്ഥ തന്നെ തകർത്തു കളഞ്ഞുവെന്നും അവൾ പറഞ്ഞു.
ബന്ദികളെ കൈമാറുന്നതിന് മുൻപ് ഹമാസിന്റെ മുതിർന്ന കമാൻഡർ ഇസാദിൻ അൽ ഹദ്ദാദ് റോമിയെ ഫോണിൽ വിളിച്ച് ഒരു നിബന്ധന വെച്ചു. തടങ്കലിൽ നേരിട്ട പീഡനങ്ങൾ പുറത്തു പറയരുത് എന്നതായിരുന്നു അത്. വാഗ്ദാനം പാലിച്ചാൽ മോചിതരാകുന്നവരുടെ പട്ടികയിൽ ഒന്നാമത് നിന്റെ പേര് ചേർക്കാമെന്ന് അയാൾ പറഞ്ഞു. മറ്റുള്ളവരുടെ മോചനം തടസപ്പെടാതിരിക്കാൻ അന്ന് അത് അംഗീകരിക്കേണ്ടി വന്നുവെന്ന് റോമി വ്യക്തമാക്കുന്നു.
471 ദിവസത്തെ നരകയാതനയ്ക്ക് ശേഷം പുറത്തെത്തിയ റോമി ഇപ്പോൾ കൂടുതൽ കരുത്തയാണ്. "അവർക്ക് കൊടുത്ത വാക്കു പ്രകാരം അന്ന് എനിക്ക് സത്യങ്ങൾ പറയാൻ കഴിയുമായിരുന്നില്ല. എന്നാൽ ഇപ്പോൾ എല്ലാവരും മോചിതരായിരിക്കുന്നു. ഇനി എന്നെ ആർക്കും നിശബ്ദയാക്കാനാവില്ല. ഞാൻ എന്റെ കഥ ലോകത്തോട് പറയും."- റോമി പറഞ്ഞു.
ജീവിതകാലം മുഴുവൻ വേട്ടയാടുന്ന ഓർമ്മകൾ ബാക്കിയാണെങ്കിലും അതിജീവനത്തിന്റെ അഗ്നിചിറകുകൾ തുന്നിച്ചേർത്ത് പ്രകാശത്തിലേക്ക് നടക്കുകയാണ് ഈ ധീരയായ പെൺകുട്ടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.